ലണ്ടന്‍ ഒളിംപിക്സ് ഉദ്ഘാടന വേദിയില്‍ റഹ്മാനും ഇളയരാജയും

ലണ്ടന്‍ ഒളിംപിക്സ് ഉദ്ഘാടന വേദിയില്‍ റഹ്മാനും ഇളയരാജയും

2012 ലണ്ടന്‍ ഒളിംപിക്സിന് ഇനി അവശേഷിക്കുന്നത് ദിവസങ്ങള്‍ മാത്രം. ഒളിംപിക്സിന്‍െറ ഉദ്ഘാടന പരിപാടികള്‍ എല്ലാ തവണയും ലോകത്താകമാനമുള്ള കായിക പ്രേമികള്‍ക്ക് തീരാത്ത അത്ഭുതമാണ് സമ്മാനിക്കാറ്. ഉദ്ഘാടന ചടങ്ങിന് മിഴവേകാന്‍ ഒരുക്കുന്ന പരിപാടികളെക്കുറിച്ച് ആതിഥ്യമരുളുന്ന രാജ്യം തീരാത്ത സസ്പെന്‍സ് കാത്തുവക്കുകയാണ്. ഒളിംപിക്സിന് ലണ്ടന്‍ നഗരം ആതിഥ്യമരുളുമ്പോള്‍ ലോകത്താകമാനമുള്ള ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന നിമിഷമാകും അത്. തമിഴ് സിനിമാ സംഗീത ലോകത്തു നിന്നും വളര്‍ന്ന രണ്ട് അതികായര്‍ ലോകത്തെ ഏറ്റവും വലിയ വേദികളിലൊന്നില്‍ ഒന്നിക്കുകയാണ്.

ഹോളിവുഡ് സംവിധായകന്‍ ഡാനി ബോയിലിനെ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. ലണ്ടന്‍ ഒളിംപിക്സിന്‍െറ ഉദ്ഘാടന ചടങ്ങുകളുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഡാനി ബോയിലാണ്. ബ്രിട്ടനിലെ ഇന്ത്യക്കാരുടെ സ്വാധീനം കൂടി ഉദ്ഘാടന ചടങ്ങിന് ഉപയോഗപ്പെടുത്തി ആഘോഷമാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിന് ബോയില്‍ തെരഞ്ഞെടുത്തത് എ.ആര്‍ റഹ്മാനെയും ഇളയരാജയെയുമാണ്.

ഒളിംപിക്സ് വേദിയില്‍ അവതരിപ്പിക്കാന്‍ എ.ആര്‍ റഹ്മാന്‍ ഒരുക്കുന്നത് ഒരു പഞ്ചാബി ഗാനമാണ്. ഇതേക്കുറിച്ച് റഹ്മാന്‍ തന്‍െറ ഫെയ്സ് ബുക്ക് പേജില്‍ വ്യക്തമാക്കിക്കഴിഞ്ഞു. 'ഒളിംപിക്സിന് വേണ്ടി ഞാന്‍ കംപോസ് ചെയ്യുന്നത് ഒരു പഞ്ചാബി ഗാനമാണ്. ഡാനി ബോയിലിന്‍െറ സംവിധാനത്തില്‍ ഒളിംപിക്സ് ഉദ്ഘാടന വേദിയിലാണ് ഈ ഗാനം അവതരിപ്പിക്കുക'-റഹ്മാന്‍ പറയുന്നു. 'സ്ളംഡോഗ് മില്ല്യണയറി'ന്‍െറയും '127 അവറി'ന്‍െറയും വിജയത്തിനു ശേഷം റഹ്മാനും ബോയിലും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്.

തന്‍െറ തന്നെ സംഗീതത്തില്‍ 1980ല്‍ പുറത്തിറങ്ങിയ റാം ലക്ഷ്മണ്‍ എന്ന ചിത്രത്തിലെ ‘നാന്‍താന്‍ ഉങ്കപ്പന്‍ടാ’ എന്ന ഗാനമാണ് ഉദ്ഘാടന ചടങ്ങില്‍ ഇളയരാജ അവതരിപ്പിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 12 വരെയാണ് ലണ്ടന്‍ ഒളിംപിക്സ് നടക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus