12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

അധികാര വികേന്ദ്രീകരണം അര്‍ഥപൂര്‍ണമാകുന്നു

അധികാരവികേന്ദ്രീകരണം അര്‍ഥപൂര്‍ണമാക്കാനും യഥാര്‍ഥ അധികാരം ജനപ്രതിനിധികള്‍ക്ക് നല്‍കാനും ഉദ്യോഗസ്ഥ നിയന്ത്രണം പരിമിതപ്പെടുത്താനും സഹായകമായ രീതിയില്‍ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള മാര്‍ഗരേഖ പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. ഉദ്യോഗസ്ഥ തലത്തിലും ജനപ്രതിനിധികളുമായും പ്ലാനിങ് ബോര്‍ഡ് തലത്തിലും വിപുലമായ ചര്‍ച്ചയെതുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെട്ട കോഓഡിനേഷന്‍ കമ്മിറ്റിയും മന്ത്രിസഭാ യോഗവും പരിഗണിച്ചതിനു ശേഷമാണ് പദ്ധതിരേഖക്ക് അവസാനരൂപം നല്‍കിയത്.
കഴിഞ്ഞ മൂന്നു പഞ്ചവത്സര പദ്ധതികളിലായി വികേന്ദ്രീകൃത ആസൂത്രണം നടപ്പാക്കിയ അവസരങ്ങളില്‍ ഉണ്ടായ അനുഭവങ്ങളും പ്രായോഗികമായ തടസ്സങ്ങളും കണക്കിലെടുത്തും പ്രാദേശിക ഗവണ്‍മെന്റുകള്‍ കൂടുതല്‍ അധികാരം ഏറ്റെടുക്കാന്‍ ശക്തമാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടുമാണ് ചില അടിസ്ഥാനമാറ്റങ്ങള്‍ വരുത്താന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്.
കഴിഞ്ഞകാലങ്ങളില്‍ ഉയര്‍ന്നുവന്ന മുഖ്യമായ പരാതി പദ്ധതിനിര്‍വഹണത്തിന് ആവശ്യമായ സമയം ലഭിക്കുന്നില്ലെന്നായിരുന്നു. ഗ്രാമസഭ മുതല്‍ ജില്ലാ പ്ലാനിങ് കമ്മിറ്റിവരെയുള്ള ചര്‍ച്ചകളും പരിശോധനകളും പൂര്‍ത്തിയായി പലയവസരത്തിലും ഏഴും എട്ടും മാസത്തിനു ശേഷമാണ് പദ്ധതികള്‍ക്ക് നിര്‍വഹണാനുമതി ലഭിച്ചിരുന്നത്.
മൂന്നോ നാലോ മാസംകൊണ്ട് പദ്ധതികള്‍ തട്ടിക്കൂട്ടി നടപ്പാക്കുന്നതുമൂലം ദുര്‍വ്യയവും അഴിമതിയും ഉണ്ടാകാനുള്ള സാധ്യതകളും വലുതായിരുന്നു. ഇതുകൂടി പരിഗണിച്ചാണ് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ മാതൃകയില്‍ ത്രിതല പഞ്ചായത്തിനും നഗരസഭകള്‍ക്കും പഞ്ചവത്സര പദ്ധതി നടപ്പാക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്. ഒരിക്കല്‍ രൂപംനല്‍കിയ പഞ്ചവത്സര പദ്ധതിയില്‍നിന്നുകൊണ്ട് നടപ്പുവര്‍ഷത്തെ പദ്ധതിയും തൊട്ടടുത്ത വര്‍ഷത്തെ പദ്ധതിയും രൂപവത്കരിക്കണം.
ഒന്നാം വര്‍ഷത്തെ പദ്ധതി നിര്‍വഹണം അവസാനഘട്ടത്തിലെത്തുമ്പോള്‍ ദ്രുതവിശകലനം നടത്തി അത്യാവശ്യ സാഹചര്യത്തില്‍ നേരത്തേ അംഗീകാരം വാങ്ങിയ രണ്ടാംവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രോജക്ടുകള്‍ തെരഞ്ഞെടുത്ത് നടപ്പുവര്‍ഷംതന്നെ നിര്‍വഹണം നടത്തുന്ന പ്രവര്‍ത്തനത്തിനും അവസരമുണ്ട്. ഇത് നൂറു ശതമാനം വിനിയോഗത്തിലേക്കെത്തിക്കാന്‍ സഹായിക്കുന്നു. കൂടാതെ രണ്ടാംവര്‍ഷ പ്രോജക്ടുകളുടെ നിര്‍വഹണം സാമ്പത്തിക വര്‍ഷാരംഭത്തില്‍തന്നെ നടപ്പാക്കാനും സാധിക്കും. ഇവിടെ കാലതാമസം ഒട്ടുംതന്നെ വരുന്നുമില്ല.
പുതിയ മാര്‍ഗരേഖയുടെ പ്രത്യേകതകള്‍ താഴെ പറയുന്നവയാണ്
1. പ്രാദേശികമായ ആവശ്യങ്ങള്‍ കണക്കിലെടുത്ത് പദ്ധതി രൂപവത്കരണത്തിനും നിര്‍വഹണത്തിനും പൂര്‍ണമായ അധികാരം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ഗ്രാമ- ബ്ലോക് - ജില്ലാ പഞ്ചായത്ത് ഭരണസമിതികള്‍ക്കുതന്നെ ഉണ്ടായിരിക്കും. ഇപ്രകാരം അധികാരം കൈമാറിയാല്‍ വ്യാപകമായ അഴിമതി ഉണ്ടാകുമെന്ന വിമര്‍ശം തെരഞ്ഞെടുത്ത ജനപ്രതിനിധികളിലുള്ള അവിശ്വാസ പ്രകടനമാണ്.
2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതിരേഖ അംഗീകരിച്ചശേഷം സാങ്കേതിക ഉപദേശക സമിതി മുതല്‍ ജില്ലാ പ്ലാനിങ് കമ്മിറ്റിവരെ നടക്കുന്ന വിശദമായ പരിശോധനമൂലം പദ്ധതിക്ക് അംഗീകാരം ലഭിക്കാന്‍ കാലതാമസം ഉണ്ടാകുന്നു എന്നത് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉയര്‍ത്തിയ പരാതിയായിരുന്നു. റിട്ടയര്‍ ചെയ്ത ചില ഉദ്യോഗസ്ഥന്മാരുടെ ദയാദാക്ഷിണ്യങ്ങള്‍ക്കു മുമ്പില്‍ ജനപ്രതിനിധികള്‍ ഓച്ഛാനിച്ച് നില്‍ക്കേണ്ടിവരുന്ന അവസ്ഥ അധികാരവികേന്ദ്രീകരണത്തിന്റെ തത്വങ്ങള്‍ക്ക് ഒരിക്കലും അനുയോജ്യമായിരുന്നില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം എന്നും കീറാമുട്ടി പദ്ധതികള്‍ക്ക് സാങ്കേതിക അനുമതി ലഭിക്കുന്ന കാര്യത്തിലാണ്. സാങ്കേതിക ഉപദേശക സമിതി പോലുള്ള സംവിധാനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വാതന്ത്രൃത്തെ ഹനിക്കുന്നു എന്ന ആക്ഷേപം ഉണ്ടാക്കിയിരുന്നു. പ്രവര്‍ത്തനം കാലതാമസത്തിനും അനാവശ്യ ഇടപെടലിനും കളമൊരുക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കിയാണ് ഈ കാര്യത്തില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താന്‍ ഗവണ്‍മെന്റ് തയാറായത്. ജനപ്രതിനിധികളില്‍ വിശ്വാസം അര്‍പ്പിച്ചുകൊണ്ടും ഉദ്യോഗസ്ഥന്മാര്‍ക്ക് ഉത്തരവാദിത്തവും ചുമതലയും നല്‍കിക്കൊണ്ടുമാണ് മാര്‍ഗരേഖ തയാറാക്കിയിരിക്കുന്നത്. പഞ്ചായത്തിലെ പ്രോജക്ടുകള്‍ തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സമയബന്ധിതമായി അംഗീകാരം കൊടുക്കണം. സാങ്കേതിക അനുമതിയുടെ കാര്യത്തില്‍ കാലതാമസം ഒഴിവാക്കുന്നതിനായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കമ്മിറ്റികള്‍ രൂപവത്കരിക്കുന്നുമുണ്ട്. ടെക്നിക്കല്‍ അപ്പലേറ്റ് കമ്മിറ്റികള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശമുള്ളത് സാങ്കേതിക അനുമതി നല്‍കിയതിനുള്ള പരാതിയില്‍ തീര്‍പ്പുകല്‍പിക്കാനാണ്.
കേരളത്തിലെ തദ്ദേശ സ്വയംഭരണാധിപന്മാര്‍ നിബന്ധനകളില്ലാതെ ഫണ്ടിനുവേണ്ടി മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. പുതിയ മാര്‍ഗരേഖ ഒരളവുവരെ ഇത് പ്രദാനം ചെയ്യുന്നു. നേരത്തേ നിലനിന്നിരുന്ന കര്‍ക്കശമായ മേഖലാ വിവേചനം ഇല്ലാതായിരിക്കുന്നു എന്നതാണൊരു പ്രത്യേകത. ഇവിടെ ഉല്‍പാദന, സേവന മേഖലകള്‍ക്കുള്ള പരിധി പറയുന്നുമില്ല. അതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യുക്തിക്ക് അനുസൃതമായി ചെയ്യാവുന്നതാണ്. പദ്ധതി മാര്‍ഗനിര്‍ദേശകരുടെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം കാര്‍ഷിക മേഖലക്ക് പ്രത്യേകമായി ഫണ്ട് മാറ്റിവെച്ചിട്ടില്ല എന്നതാണ്. പശ്ചാത്തല മേഖലയില്‍ ചെലവഴിക്കാവുന്ന പദ്ധതികള്‍ക്ക് പരിധി നിശ്ചയിച്ച സാഹചര്യത്തില്‍ കാര്‍ഷിക മേഖലക്ക് അര്‍ഹമായ പരിഗണന പദ്ധതി രൂപവത്കരണത്തില്‍ ലഭിക്കുകതന്നെ ചെയ്യും. എന്നു മാത്രമല്ല കൃഷിവകുപ്പിന്റെ ഗണ്യമായ പദ്ധതി വിഹിതം കാര്‍ഷിക മേഖലയില്‍ മാറ്റിവെച്ചിട്ടുള്ളതിനാല്‍ കാര്‍ഷിക വികസന പദ്ധതികള്‍ക്ക് ഒരിക്കലും ഫണ്ടിന്റെ കുറവ് അനുഭവപ്പെടാന്‍ പോകുന്നില്ല. മറ്റൊരു ആരോപണം ഉദ്യോഗസ്ഥ മേധാവിത്വം പുതിയ മാര്‍ഗരേഖമൂലം ഉണ്ടാകുന്നുവെന്നാണ്. പുതിയ മാര്‍ഗരേഖയില്‍ പഞ്ചായത്ത് സമിതി അംഗീകരിക്കുന്ന പദ്ധതിയുടെ സാങ്കേതികക്ഷമത, സബ്സിഡി മാനദണ്ഡങ്ങള്‍, എസ്റ്റിമേറ്റ് നിരക്ക് എന്നിവ സംബന്ധിച്ച് പഞ്ചായത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തേണ്ടതും പ്രസ്തുത ഉദ്യോഗസ്ഥന്റെ മേലുദ്യോഗസ്ഥന്‍ പരിശോധിച്ച് സാങ്കേതിക അനുമതി നല്‍കേണ്ടതുമാണെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇത് എങ്ങനെയാണ് ഉദ്യോഗസ്ഥ നിയന്ത്രണമോ മേധാവിത്തമോ ആകുന്നത്? ആരോടും ഉത്തരം പറയാന്‍ ബാധ്യതയില്ലാത്ത റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥന്മാര്‍ ഉള്‍പ്പെടുന്ന സാങ്കേതിക ഉപദേശക സമിതിയുടെ പിന്നാലെ അംഗീകാരത്തിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പോകണമെന്നു പറയുന്നത് ഏതു ജനാധിപത്യ മര്യാദയാണ്. ഇത് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ അവഹേളിക്കുന്നതിന് തുല്യമല്ലേ?
അധികാരവികേന്ദ്രീകരണത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അടിസ്ഥാന ഘടകമാണ് ഗ്രാമസഭകള്‍. ഗ്രാമസഭകളെ ശാക്തീകരിക്കുന്നതിനും വാര്‍ഡിലെ വികസന പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടി ഗ്രാമകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള നിര്‍ദേശം മാര്‍ഗരേഖയിലുണ്ട്. ഇതിനായി ഓരോ വാര്‍ഡിലും 50,000 രൂപവരെ ചെലവഴിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. വാര്‍ഡ് കേന്ദ്രീകൃതമായ പ്രവര്‍ത്തനത്തില്‍ ശ്രദ്ധചെലുത്താന്‍ വാര്‍ഡ് ജനപ്രതിനിധിയിലൂടെ പുതിയ സംവിധാനം വഴിയൊരുക്കുന്നു.
ജില്ലയിലെ പൊതുവികസന കാഴ്ചപ്പാടും മുന്‍ഗണനകളും വ്യക്തമാക്കുന്ന ഒരു ജില്ലാ പരിപ്രേക്ഷ്യരേഖ തയാറാക്കി വിവിധ ഫണ്ടുകളുടെയും സ്കീമുകളുടെയും ഏകോപനം ഉറപ്പുവരുത്തിയും എം.എല്‍.എ, എം.പി എന്നിവരുടെ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും സമഗ്രമായ ജില്ലാ പദ്ധതി തയാറാക്കണമെന്ന് രേഖ നിര്‍ദേശിക്കുന്നു.
കഴിഞ്ഞ കാലങ്ങളില്‍ യാന്ത്രികമായി ചെയ്തുവന്ന പ്രോജക്ടുകളുടെ അംഗീകാരം നല്‍കുന്ന രീതിക്ക് മാറ്റം വന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓരോ പ്രോജക്ടും പരിശോധിച്ച് ഡി.പി.സി അംഗീകാരം നല്‍കുന്നതിനു പകരം പദ്ധതിരേഖ അംഗീകരിച്ചാല്‍ മതി. സാങ്കേതിക അനുമതി, നിര്‍വഹണം എന്നിവയുടെ അവലോകനവും മോണിറ്ററിങ്ങും ജില്ലാ ആസൂത്രണ സമിതി ചെയ്യേണ്ടതായുണ്ട്. ക്വാളിറ്റി മോണിറ്റേഴ്സിനെ ഉപയോഗപ്പെടുത്തി സോഷ്യല്‍ ഓഡിറ്റ് സമ്പ്രദായം കാര്യക്ഷമമാക്കുന്ന ചുമതലയും അവരില്‍ നിക്ഷിപ്തമാണ്. കേരളം രൂപപ്പെടുത്തിയതും ദേശീയ തലത്തില്‍ അംഗീകാരം ലഭിച്ചതുമായ പദ്ധതി ആസൂത്രണ രീതിയില്‍ ഒരു വ്യതിയാനവും വരുത്തിയിട്ടില്ല. അധികാര വികേന്ദ്രീകരണം വ്യവസ്ഥാപിതമാക്കുന്നതിനുള്ള ശക്തമായ നിലപാടാണ് പുതിയ മാര്‍ഗരേഖയിലൂടെ കൈക്കൊണ്ടിട്ടുള്ളത്.

(ഗ്രാമവികസന-പ്ലാനിങ് മന്ത്രിയാണ് ലേഖകന്‍)


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com