12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ഇന്ത്യ ചുരുങ്ങുന്നു?

ഇന്ത്യ ചുരുങ്ങുന്നു?

ഇന്ത്യന്‍ മുസ്ലിംകള്‍ നേരിടുന്ന പിന്നാക്കാവസ്ഥയുടെ വസ്തു സ്ഥിതിവിവരങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് ജസ്റ്റിസ് രജിന്ദര്‍ സച്ചാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഉന്നതതല സമിതി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചത് 2006 നവംബര്‍ 17നാണ്. മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സ്ഥിതി വിശകലനം ചെയ്ത റിപ്പോര്‍ട്ട് 2006 നവംബര്‍ 30ന് പാര്‍ലമെന്റില്‍ വെച്ചു. കമ്മിറ്റി മുന്നോട്ടുവെച്ച ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും പ്രബല ന്യൂനപക്ഷത്തിന്റെ ദുരവസ്ഥക്ക് പരിഹാരം കണ്ടെത്തുന്നതിനാവശ്യമായ ചില നടപടികള്‍ വിവിധ മന്ത്രാലയങ്ങള്‍ക്കു കീഴിലായി കേന്ദ്രഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്നു. ന്യൂനപക്ഷമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ അതിന്റെ നിര്‍വഹണവും അവലോകനവും നടന്നുവരുന്നുമുണ്ട്. ഇതെല്ലാം നിലനില്‍ക്കുമ്പോഴും ഇന്ത്യന്‍ സമൂഹമനഃസാക്ഷിയെ ബാധിച്ച ഗുരുതര രോഗത്തിന് ഒരല്‍പം ശമനവും ഉണ്ടായിട്ടില്ലെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. 'ദ ഹിന്ദു' ദിനപത്രം ഞായറാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് അതിന്റെ ഒടുവിലെ തെളിവാണ്.
പൊതു ഇടങ്ങളില്‍ 'മുസ്ലിം' ആണെന്ന് തിരിച്ചറിയപ്പെടുന്ന ഇന്ത്യന്‍ പൗരന്‍ സംശയത്തിനും തദ്വാരാ വിവേചനത്തിനും അവമതിക്കും ഇരയായിത്തീരുന്നു എന്നാണ് രാജ്യവ്യാപകമായി നടത്തിയ തെളിവെടുപ്പുകളില്‍നിന്നു സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയത്. ഇത് വീടു വാങ്ങുന്നതിന്, വാടകക്കെടുക്കുന്നതിന്, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന്, മികച്ച വിദ്യാലയങ്ങളില്‍ പ്രവേശം ലഭിക്കുന്നതിന് മുസ്ലിംകള്‍ക്ക് തടസ്സമായിത്തീരുന്നു. മുസ്ലിംകളെ തങ്ങളുടെ പ്രദേശങ്ങളില്‍ കുടിയിരുത്താതിരിക്കാനുള്ള ബോധപൂര്‍വമായ യോജിച്ച തീരുമാനംതന്നെ നഗരങ്ങളിലെ കെട്ടിട/ഭൂ ഉടമകള്‍ക്കും ദല്ലാളുമാര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നതായി സമിതി കണ്ടെത്തി. ഇത്തരം വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള ശക്തമായ നിയമസംവിധാനത്തിന് സച്ചാര്‍ ശിപാര്‍ശ ചെയ്തതുമാണ്. എന്നാല്‍, അന്തസ്സും ആത്മാഭിമാനവും സംരക്ഷിച്ചും സാമൂഹികസുരക്ഷ ഉറപ്പുവരുത്തിയുമുള്ള ജീവിതം എന്ന മൗലികമായ പൗരാവകാശം മുസ്ലിംകള്‍ക്ക് ഇനിയും ഉറപ്പുവരുത്താനായിട്ടില്ല. ഇന്ത്യയുടെ വന്‍നഗരങ്ങളില്‍ നഗ്നമായ ഹൗസിങ് അപാര്‍ത്തീഡ് അഥവാ കുടിപാര്‍പ്പു വിവേചനം നിലനിന്നു വരുന്നതായാണ് കഴിഞ്ഞദിവസം 'ദ ഹിന്ദു' പുറത്തുവിട്ട അന്വേഷണറിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. ദല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ നഗരങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം ഇന്ത്യയുടെ പൊതുബോധം എത്രമേല്‍ വര്‍ഗീയവത്കരിക്കപ്പെട്ടു കഴിഞ്ഞുവെന്നതിന്റെ ഞെട്ടിക്കുന്ന വിവരണം കൂടിയാണ്. അഭ്യസ്തവിദ്യരും ഉയര്‍ന്ന പ്രഫഷനലുകളും ഉന്നത കുലജാതരുമായ നഗരവാസികള്‍ക്കിടയില്‍ മതവും ജാതിയും തിരിച്ചുള്ള കോളനിവത്കരണവും അപരവിദ്വേഷവും വേരോടിയിരിക്കുന്നുവെന്നാണ് മുസ്ലിംകള്‍ക്കു വേണ്ടി താമസസ്ഥലം അന്വേഷിച്ച റിപ്പോര്‍ട്ടര്‍ കണ്ടെത്തിയത്.
ദല്‍ഹിയില്‍ ഉപഭോക്താവ് മുസ്ലിം പേര് ഉച്ചരിക്കുന്നതോടെ കെട്ടിട ഉടമകള്‍ പിന്തിരിയുന്നു. തലസ്ഥാനനഗരിയിലെ എണ്ണംപറഞ്ഞ താമസസ്ഥലങ്ങളൊന്നും മുസ്ലിമിനെ ഉള്‍ക്കൊള്ളാന്‍ വിശാലമല്ല. അവര്‍ക്ക് അവരുടെ 'അപരിഷ്കൃത'ചേരികളാവാം എന്നാണ് 'പരിഷ്കൃത'ദല്‍ഹിക്കാരുടെ നിലപാട്. പ്രശസ്തമായ ന്യൂഫ്രണ്ട്സ് കോളനിയില്‍ വീടു തിരക്കിയ ആളോട് ഏജന്റ് പറഞ്ഞ മറുപടി, 'ഇന്ത്യക്കാര്‍ക്കു മാത്രമേ അവിടെ ഇടം കൊടുക്കൂ, മുസ്ലിംകള്‍ക്ക് നല്‍കില്ല' എന്നായിരുന്നു!
പേരിലെന്തിരിക്കുന്നു എന്ന ചോദ്യത്തിന് പേരിലാണ് എല്ലാം എന്നാണ് കോസ്മോപോളിറ്റന്‍ നഗരമായ മുംബൈയുടെ മറുപടി. മുമ്പ് ശബാന ആസ്മി തന്റെ ഗതികേട് തുറന്നുപറഞ്ഞപ്പോള്‍ പലരും പുരികംചുളിച്ചു. എന്നാല്‍, റേഡിയോ ജോക്കി യൂനുസ് ഖാന്‍ ഭാര്യ ഹിന്ദുവായിട്ടും രക്ഷ കിട്ടിയില്ലെന്നു ഇപ്പോഴും പറയുന്നു. ജുഹു, കൊളാബ, ബാന്ദ്ര എന്നിവിടങ്ങളിലെല്ലാം 95 ശതമാനവും മുസ്ലിംകളെ വേണ്ട എന്നു ഉപാധി വെക്കുന്നു. 1992-93ലെ വര്‍ഗീയകലാപത്തിന് ആക്കംകൂട്ടിയത് മഹാനഗരത്തിലെ മുസ്ലിം-അമുസ്ലിം ഗെറ്റോവത്കരണമാണെന്ന് അന്ന് സകലരും ചൂണ്ടിക്കാട്ടിയിരുന്നു. ദശകം രണ്ടു കഴിയുമ്പോഴും ഈ വിടവ് വര്‍ധിച്ചേ വരുകയാണെന്നാണ് മുംബൈ അനുഭവം. ഈ വിവേചനം ചൂണ്ടിക്കാട്ടി സംസ്ഥാന ന്യൂനപക്ഷ കമീഷന് പരാതിനല്‍കിയ ഹിന്ദി ഫിലിംമേക്കര്‍ ഇംറാന്‍ ഹാശിമിക്ക് പ്രയോജനമൊന്നുമുണ്ടായില്ല. പരാതിക്കാരോട് 'മുസ്ലിംപ്രദേശം' ചൂണ്ടിക്കാണിച്ചു കൊടുക്കാനേ അന്നത്തെ ചെയര്‍മാന് കഴിഞ്ഞുള്ളൂ. മുസ്ലിംകള്‍ സ്വന്തം ചരിത്രപാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്ന ഹൈദരാബാദിലും പഴയ നഗരത്തിന്റെ പരിധിക്കു പുറത്തു അവര്‍ക്ക് കൂടുകെട്ടാനാവില്ല. ബംഗളൂരുവില്‍ മുസ്ലിമും ദലിതനും ഔട്ടാണ്. ആഗോളതലത്തില്‍ മുസ്ലിംകള്‍ക്കെതിരായ ഭീകരതാ ചിത്രീകരണം കത്തിനില്‍ക്കുന്ന ഘട്ടത്തില്‍ ലണ്ടനിലെത്തിയ തനിക്ക് ദല്‍ഹിയില്‍ ലാവണം തേടിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്ന് 'ഹിന്ദു' ലേഖകന്‍ ഹസന്‍ സുറൂര്‍ വ്യക്തമാക്കുന്നു.
സാമ്പത്തികവളര്‍ച്ച നിരക്കിന്റെയും പുരോഗതിയുടെയും പേരില്‍ ഊറ്റംകൊള്ളുന്ന നാട് മാനസികവളര്‍ച്ചയില്‍ പിന്തള്ളപ്പെട്ടു കൊണ്ടേയിരിക്കുന്നു എന്നാണ് 'ഹിന്ദു' റിപ്പോര്‍ട്ട് പറയുന്നത്. സാമൂഹികവിവേചനം എന്ന ഗുരുതരമായ പ്രശ്നത്തെ രാജ്യം ഇനിയും അഭിമുഖീകരിച്ചു കഴിഞ്ഞിട്ടില്ല. സച്ചാര്‍സമിതി ചൂണ്ടിക്കാണിച്ച അപരവത്കരണത്തിന്റെ അരക്ഷിതാവസ്ഥയില്‍ നിന്നു രക്ഷപ്പെടുത്താന്‍ ഒരു ശ്രമവും നടന്നില്ലെന്നു മാത്രമല്ല, വഴിവിട്ട അന്വേഷണ പ്രഹസനങ്ങളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും യക്ഷിവേട്ടയുടെയും പേരില്‍ ഈ മുസ്ലിംവിരുദ്ധ പൊതുബോധത്തെ ബലപ്പെടുത്തുന്ന നീക്കങ്ങളാണ് നിര്‍ഭാഗ്യവശാല്‍ ഭരണകൂടം ഇപ്പോഴും തുടരുന്നത്. ബട്ല ഹൗസ് ഏറ്റുമുട്ടല്‍ തുടങ്ങി കേരളത്തിലെ ഇ-മെയില്‍ ചോര്‍ത്തല്‍വരെ ഇതിന്റെ വൈവിധ്യമാര്‍ന്ന പ്രകടനങ്ങളാണ്. ഈയിടെ ഈ നിഷേധാത്മക പ്രവണതക്കെതിരെ നേരിട്ട് പരാതി ബോധിപ്പിക്കാനെത്തിയ സമുദായനേതാക്കളോടു പോലും തട്ടിക്കയറുന്ന സമീപനമാണ് കേന്ദ്ര ആഭ്യന്തരമന്ത്രിതന്നെ സ്വീകരിച്ചത്. ഭരണകൂടത്തിന്റെ ഈ പിഴച്ച നയസമീപനത്തിനു ഇടംവലം നോക്കാത്ത മാധ്യമങ്ങളുടെ പിന്തുണ കൂടിയാകുന്നതോടെ വംശവെറിയും വര്‍ഗീയതയും കൂടുതല്‍ വേരുറക്കുകയേ ചെയ്യൂ. അതുകൊണ്ട് ആദ്യതിരുത്ത് വേണ്ടത് ഭരണകൂട സമീപനത്തിനു തന്നെയാണ്. സച്ചാര്‍ ആവശ്യപ്പെട്ട വിവേചനത്തിനെതിരായ നിയമനിര്‍മാണം അടിയന്തരപ്രാധാന്യമര്‍ഹിക്കുന്നു. ജനാധിപത്യത്തിന്റെ മുഴുവന്‍ തൂണുകളും സംയമനവും സഹിഷ്ണുതയും സഹവര്‍ത്തിത്വവും മുറുകെപ്പിടിക്കണം. ഒപ്പം സമൂഹഗാത്രത്തെ ബാധിച്ച ഈ മനോരോഗത്തിനു ചികിത്സിക്കാന്‍ മത, ധാര്‍മിക, മാനവികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സകലരും ഒത്തുപിടിക്കണം. എങ്കിലേ ഈ വിള്ളലുകളെ പണിപ്പെട്ടെങ്കിലും കൂട്ടി യോജിപ്പിക്കാനാവൂ. ഇല്ലെങ്കില്‍ വംശവെറിക്കാര്‍ക്ക് ജനാധിപത്യത്തിന്റെ പാഠം പഠിപ്പിച്ചുകൊടുത്ത ഇന്ത്യ അപാര്‍ത്തീഡിന്റെ പാതാളത്തിലേക്ക് സ്വയം എറിഞ്ഞുകൊടുക്കേണ്ടി വരും. ലോകം ജനാധിപത്യത്തിലേക്കും ബഹുസ്വരതയിലേക്കും വികസിക്കുമ്പോള്‍ നാനാത്വത്തിന്റെ ഇന്ത്യയില്‍ അകത്ത് വേലികെട്ടുന്നവരെ പൊറുപ്പിച്ചുകൂടാ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com