അനധികൃത സിം വില്‍പന: നടപടി ശക്തമാക്കി

ദമ്മാം: പ്രീ പെയ്ഡ് സിം കാര്‍ഡുകളുടെ അനധികൃത വില്‍പന തടയാന്‍ നടപടി ശക്തമാക്കി. ഇതിന്‍െറ ഭാഗമായി, സിം വില്‍പന നടത്തുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന നടക്കുന്നുണ്ട്. ബന്ധപ്പെട്ട മൊബൈല്‍ ഓപറേറ്റിങ് കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യാതെ സിം വില്‍ക്കുന്നത് തടയാനാണ് ഈ നടപടി. പരിശോധന ശക്തമായതോടെ നിരവധി കടകളില്‍ സിം കാര്‍ഡ് ഒഴിവാക്കി.
സിം കാര്‍ഡ്-റീ ചാര്‍ജ് കൂപ്പണ്‍ വില്‍പന, ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്നിവ സംബന്ധിച്ച പുതിയ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സിം കാര്‍ഡ് ദുരുപയോഗം തടയാന്‍ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമീഷ (സി.ഐ.ടി.സി)നാണ് പുതിയ നിയമം നടപ്പാക്കുന്നത്. ഇതുസംബന്ധിച്ച 21/11/1432 (ഹിജ്റ) തിയതിയിലെ 325/1432 നമ്പര്‍ ഉത്തരവ് പ്രകാരം, രാജ്യത്തെ എല്ലാ മൊബൈല്‍ കമ്പനികളുടെയും പ്രീ പെയ്ഡ് സിം കാര്‍ഡ് വില്‍പന, റീ ചാര്‍ജിങ്, ബാലന്‍സ് ട്രാന്‍സ്ഫര്‍ എന്നിവ ജൂലൈ 31 മുതല്‍ പുതിയ നിയമ വ്യവസ്ഥകള്‍ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളൂ. സിം വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ ഇത് വാങ്ങുന്ന വ്യക്തിയുടെ ഇഖാമ കോപ്പി നിര്‍ബന്ധമായി വാങ്ങുകയും ഇതിന്‍െറ അടിസ്ഥാനത്തില്‍ ആ വ്യക്തിയുടെ പേരില്‍ സിം കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുകയും വേണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യാതെ ഇപ്പോള്‍ ഉപയോഗിക്കുന്ന കണക്ഷനുകള്‍ റദ്ദാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.
ജൂലൈ 31 മുതല്‍ പ്രീപെയ്ഡ് കണക്ഷനുകള്‍ റീചാര്‍ജ് ചെയ്യുമ്പോള്‍ കൂപ്പണ്‍ നമ്പറിന് ശേഷം ഐ.ഡി നമ്പറും നല്‍കണം. ഓരോ വ്യക്തിയുടെയും പേരില്‍ സിം വാങ്ങുമ്പോള്‍ ലഭിക്കുന്ന ഐ.ഡി നമ്പറാണ് ചേര്‍ക്കേണ്ടത്. റീചാര്‍ജ് ചെയ്യുമ്പോള്‍ നല്‍കുന്ന ഐ.ഡി നമ്പറും ബന്ധപ്പെട്ട മൊബൈല്‍ ഓപറേറ്ററുടെ സിസ്റ്റത്തിലെ ഐ.ഡി നമ്പറും യോജിച്ചാല്‍ മാത്രമേ റീചാര്‍ജാവുകയുള്ളൂ.
പുതിയ നിയമ പ്രകാരം മൊബൈല്‍ ഓപറേറ്റിങ് കമ്പനിയുടെ ഓഫിസുകളില്‍ നിന്നോ, അവരുടെ അംഗീകൃത ഏജന്‍റുമാരോ മാത്രമേ സിം വില്‍പന നടത്താന്‍ പാടുള്ളൂ. ഒരു വ്യക്തി നല്‍കുന്ന രേഖകള്‍ പരിശോധിക്കാതെ സിം ആക്റ്റിവേറ്റ് ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കുകയും പിഴ ചുമത്തുകയും ചെയ്യും.
എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കളും രജിസ്ട്രേഷന് ശേഷം തങ്ങളുടെ വ്യക്തിഗത വിവരങ്ങളില്‍ മാറ്റം വന്നാല്‍ ഉടന്‍ ഇക്കാര്യം ബന്ധപ്പെട്ട മൊബൈല്‍ കമ്പനിയുടെ ഓഫിസില്‍ അറിയിച്ച് അവിടെയുള്ള രേഖകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്നും നിര്‍ദേശമുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus