ഒടുവില്‍ ദൈവകണത്തെയും കണ്ടുപിടിച്ചു. ഇനി ദൈവത്തിലേക്കുള്ള വഴി എളുപ്പമായി.
രണ്ടു കൊല്ലമായി എന്തൊരു പുകിലായിരുന്നു. ജനീവയിലെ ‘സേണി’ല്‍ തന്മാത്രാ കണങ്ങള്‍ കൂട്ടിയിടിപ്പിച്ച്, അവയുടെ ചിതറലില്‍നിന്നും ഛിദ്രതയില്‍നിന്നും ദൈവകണത്തെ പിടികൂടുമെന്ന് പറഞ്ഞപ്പഴേ ജനമിളകി- ഭൂഗോളം നശിപ്പിക്കുന്ന പണിയാണെന്ന് ഒരു കൂട്ടര്‍. 40 രാജ്യങ്ങളിലെ ഭൗതികശാസ്ത്രജ്ഞര്‍ സഹസ്രകോടികള്‍ ഹോമിച്ച് ഈ ഭൂഗര്‍ഭ കലാപരിപാടിയില്‍ പണിയെടുത്തില്ലെങ്കില്‍ ഭൗതികശാസ്ത്രം ഷട്ടറിടുമെന്ന് മറ്റൊരു കൂട്ടര്‍. ചുക്കേതാ ചുണ്ണാമ്പേതാ എന്ന് ഗോളം തിരിയാതെ ചുമ്മാ കൈയടിക്കാന്‍ വേറെ കൂട്ടങ്ങള്‍. ഇതിനിടെ ഒരു ന്യൂട്രിനോ നാടകവും അരങ്ങേറി- പ്രകാശത്തേക്കാള്‍ വേഗത്തില്‍ ആശാന്‍ പറക്കുമെന്ന് കണ്ടെത്തിപോലും. പ്രകാശവേഗത്തിനപ്പുറം പോകുന്ന ഒന്നുമില്ലെന്നു പറഞ്ഞ ഐന്‍സ്റ്റൈനെ ടാക്കിയോണ്‍ കെണിവെച്ച് ഇളിഭ്യനാക്കിയ നമ്മുടെ പള്ളത്തുകാരന്‍ ജോര്‍ജ് സുദര്‍ശനെ കൊടികെട്ടിയ ശാസ്ത്രജ്ഞരൊക്കെ അത്രകാലം ബോധപൂര്‍വം അവഗണിച്ചു. കാരണം, ഐന്‍സ്റ്റൈന്‍ദൈവത്തിന്‍െറ വിഗ്രഹമുടക്കാതെ നോക്കേണ്ടത് അവരുടെ ബാധ്യതയാണ്. ന്യൂട്രിനോ നാടകാന്തം പക്ഷേ, ആന്‍റികൈ്ളമാക്സായിരുന്നു. ‘സേണി’ലെ സൂപ്പര്‍വേഗം വെറും കണക്കുപിഴയാണെന്ന് സാക്ഷാല്‍ സുദര്‍ശന്‍. സാധാരണഗതിക്ക്, ‘ഹമ്പട ഞാനേ’ പറഞ്ഞ് ഞെളിയേണ്ടിടത്താണ് സ്വന്തം പുകഴിനുള്ള പഴുതുകൂടി ടിയാന്‍ അടച്ചത്. കാരണം ലളിതം- ‘ഹൈപ്പും ജാടയുമൊന്നും കേറ്റേണ്ട ഇടമല്ല സയന്‍സ്. അത് സത്യാന്വേഷണമാണ്. അന്വേഷിച്ചുകിട്ടുന്നത് ശരിക്കുള്ള സത്യമാവണം. അല്ലാതെ മനുഷ്യര്‍ക്ക് സുഖിക്കുന്നതും സൗകര്യപ്രദവുമായ സത്യമാവരുത്.’
ഇതുപറഞ്ഞ സുദര്‍ശന് 83 കഴിഞ്ഞു. ശാസ്ത്രവും മനുഷ്യലോകവുമൊന്നും ഇക്കാലത്ത് ഇത്തരക്കാരുടെ പക്ഷത്തല്ല. ഒക്കെ കമ്പോളസിദ്ധാന്തത്തിലാണ് ഭ്രമിക്കുന്നത്. വിപണനതന്ത്രങ്ങളിലാണ് മികവിരിക്കുന്നത്. രണ്ടു കൊല്ലമായി ഒച്ചയും പിരിമുറുക്കവും കൂട്ടിക്കൂട്ടി കൊണ്ടുവന്നിട്ട് കഴിഞ്ഞ ബുധനാഴ്ച ലോകത്തെ ജനീവയില്‍ കേന്ദ്രീകരിപ്പിച്ച് നടത്തിയ മാധ്യമാഘോഷം ഓര്‍ക്കുക. ഹിഗ്സ്-ബോസോണ്‍ എന്ന ദൈവകണത്തെ കണ്ടെന്നൊരു ശാസ്ത്രവിളംബരം. ശാസ്ത്രീയ മുന്നേറ്റങ്ങള്‍ പുതിയ വാതിലുകള്‍ തുറക്കുന്നവയാണ്. അത് മനുഷ്യരൊക്കെ തിരിച്ചറിയുകയും വേണം. എന്നാല്‍, ജനീവയിലെ കൊണ്ടാട്ടത്തില്‍ സംഭവിച്ചത് അതായിരുന്നോ? ഹിഗ്സ് ബോസോണ്‍ എന്ന അതിസൂക്ഷ്മ കൂശ്മാണ്ഡത്തിന് എന്തോ ചില ദൈവബന്ധങ്ങളുണ്ടെന്ന മട്ടിലായിരുന്നു പ്രചാരണം. ‘goddamn’ എന്ന സായിപ്പിന്‍െറ സ്ഥിരം വ്യാക്ഷേപക വിശേഷണത്തെ നാച്വര്‍ മാസികക്കാരെടുത്ത് ഗോഡ് പാര്‍ട്ടിക്ക്ളാക്കി അച്ചടിച്ചതു മുതല്‍ക്കാണ് ഈ കലാപരിപാടിക്ക് ദൈവഛായ കിട്ടിയത്. ഇനി ഇതുവെച്ച് വല്ല പുതിയ മതവുമുണ്ടാക്കിക്കളയുമോ?
സംശയിക്കാന്‍ ന്യായമുണ്ട്. ഇക്കൊല്ലം ജനുവരിയില്‍ സ്വീഡന്‍ സര്‍ക്കാര്‍ ഒരു പുതിയ മതത്തിന് ഔദ്യാഗികാംഗീകാരം നല്‍കി- കോപിമിസം ചര്‍ച്ച്. തനി ഊളത്തരത്തിനും സംശയാസ്പദ രാഷ്ട്രീയക്കളിക്കുമിടയിലാണീ ഉരുപ്പടിയുടെ കിടപ്പ്. വിവരങ്ങള്‍ പകര്‍പ്പെടുത്ത് പങ്കിടുന്ന ഏര്‍പ്പാടിനെ മതാത്മകതയായി കണക്കാക്കിക്കൊണ്ടാണ് ഈ നവമതത്തെ അംഗീകരിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍ ഫയലുകള്‍ പങ്കിടുന്നതാണ് ‘മത’ത്തിന്‍െറ മുഖ്യ ആചാരം. കോപിമിസത്തില്‍ വിവരങ്ങള്‍ വിശുദ്ധവും പകര്‍പ്പെടുപ്പ് കൂദാശയുമാകുന്നു. തങ്ങള്‍ക്കുള്ള ഭരണകൂട അംഗീകാരം മുന്നേറ്റത്തിന്‍െറ വലിയൊരു ചുവടുവെപ്പാണെന്ന് ടി മതത്തിന്‍െറ ‘ആത്മീയാചാര്യന്‍’ ഗുസ്താവ് നൈപ് പറഞ്ഞുകഴിഞ്ഞു. ഫയല്‍ പങ്കിടലും സ്വതന്ത്രവിവരവും മറ്റും രാഷ്ട്രീയലോബികളും ധനറാക്കറ്റുകളും ചുറ്റിപ്പറക്കുന്ന പുതിയകാല ചക്കരയാണെന്നിരിക്കെ, മതം രാഷ്ട്രീയപരമാകുന്നെങ്കില്‍ എന്തിന് ദൈവകണത്തെ ഈ വകുപ്പില്‍നിന്ന് വിട്ടുകളയണം? പ്രത്യേകിച്ചും ശാസ്ത്രംതന്നെ അതിനുള്ള വാതില്‍ കൊട്ടിഘോഷത്തോടെ തുറന്നുതന്നിരിക്കെ? അത്രക്കും ഉശിരന്‍ മാര്‍ക്കറ്റിങ് പ്രഘോഷമാണ് നടന്നത്. മഹാഭൂരിപക്ഷത്തിനും കമാന്നറിയില്ല, സംഗതിയെന്താണെന്ന്. എന്നാലും സര്‍വരും ദൈവകണത്തെ നെഞ്ചേറ്റുന്നു! നവമതങ്ങളും നവീനചരക്കുകളും ഇമ്മട്ടിലല്ലേ ആളെ പിടിക്കാറുള്ളതും. വ്യക്തികളുടെ കരിസ്മയോ ആശയങ്ങളുടെ ചടുലതയോ വെച്ചുള്ള അടിമവളര്‍ത്തലാണ് മര്‍മം. ദൈവകണത്തിന് ആ സൗഭാഗ്യമുണ്ടായാല്‍ ശാസ്ത്രത്തിന് ദന്തഗോപുരങ്ങളില്‍ ശാന്തികിട്ടിയില്ലെങ്കിലും ഭൂമിയില്‍ കുറെ റാക്കറ്റുകള്‍ക്ക് ചാകരക്കോളൊക്കും.
സാക്ഷാല്‍ ഭൗതികശാസ്ത്രത്തില്‍തന്നെ ഈ പ്രതിഭാസം ഇപ്പോഴും ഒരു പ്രഹേളികയാണെന്ന നേര് ഇപ്പോഴത്തെ ആഘോഷത്തിമിര്‍പ്പില്‍ മുങ്ങിക്കിടപ്പുണ്ടെന്നതാണ് രസം. പ്രപഞ്ചത്തിന് ഒരു സ്റ്റാന്‍ഡേഡ് മാതൃക കഴിഞ്ഞ നൂറ്റാണ്ടില്‍ ഫിസിക്സ് പണിഞ്ഞുവെച്ചിട്ടുണ്ട്. 12 മൗലിക പദാര്‍ഥകണങ്ങളും അവയെ നിയന്ത്രിക്കുന്ന നാല് അടിസ്ഥാനശക്തികളും കൊണ്ടൊരു ഘടനാരൂപം. ഇതില്‍ 11 കണങ്ങളെ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. പന്ത്രണ്ടാമനാണ് ഇക്കഴിഞ്ഞയാഴ്ചവരെ പിടികിട്ടാപ്പുള്ളിയായിരുന്ന ‘ദൈവ’കണം. ബംഗാളിലിരുന്ന് സത്യേന്ദ്രനാഥ ബോസ് 1920കളില്‍ അതിന്‍െറ ഗണിതമാനം കണക്കാക്കി. 1960കളില്‍ ബ്രിട്ടീഷ് സായ്വ് പീറ്റര്‍ ഹിഗ്സ് അതിനൊരു സൈദ്ധാന്തിക പ്രവചനവുമൊരുക്കി. അങ്ങനെ ‘ബോസോണ്‍-ഹിഗ്സ്’ കണത്തിനുവേണ്ടിയുള്ള അന്വേഷണം ഉഷാറായി. പ്രപഞ്ചവസ്തുക്കള്‍ക്ക് (പ്രപഞ്ചമടക്കം) പിണ്ഡം (mass) നല്‍കുന്നത് ഈ പുമാനാണെന്നതാണ് ശാസ്ത്രലോകം കക്ഷിയെ ഇത്ര പ്രമാണിയായി കരുതാന്‍ കാരണം. ബിഗ്ബാങ് എന്ന മഹാസ്ഫോടനം വഴി ലോകമുണ്ടായി. അപ്പോള്‍ പ്രത്യേകിച്ചൊരു രൂപവുമില്ലാതിരുന്ന കുറെ വാതകങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മഹാസ്ഫോടനത്തിന്‍െറ അടുത്ത നിമിഷത്തിന്‍െറ ശതകോടിയില്‍ ഒരംശം നേരത്തിനുള്ളില്‍ അവക്ക് പിണ്ഡം സമ്മാനിച്ചത് നമ്മുടെയീ ദൈവകണമാണെന്നായിരുന്നു ഹിഗ്സിന്‍െറ നിഗമനം.
ഇവിടെത്തന്നെയാണ് രസങ്ങള്‍ തുടങ്ങുക. ഒന്നാമത്, ബിഗ്ബാങ് സിദ്ധാന്തം തന്നെ ദുര്‍ബലമായ ഒന്നാണ്. കാര്യബോധമുള്ള ശാസ്ത്രകാരന്മാര്‍ പലരും അതിനെ ചോദ്യംചെയ്തുകഴിഞ്ഞു. നമ്മുടെ സ്വന്തം ജയന്ത് നാര്‍ലിക്കറടക്കം. സ്ട്രിങ് സിദ്ധാന്തവുമായി സമാന്തര പ്രപഞ്ചങ്ങളുടെ അസ്തിത്വം തെളിയിക്കാന്‍ ഒരു വലിയ സംഘംതന്നെ രംഗത്തുണ്ട്. എന്തിനധികം, സ്റ്റാന്‍ഡേഡ് മാതൃകക്കാര്‍ പറയുന്ന നാല് അടിസ്ഥാന ശക്തികളില്‍ നിര്‍ണായകമായ ഗുരുത്വബലത്തെ വിശദീകരിക്കാന്‍ അവര്‍ക്കിന്നും കഴിയുന്നില്ല. ഒന്നാമത്, അതിവിപുലമാണ് നമ്മുടെ പ്രപഞ്ചം. അതിന്‍െറ ചെറിയ ഒരംശം മാത്രമാണ് സ്റ്റാന്‍ഡേഡ് മാതൃക പ്രകാരം പ്രവര്‍ത്തിക്കുന്ന ഇടങ്ങള്‍. കണ്ണുകൊണ്ടും കണക്കുകൊണ്ടും (ഊഹം) കാണപ്പെടുന്ന പ്രപഞ്ചഭാഗവും അങ്ങനെയല്ലാത്തതും തമ്മില്‍ അതിഗംഭീരമായ ഒരു വിടവുണ്ട്. സ്റ്റാന്‍ഡേഡ് മാതൃക വെച്ചൊന്നും നികത്താനാവാത്ത വിടവ്. അദൃശ്യ ഭാഗമാകട്ടെ, ഈ മാതൃകയെ പാടേ അപ്രസക്തമാക്കുന്ന ഒരു മഹാപ്രപഞ്ചം തന്നെയാണ്. നമുക്കറിവുള്ള ഒരുതരം ശക്തികളുമല്ലവിടെ. പിന്നെന്ത് എന്ന ചോദ്യത്തിന് ശാസ്ത്രം നല്‍കുന്ന ഒഴികഴിവാണ് ‘തമോപദാര്‍ഥം’ എന്ന ഓമനപ്പേര്. അവിടത്തെ കളികള്‍ നടത്തുന്നത് തമോ ഊര്‍ജമാണെന്ന മറ്റൊരു തട്ടിവിടലും ഒപ്പമുണ്ട്. ഇപ്പറഞ്ഞ അജ്ഞാതമായ രണ്ടും ചേര്‍ന്നതാണ് നമ്മുടെ പ്രപഞ്ചത്തിന്‍െറ 96 ശതമാനം ഊര്‍ജവും പിണ്ഡവും എന്നതാണ് പരമരസം. അഥവാ, പ്രപഞ്ചത്തിന്‍െറ സ്റ്റാന്‍ഡേഡ് മാതൃക എന്നും പറഞ്ഞ് നമ്മള്‍ ഘോഷിക്കുന്ന ശാസ്ത്രീയ ഉരുപ്പടി ഇതേ പ്രപഞ്ചത്തിന്‍െറ വെറും നാലേനാലു ശതമാനം അംശത്തിനു മാത്രം നിരക്കുന്ന ഒന്നാണ്. മിതമായി പറഞ്ഞാല്‍, നമ്മുടെ ഭൗതിക സിദ്ധാന്തങ്ങളും പ്രയോഗങ്ങളുമൊക്കെ പ്രപഞ്ചത്തെ മനസ്സിലാക്കുന്നതില്‍ പഴയ ആനക്കഥയിലെ കുരുടന്മാരുടെ വാഗ്വിലാസം പോലുമാകുന്നില്ല.
ഇതൊന്നും പക്ഷേ, ജനീവ അച്ചുതണ്ടാക്കിയ ഭൂലോക ഹൈപ്പിനും മാര്‍ക്കറ്റിങ്ങിനും വിഷയമല്ല. ‘സ്റ്റാന്‍ഡേഡ് മാതൃക’യെ സ്റ്റാന്‍ഡേഡായി സംരക്ഷിച്ചു പുലര്‍ത്തേണ്ട ആവശ്യം ആര്‍ക്കാണെന്ന കാതലായ ചോദ്യവും ആരുമുയര്‍ത്താറില്ല. കാരണം, പ്രമത്തതയുള്ളൊരു വരേണ്യതയും തമ്പ്രാനിസവും ശാസ്ത്രത്തിലുമുണ്ട് (അതിന്‍െറ ഇരകളിലൊരാളാണ് മുമ്പ് പറഞ്ഞ സുദര്‍ശന്‍). പടച്ചത് മനുഷ്യനാണോ, ഈ മേല്‍ത്തട്ട്-കീഴ്ത്തട്ട് പരിപാടി ഏതു മേഖലയിലുമുണ്ടാവും. അതുകൊണ്ടുതന്നെ പ്രമാണിധാരക്ക് ഓശാന പാടാന്‍ മറ്റുള്ളവര്‍ നിര്‍ബന്ധിതരാകും. അല്ലെങ്കില്‍ അവരെക്കൊണ്ട് പാടിക്കും. അതിനുള്ളതാണ് വിപണനസൂത്രങ്ങള്‍. ദീപസ്തംഭം മഹാശ്ചര്യം, പണമൊന്നും കെടക്കില്ലെങ്കിലും കണം ‘ദൈവിക’മായ സ്ഥിതിക്ക് ഒന്ന് ഡയല്‍ ചെയ്തുനോക്കാം.
കുഞ്ഞുരാമന്‍: ഹലോ?
കണം: ഹായ്!
കുഞ്ഞുരാമന്‍: മി. ദൈവകണത്തെ ഒന്നു കിട്ടുമോ?
കണം: സ്പീക്കിങ്
കുഞ്ഞുരാമന്‍: ന്‍െറ ദൈവമേ! ആളുമാറിയിട്ടില്ലല്ലോ?
കണം: വെയ്റ്റ് വെയ്റ്റ്... ഇപ്പം മാറി... നൈസ് ട്രൈ.
കുഞ്ഞുരാമന്‍: ആരാ ഇത്?
കണം: നിങ്ങളാരാ?
കുഞ്ഞുരാമന്‍: കേരളത്തീന്നാ. പേര് കുഞ്ഞുരാമന്‍.
കണം: അതേപ്പറ്റി എത്രയുണ്ട് ഉറപ്പ്?
കുഞ്ഞുരാമന്‍: നല്ല ഉറപ്പാ, ന്താ?
കണം: അതെയോ? നിങ്ങള്‍ കുഞ്ഞുരാമനാണെന്ന് തീര്‍ത്തുപറയാന്‍ പറ്റുമോ? ജനിച്ച നാള്‍തൊട്ട് ഇത്രകാലം വരെയായി രൂപമെത്ര മാറി, ഇഷ്ടങ്ങളെത്ര മാറി, വെറുപ്പുകളെത്ര മാറി, വികാരങ്ങള്‍? പോട്ടെ, 10ാം വയസ്സിലെ കുഞ്ഞുരാമനാണോ 20ാം വയസ്സിലുണ്ടായിരുന്നത്, 30ല്‍, 40ല്‍.
കുഞ്ഞുരാമന്‍: അങ്ങനൊക്കെ ചോദിച്ചാ...
കണം: ഓരോ ഏഴു കൊല്ലത്തിലും ശരീരകോശങ്ങള്‍ പാടേ പുതുതാവുന്നു; ത്വക് കോശങ്ങളാകട്ടെ, ഓരോ 21 ദിവസത്തിലും. ഇത് നിങ്ങളുടെ സ്വന്തം ജീവശാസ്ത്രപരമായ ശരീരസത്യമാണ്.
കുഞ്ഞുരാമന്‍: എന്നുവെച്ചാ?
കണം: മാറ്റമില്ലാത്തതായി രണ്ട് കാര്യങ്ങളേയുള്ളൂ. ഒന്ന്, മാറ്റം. രണ്ട്, നിങ്ങള്‍ സദാ കുഞ്ഞുരാമനാണെന്ന നാട്ടുകാരുടെ സങ്കല്‍പം.
കുഞ്ഞുരാമന്‍: അതുകൊണ്ട്?
കണം: പറഞ്ഞുവന്നതെന്താണെന്നുവെച്ചാല്‍, ഫോണെടുത്തപ്പോള്‍ ഞാന്‍ ദൈവകണമായിരുന്നു. ഇപ്പോഴല്ല. ചിലപ്പോ നിങ്ങളായിരിക്കും.
കുഞ്ഞുരാമന്‍: അങ്ങനെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
കണം: അറിയില്ല മനുഷ്യാ.

നിങ്ങളുടെ അഭിപ്രായങ്ങള്‍