Sat, 07/07/2012 - 21:20 ( 45 weeks 2 daysago)
വിംബിള്‍ഡന്‍: സെറീനക്ക് കിരീടം
(+)(-) Font Size
വിംബിള്‍ഡന്‍: സെറീനക്ക് കിരീടം

ലണ്ടന്‍: വിംബ്ള്‍ഡണ്‍ ഓപണ്‍ വനിതാ വിഭാഗം സിംഗ്ള്‍സ് കിരീടം അമേരിക്കയുടെ സെറീന വില്യംസിന്. സെന്റര്‍ കോര്‍ട്ടില്‍ നടന്ന കലാശ പോരാട്ടത്തില്‍ മൂന്നാം സീഡ് പോളണ്ടിന്റെ അഗ്നസ്ക റുഡ്വാന്‍സ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴ്പെടുത്തിയാണ് ഗ്രാന്‍ഡ് സ്ലാമുകളുടെ തമ്പുരാട്ടി അഞ്ചാം വിംബ്ള്‍ഡണ്‍ കിരീടം ചൂടിയത്. സ്കോര്‍: 6-1, 5-7, 6-2. രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം സെറീന വില്യംസിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടനേട്ടം കൂടിയാണിത്്. 2010ല്‍ വിംബ്ള്‍ഡണിലൂടെ തന്നെയായിരുന്നു അമേരിക്കന്‍ താരത്തിന്റെ അവസാന കിരീടം. നേത്തെ 2002, 2003, 2009 വര്‍ഷങ്ങളിലും സെന്‍ട്രല്‍ കോര്‍ട്ടില്‍ സെറീന കറുപ്പഴകിലൂടെ ചരിത്രം കുറിച്ചിരുന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരം കൂടിയായ സെറീനയുടെ കരിയറിലെ 14ാം ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടമാണിത്. 2010ലെ വിംബ്ള്‍ഡണ്‍ നേട്ടത്തോടെ പരിക്ക് വേട്ടയാടിയ സെറീന നീണ്ടകാലം കളത്തിനു പുറത്തായിരുന്നു. ഒടുവില്‍ കാല്‍ വേദനയും മാറി തിരിച്ചെത്തിയത് കഴിഞ്ഞ വര്‍ഷത്തെ വിംബ്ള്‍ഡണ്‍ പോരാട്ടത്തില്‍ തന്നെ. എന്നാല്‍, സെമിയില്‍ പുറത്തായ താരം അടുത്ത യു.എസ് ഓപണില്‍ ഫൈനല്‍ വരെയെത്തി തിരിച്ചുവരവ് അറിയിച്ചു. ഈ സീസണില്‍ നിരാശയായിരുന്നു ഫലം. ആസ്ട്രേലിയന്‍ ഓപണില്‍ സെമിയില്‍ പുറത്തായ സെറീന തൊട്ടു പിന്നാലെ നടന്ന ഫ്രഞ്ച് ഓപണില്‍ ആദ്യ റൗണ്ടില്‍ തന്നെ കീഴടങ്ങി. ഒടുവില്‍ ഇഷ്ട വേദിയായ വിംബ്ള്‍ഡണിലെ പുല്‍കോര്‍ട്ടിലൂടെ വനിതാ ടെന്നിസിലെ താരം വീണ്ടും കിരീട തിളക്കത്തിലേക്ക് തിരിച്ചെത്തി.
നിലവിലെ ചാമ്പ്യന്മാരക്കം സൂപ്പര്‍ താരങ്ങള്‍ നേരത്തെ തന്നെ അടിയറവു പറഞ്ഞ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കരുത്തയായ എതിരാളിക്കുമേല്‍ ചാമ്പ്യന്റെ പ്രകടനമായിരുന്നു സെറീന പുറത്തെടുത്തത്. ആദ്യ സെറ്റില്‍ എതിരാളിയെ നിലംപരിശാക്കി മത്സരം 6-1ന് പിടിച്ചെടുത്തപ്പോള്‍ സെറീനയുടെ കരുത്തുറ്റ ബാക്ഹാന്‍ഡ് ഷോട്ടുകള്‍ കളം വാണു. രണ്ടാം സെറ്റ് മഴ കാരണം അല്‍പം വൈകിയാണ് ആരംഭിച്ചത്. എന്നാല്‍, കാലാവസ്ഥ മാറിയപ്പോള്‍ റുഡ്വാന്‍സ്ക തിരിച്ചടിച്ചു. ടൈബ്രേക്കറിലേക്ക് നീങ്ങിയപ്പോള്‍ പോളിഷ് താരം സെറ്റ് പിടിച്ചെടുത്ത് കളി ആവേശമാക്കി. നിര്‍ണായക മൂന്നാം സെറ്റില്‍ സെറീനക്കു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന റുഡ്വാന്‍സ്കയെയാണ് കണ്ടത്. ശാരീരിക മിടുക്കും പുല്‍കോര്‍ട്ടിലെ പരിചയസമ്പത്തും സെറീനയെ അനുഗ്രഹിച്ചപ്പോള്‍ പോളിഷ് വെല്ലുവിളി പാതി വഴിയില്‍ കിതച്ചുവീണു.
പുരുഷ സിംഗ്ള്‍സ് ഫൈനലില്‍ ഞായറാഴ്ച റോജര്‍ ഫെഡറര്‍ ബ്രിട്ടന്റെ ആന്‍ഡി മറെയെ നേരിടും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus