ചൂട് കൂടുന്നു; ആരോഗ്യ കാര്യത്തില്‍ ജാഗ്രത വേണമെന്ന് വിദഗ്ധര്‍

ചൂട് കൂടുന്നു; ആരോഗ്യ കാര്യത്തില്‍ ജാഗ്രത വേണമെന്ന് വിദഗ്ധര്‍

മനാമ: അന്തരീക്ഷത്തില്‍ രൂപപ്പെട്ട പൊടിക്കാറ്റ് ചൂട് കൂടുന്നതിന്‍െറ സൂചനയായതിനാല്‍ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൂട് കൂടുന്നതിനനുസരിച്ച് ശരീരത്തിലെ ജലാംശം എളുപ്പത്തില്‍ നഷ്ടപ്പെടുമെന്നതിനാല്‍ ജോലി സ്ഥലത്തും വീട്ടിലും കാലാവസ്ഥക്കനുസൃതമായി ജീവിതം ചിട്ടപ്പെടുത്തയില്ളെങ്കില്‍ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്ന് ഡോക്ടര്‍മാറ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യ മന്ത്രാലയവും സമ്മര്‍ സീസണിലെ ആരോഗ്യ പരിപാലനത്തെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ശരീരത്തില്‍നിന്ന് അതിവേഗം ജലാംശം നഷ്ടപ്പെടുമെന്നതിനാല്‍ ഓരോ മണിക്കൂറിലും ധാരാളം വെള്ളം കുടിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. കഴിവതും മാംസാഹാരങ്ങള്‍ കുറക്കുകയും പച്ചക്കറികളും പഴ വര്‍ഗങ്ങളും കൂടുതല്‍ ഉപയോഗിക്കുകയും ചെയ്യണം. പാകം ചെയ്ത ഭക്ഷണം എളുപ്പം കേടുവരാന്‍ സാധ്യതയുള്ളതിനാല്‍ തണുപ്പില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. സമ്മര്‍ സീസണില്‍ ഭക്ഷ്യ വിഷബാധയിലൂടെ രോഗങ്ങള്‍ പകരാനുള്ള സാധ്യത കൂടതലാണ്. അതുകൊണ്ട് ഭക്ഷണം പാചകം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴുമെല്ലാം നല്ല കരുതല്‍ വേണം. അമിതമായി സൂര്യാഘാതം ഏല്‍ക്കുന്നത് തലവേദനക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകും. കൂടുതല്‍ സമയവും റൂമിനകത്ത് കഴിച്ചു കൂട്ടുകയും പുറത്തിറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ വസ്ത്രം ഉപയോഗിച്ച് മറക്കുകയും വേണം. പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികളും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രവും തലയില്‍ തൊപ്പിയും ധരിക്കണം. സൂര്യപ്രകാശത്തിലെ അള്‍ട്രാ വൈലറ്റ് പ്രകാശം സ്കിന്‍ കാന്‍സറിന് വരെ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് വര്‍ഷത്തില്‍ ഒരു മില്യന്‍ പേര്‍ക്ക് സ്കിന്‍ കാന്‍സര്‍ പിടിപെടുന്നുണ്ടെന്നാണ് കണക്ക്. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ എളുപ്പത്തില്‍ സുഖപ്പെടുത്താമെന്നതിനാല്‍ തൊലി സംബന്ധമായ അലര്‍ജിയും മറ്റുമുള്ളവര്‍ ഉടനെ ഡോക്ടറെ കാണിച്ച് ഉപദേശം തേടണം.
ചൂടും അന്തരീക്ഷ മര്‍ദവും മലിനീകരണവും കുട്ടികളിലുള്‍പ്പെടെ അലര്‍ജി പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്. കാറ്റില്‍ മരങ്ങളില്‍നിന്നും അന്തരീക്ഷത്തിലെ പൊടി പടലങ്ങളില്‍നിന്നുമാണ് അലര്‍ജി പിടികൂടുന്നത്. ഓസോണില്‍നിന്നുണ്ടാകുന്ന നൈട്രജന്‍ ഓക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍സ് എന്നിവ അലര്‍ജി, ആസ്തമ രോഗങ്ങള്‍ക്കിടയാക്കും. ഹീറ്റ് സ്ട്രോക്കിനും സാധ്യത ഏറെയാണ്. കണ്ണിനും ഏറ്റവുമധികം കരുതല്‍ വേണ്ട സമയമാണിത്. പുറത്ത് ജോലി എടുക്കുന്നവരും വാഹനം ഓടിക്കുന്നവരും സണ്‍ഗ്ളാസ് ഉപയോഗിക്കുന്നത് കണ്ണിന് രോഗം ബാധിക്കുന്നത് തടയാന്‍ സഹായിക്കും.
കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കുട്ടികള്‍ പൊതുവെ വെള്ളം കുടിക്കാന്‍ വിമുഖരായിരിക്കും. ദാഹിച്ചാലും വെള്ളം ചോദിക്കണമെന്നില്ല. ഓരോ മണിക്കൂറിലും അവരെ വെള്ളം കുടിപ്പിക്കാന്‍ ശ്രമിക്കണം. ലൈംഗിക രോഗങ്ങള്‍ പടരാനുള്ള സാധ്യതയും ഇക്കാലത്ത് കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ വലിയ ടിന്നിലൊ മറ്റൊ വെള്ളം കൂടെ കൊണ്ടുപോകുന്നതാണ് ഉത്തമം. വെയിലേറ്റ് ശരീരം ഉണങ്ങുന്ന അവസ്ഥയില്‍ ധാരാളം ജലാംശം ഉള്ളില്‍ ചെല്ളേണ്ടതുണ്ട്. ആസ്തമ രോഗമുള്ളവര്‍ മുഖാവരണം ധരിക്കുന്നത് നന്നാവും. ഷൂസ് ധരിക്കുന്നവര്‍ കോട്ടണ്‍ സോക്സ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ശരീരത്തിന് അമിത ഭാരം നല്‍കാത്ത രൂപത്തില്‍ ഇടക്കിടെ തണലില്‍ വിശ്രമിച്ചാണ് ജോലി ചെയ്യേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ വിശദീകരിച്ചു. സമ്മര്‍ സീസണില്‍ തൊഴിലാളികളുടെ ജോലി സമയം സര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുണ്ട്. 12നും നാലിനുമിടയില്‍ ജോലി ചെയ്യിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
സീസണിലെ ആരോഗ്യ പരിപാലനത്തിന് നിരവധി ബോധവത്കരണ പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് വിവിധ ഭാഷകളില്‍ എഴുതിയ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus