സമരം പിന്‍വലിച്ചിട്ടും പുതുക്കിയ വിമാന ഷെഡ്യൂള്‍ വന്നില്ല

റിയാദ്: എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ ഒരു വിഭാഗം നടത്തിയിരുന്ന സമരം പിന്‍വലിച്ചിട്ട് അഞ്ച് ദിവസം പിന്നിട്ടെങ്കിലും വിമാന ഷെഡ്യൂള്‍ പുനഃസ്ഥാപിക്കാനായില്ല. സമരം ഒൗദ്യോഗികമായി പിന്‍വലിച്ചെങ്കിലും രണ്ട് മാസം പിന്നിട്ട യാത്രാപ്രതസിന്ധി തുടരുക തന്നെയാണ്. സര്‍ക്കാറിന്‍െറ പിടിപ്പുകേടും പ്രവാസികളോടുള്ള അനങ്ങാപ്പാറ നയവുമാണിതിന് കാരണം. ഞായറാഴ്ച വരെ കേന്ദ്ര ആസ്ഥാനത്തുനിന്നു പുതിയ ഷെഡ്യൂളോ വിവരങ്ങളൊ ലഭ്യമായിട്ടില്ളെന്ന് റിയാദിലെ എയര്‍ ഇന്ത്യ അധികൃതര്‍ പറയുന്നു. ഇനി എപ്പോള്‍ സര്‍വീസ് പുനരാരംഭിക്കാനാകുമെന്നതിനും കൃത്യമായ ഉത്തരം പറയാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. നിലവില്‍ കൊച്ചിയിലേക്ക് മാത്രമാണ് ആഴ്ചയില്‍ രണ്ട് സര്‍വീസുള്ളത്. കരിപ്പൂര്‍ സെക്ടറില്‍ സര്‍വീസ് പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലബാര്‍യാത്രക്കാര്‍.
പൈലറ്റുമാരും സര്‍ക്കാറും തമ്മിലുണ്ടായ സമരം കാരണം ലക്ഷക്കണക്കിന് പ്രവാസികളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ദുരിതത്തിലായത്. സ്വകാര്യ കമ്പനികള്‍ ഇക്കാലയളവില്‍ കോടിക്കണക്കിന് അധിക വരുമാനം നേടിയെടുത്തു. സമരക്കാര്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ നിസ്സഹായരായതോടെ ദല്‍ഹി കോടതി നടത്തിയ ശക്തമായ ഇടപെടലാണ് സമരം അവസാനിപ്പിക്കുന്നതിലേക്ക് എത്തിയത്. ഇതിനു ശേഷമെങ്കിലും സര്‍വീസ് വേഗത്തില്‍ പുനരാരംഭിച്ച് യാത്രാദുരിതം കുറക്കാന്‍ നടപടി സ്വീകരിക്കുന്നതിന് പകരം പരമാവധി നീട്ടിക്കൊണ്ടുപോവുകയാണ് സര്‍ക്കാര്‍. രണ്ട് മാസമായി മുടങ്ങിക്കിടക്കുന്ന സര്‍വീസുകള്‍ പോലും ഇതുവരെ പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന എയര്‍ ഇന്ത്യ മാനേജ്മെന്‍റിന്‍െറ ഉറപ്പില്‍നിന്നു അധികൃതര്‍ പിറകോട്ടുപോയതായും പൈലറ്റമാരുടെ സംഘടന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിമാന ഷെഡ്യൂളുകള്‍ എളുപ്പത്തില്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനെ കുറിച്ച ആശങ്കകള്‍ വീണ്ടും ഉയരുകയാണ്.
ഗള്‍ഫില്‍ ഏറ്റവും വലിയ പ്രവാസി കൂട്ടമായ മലയാളികളാണ് യാത്രാ ദുരിതത്തിന്‍െറ ഇരകളിലധികവും. മുബൈ, ദല്‍ഹി സര്‍വീസുകള്‍ ഏറക്കുറെ മുടക്കമില്ലാതെ നടക്കുമ്പോള്‍ കൂടുതല്‍ യാത്രക്കാരുള്ള കരിപ്പൂര്‍, തിരുവനന്തപുരം സര്‍വീസുകള്‍ പുര്‍ണമായും നിലച്ചുകിടക്കുകയാണ്. പ്രവാസികാര്യ മന്ത്രി വയലാര്‍ രവി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, പ്രതിരോധമന്ത്രിയും ഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവുമായ എ.കെ ആന്‍റണി എന്നിവരൊക്കെ മലയാളികളുടെ സ്വന്തക്കാരായിട്ടും പ്രവാസികളെ ആരും തിരിഞ്ഞുനോക്കിയതുപോലുമില്ല. ഇനിയും തുടരുന്ന ഈ അവഗണനക്ക് രാഷ്ട്രീയ നേതൃത്വവും ഭരണകക്ഷിയും വലിയ വില നല്‍കേണ്ടിവരുമെന്നാണ് സാധാരണക്കാരുടെ മുന്നറിയിപ്പ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus