Sat, 07/07/2012 - 23:22 ( 45 weeks 6 daysago)
യുദ്ധ പ്രതീതിയില്‍ ഒളിമ്പിക്സ് നഗരം
ലണ്ടന്‍: നഗരം മുഴുവന്‍ സൈന്യം, ആകാശത്ത് വട്ടമിട്ട് പോര്‍ വിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളും. തെരുവ് നിറയെ സര്‍വസജ്ജരായ പൊലീസുകാര്‍. സഞ്ചാരികളുടെ കേന്ദ്രമായ തൈംസ് നദിയില്‍ നങ്കൂരമിട്ട് റോയല്‍ നേവിയുടെ ഏറ്റവും വലിയ പടക്കപ്പലും. ലോകയുദ്ധത്തിന്റെ പോരാട്ട ചൂടിനിടയിലെ രംഗമല്ലിത്. ലോകം ആവേശത്തോടെ കാത്തിരിക്കുന്ന കായിക ഉത്സവത്തിനൊരുങ്ങുന്ന ലണ്ടന്‍ മഹാനഗരത്തിന്റെ ഏറ്റവും പുതിയ കാഴ്ചയാണിത്.
മൂന്നാഴ്ചയില്‍ കുറഞ്ഞു മാത്രം ദിനങ്ങള്‍ അവശേഷിക്കുന്ന ലണ്ടന്‍ ഒളിമ്പിക്സിനു മുന്നോടിയായി സംഘാടകര്‍ക്കും ബ്രിട്ടീഷ് സര്‍ക്കാറിനും നെഞ്ചിടിപ്പ് തീര്‍ക്കുന്ന സുരക്ഷാ ഭീഷണിയെ നേരിടാനാണ് ലോകം കണ്ടതില്‍ ഏറ്റവും ശക്തമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ലണ്ടനില്‍ ഒരുക്കിയിരിക്കുന്നത്. ഒരോ മണിക്കൂറിലും ശക്തമാവുന്ന സുരക്ഷാ വിന്യാസത്തിനിടയില്‍ മഹാനഗരത്തിലെ ഓരോ ചെറു ചലനങ്ങളും നിരീക്ഷണവിധേയം.
ഒളിമ്പിക്സ് അട്ടിമറിക്കാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നുവെന്ന സൂചനയെ തുടര്‍ന്നാണ് സുരക്ഷാ വിന്യാസം അതി ശക്തമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് സംശയകരമായ നീക്കങ്ങളാണ് സുരക്ഷാ സൈന്യം പരാജയപ്പെടുത്തിയത്. വടക്കന്‍ ഇംഗ്ളണ്ടില്‍നിന്ന് ആയുധവുമായി ഏഴു പേരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. മറ്റൊരു സംഭവത്തില്‍ ജനവാസ കേന്ദ്രത്തിലെ റെയ്ഡിനിടയില്‍ ആറു പേരെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റു ചെയ്തു. എന്നാല്‍, ഒളിമ്പിക്സുമായി ഇതിനു ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു.
870 ദശലക്ഷം ഡോളറാണ് ഇതുവരെ സുരക്ഷക്കായി ഒളിമ്പിക് സംഘാടക സമിതിയും സര്‍ക്കാറും നീക്കിവെച്ചത്. എന്നാല്‍, ഒളിമ്പിക്സും പാരാലിമ്പിക്സും കഴിയുന്നതോടെ സുരക്ഷാ ബജറ്റ് ഇരട്ടിയാവുമെന്നാണ് വിലയിരുത്തല്‍. 2010 വാന്‍കൂവര്‍ ശീതകാല ഒളിമ്പിക്സിന് മാത്രം സുരക്ഷക്ക് 900 ദശലക്ഷം ഡോളര്‍ ചിലവഴിച്ചു. ഒളിമ്പിക്സിന് ആകെ ചിലവ് 1477 കോടി ഡോളറാണ് പ്രതീക്ഷിക്കുന്നത്്. ഇത് 2005ല്‍ കണക്കാക്കിയതിന്റെ നാലുമടങ്ങ് ഇരട്ടിയാണ്.
ഭീകരാക്രമണവും പ്രതിഷേധങ്ങളും അടിച്ചമര്‍ത്താന്‍ ലക്ഷ്യമിട്ടാണ് സുരക്ഷ കര്‍ക്കശമാക്കിയത്. 12,500 പൊലീസുകാര്‍ ലണ്ടനിലെ തെരുവില്‍ ജാഗരൂകരാവുമ്പോള്‍ വേദികളില്‍ 23,000 പേരെ വിന്യസിക്കും. ഇതിനു പുറമെ സ്വകാര്യ പൊലീസും വളന്റിയര്‍മാരും സജീവം. വിമാനവാഹിനി കപ്പലായ എച്ച്.എം.എസ് ഒഷ്യനാണ് തൈംസ് നദിയില്‍ നങ്കൂരമിട്ടത്. ഒളിമ്പിക് സ്റ്റേഡിയത്തിന് കിഴക്ക് 23 കിലോമീറ്റര്‍ അകലെയാണ് റോയല്‍ എയര്‍ഫോഴ്സിന്റെ ടൈഫൂണ്‍ ജറ്റുകള്‍ ഏത് സാഹചര്യവും നേരിടാനായി നിലയുറപ്പിക്കുന്നത്. ഒളിമ്പിക്സിന് തുടക്കം കുറിക്കുന്ന ജൂലൈ 27ന് മുമ്പായി പ്രധാന വേദികളും ഗെയിംസ് വില്ലേജും സുരക്ഷാ സൈന്യം സീല്‍ ചെയ്ത് നിയന്ത്രണം ഏറ്റെടുക്കും. വേദികളെല്ലാം മാസം മുമ്പുതന്നെ സൈനിക നിയന്ത്രണത്തിലാണ്.
ഒളിമ്പിക്സ് പാര്‍കില്‍ ദിനേന മൂന്നു ലക്ഷം പേരെത്തുമെന്നാണ് പ്രതീക്ഷ. വിവിധ വേദികളിലെ സന്ദര്‍ശകര്‍ ഒരോ ദിവസവും പത്തു ലക്ഷത്തിന് മുകളിലും.
നിങ്ങളുടെ അഭിപ്രായങ്ങള്‍