മരണക്കുരുക്കില്‍ തൂങ്ങിയാടിയ ചന്ദ്രന്‍

മരണക്കുരുക്കില്‍ തൂങ്ങിയാടിയ ചന്ദ്രന്‍
പലിശച്ചൂണ്ടയില്‍ പരദേശി-4

2004 ആഗസ്റ്റ് ഒമ്പത്. പലിശയാണ് മരണകാരണമെന്ന് എഴുതിവെച്ച് അന്നൊരു മലയാളി തുണ്ടു കയറില്‍ ജീവിതം അവസാനിപ്പിച്ചു. റിയാദ് നഗരത്തിന്‍െറ കിഴക്ക് ഭാഗമായ നസീമിലെ സ്വന്തം പണിശാലയില്‍ ഒരു തുണ്ട് കയറില്‍ തൂങ്ങിയാടുമ്പോള്‍ തിരുവനന്തപുരം ചെമ്പൂര് കരിക്കോട്ടുകഴി റോഡരികത്ത് പുത്തന്‍ വീട്ടില്‍ ചന്ദ്രകുമാറിന്‍െറ കുപ്പായക്കീശയില്‍ ആ നീരാളിപ്പിടിത്തത്തിന്‍െറ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ടായിരുന്നു. സൗദിയില്‍ മലയാള മാധ്യമങ്ങള്‍ സജീവമായ ശേഷം പുറംലോകം അറിഞ്ഞ അത്തരത്തിലെ ആദ്യ സംഭവം. ഒടുങ്ങുമ്പോള്‍ ആ ജീവിതത്തിന് പ്രായം 40. ചന്ദ്രകുമാറിന്‍െറ കീശയില്‍നിന്ന് സൗദി പൊലീസ് കണ്ടെടുത്ത കത്തില്‍ പലിശയുടേയും കടബാധ്യതയുടേയും വിവരങ്ങളാണുണ്ടായിരുന്നത്. കടം കൊടുത്തുവീടാനുള്ളവരുടെ നീണ്ട പട്ടികയും. ഒരു ദുശീലവുമില്ലാത്ത ചന്ദ്രന്‍െറ പെരുകിവരുന്ന കടബാധ്യതയെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അറിവുണ്ടായിരുന്നു.
ആ സംഭവത്തിന് 15 വര്‍ഷം മുമ്പാണ് ആശാരിപ്പണിക്കാരനായ ചന്ദ്രന്‍ ആശാരി വിസയില്‍ റിയാദിലത്തെിയത്. അധികം വൈകാതെ സ്വന്തമായി ഫര്‍ണിച്ചര്‍ നിര്‍മാണസ്ഥാപനം തുടങ്ങി. നടത്തിപ്പിനായി പലിശക്ക് പണമെടുത്ത ചന്ദ്രന്‍ അതോടെ കുരുക്കില്‍ പെട്ടു. ഭാരിച്ച തുക മാസംതോറും പലിശയായി കൊടുക്കേണ്ടിവന്നു. ബിസിനസില്‍നിന്നുള്ള വരുമാനം പലിശ കൊടുക്കാന്‍ തികയാതായപ്പോള്‍ വീണ്ടും പലിശക്കെടുത്ത് അതു കൊടുത്തുവീട്ടാന്‍ നിര്‍ബന്ധിതനായി. സ്ഥാപനത്തിലെ മൂന്ന് ജോലിക്കാര്‍ക്കും ആറുമാസമായി ശമ്പളം മുടങ്ങി. സ്ഥാപനം മുന്നോട്ടു നടത്താന്‍ കഴിയാതായി. പലിശക്കാരുടെ അടവ് മുടങ്ങിയപ്പോള്‍ ഭീഷണിയായി. രക്ഷപ്പെടാന്‍ മരണത്തിന്‍െറ വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. 15 വര്‍ഷത്തിനിടയില്‍ ഒരു തവണ മാത്രമാണ് നാട്ടില്‍ പോയത്. മരിക്കുന്നതിനും ഒമ്പത് വര്‍ഷം മുമ്പായിരുന്നു അത്. നാട്ടില്‍ പോകാതിരുന്നതിനാല്‍ വിവാഹം കഴിക്കാനും കഴിഞ്ഞില്ല. ആത്മഹത്യയില്‍ അഭയം തേടുന്നതിനു മൂന്നു മാസം മുമ്പായിരുന്നു പിതാവ് മരിച്ചത്. അന്ന് നാട്ടില്‍ പോകാന്‍ ഒരു ശ്രമം നടത്തിനോക്കി. അതും വൃഥാവിലായി. പാസ്പോര്‍ട്ടിന്‍െറ കാലാവധി കഴിഞ്ഞത് പുതുക്കിയെങ്കിലും റസിഡന്‍റ് പെര്‍മിറ്റ് (ഇഖാമ) ആറുവര്‍ഷമായി പുതുക്കാതിരുന്നത് തടസമായി. ഇഖാമ പുതുക്കുന്നതിനുള്ള പണം പോലും വര്‍ഷത്തില്‍ മിച്ചം വെക്കാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാം കഴുത്തറപ്പന്‍ പലിശക്കാര്‍ കൊണ്ടുപോയിക്കൊണ്ടിരുന്നു. ചോര വിയര്‍പ്പാക്കിയതെല്ലാം റിയാദിലെ മലയാളി ഷൈലോക്കുമാര്‍ ഊറ്റിയെടുത്തുകൊണ്ടിരുന്നു.
തന്‍െറ പണിശാലക്കുള്ളില്‍ അശാന്തി നിറഞ്ഞ രാത്രിയുടെ ഏതോ ഒരു യാമത്തിലാണ് പ്ളാസ്റ്റിക് കയറില്‍ പലിശപ്പിശാചിന്‍െറ ആ ഇര പിടഞ്ഞുപിടഞ്ഞ് നിശ്ചലമായത്. ഭര്‍ത്താവിന്‍െറ മരണത്തോടെ ഒറ്റപ്പെട്ട അമ്മയുടെ ഏക മകനായിരുന്നു ചന്ദ്രന്‍. വൃദ്ധയും വിധവയുമായ അവര്‍ക്ക് സംരക്ഷണം നല്‍കേണ്ട മകന്‍ സ്വന്തം ജീവിതത്തിന് സംരക്ഷണമില്ലാതെ സ്വയം കെട്ടിത്തൂങ്ങി ഒടുങ്ങിയതറിഞ്ഞപ്പോള്‍ ആ അമ്മ ഹൃദയം നുറുങ്ങി വിലപിച്ചിട്ടുണ്ടാകണം. തലയില്‍ കൈവെച്ച് ശപിച്ചിട്ടുണ്ടാകണം. അതുപോലെ ആയിരക്കണക്കിന് ശാപ വചസുകള്‍ ചൂഴ്ന്നുനില്‍ക്കുന്നുണ്ട് ഈ അന്തരീക്ഷത്തില്‍. ചന്ദ്രന്‍െറ മരണം ആദ്യത്തേതായിരുന്നില്ല. അവസാനത്തേതും.
പലിശയെന്ന നീരാളി കൊന്നുതള്ളിയവരുടെ എണ്ണം എണ്ണിയാലൊടുങ്ങാത്തതാണ്. അതിലും എത്രയോ മടങ്ങാണ് ജീവഛവമാക്കപ്പെട്ടവര്‍. നാട്ടില്‍ പോകാനാവാതെ പത്തും ഇരുപതും അതിലേറെയും വര്‍ഷം പ്രവാസത്തില്‍ കുടുങ്ങി ചത്തതിനൊത്ത അവസ്ഥയില്‍ കഴിയുന്നവര്‍. പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആ ഇര ജീവിതങ്ങളുടെ കഥകള്‍ പറയാതെ ഈ കണക്കെടുപ്പ് പൂര്‍ത്തിയാകില്ല. ചരിത്രങ്ങളില്‍നിന്നാണ് പുതിയ പാഠങ്ങള്‍ പഠിക്കേണ്ടത്. സാമൂഹിക മാറ്റത്തിന് ഇരകളുടെ അനുഭവ പാഠങ്ങളാണ് പ്രേരകമാവേണ്ടത്. സമൂഹ മനസാക്ഷി ഉണരേണ്ടത് പലിശയുടെ ദുര്‍ഭൂതങ്ങളെ തുറന്നുവിടുന്നവര്‍ക്കെതിരെയാണ്. എന്നാല്‍ റിയാദില്‍ ഇരകളും വേട്ടക്കാരും ഒരു പോലെ വേട്ടയാടപ്പെട്ട വൈചിത്ര്യം നിറഞ്ഞ കഥകളുമുണ്ട്. വേട്ടക്കാരുടെ ദുരന്തചിത്രങ്ങള്‍ കാട്ടും മുമ്പു തന്നെ കണ്ണീരിന്‍െറ നനവും ചോരയുടെ പശിമയുമുള്ള ഇരകളുടെ കഥകള്‍ ഏറെ പറഞ്ഞുതീര്‍ക്കാനുണ്ട്. പലിശ കെണിയില്‍ കുടുങ്ങിയ ഭര്‍ത്താവിന്‍െറ അവസ്ഥ സഹിക്കാനാവാതെ ഒരു തുണ്ടു കയറില്‍ അഭയം തേടിയ വീട്ടമ്മയുടെ കഥ അതിലൊന്നാണ്. അത് നാളെ.
(തുടരും)


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus