സീപോര്‍ട്ട്: 800 കോടിയുടെ കരാറായി; പദ്ധതി 2016ല്‍ പൂര്‍ത്തിയാകും

ദോഹ: അത്യാധുനിക സൗകര്യങ്ങളോടെ ഖത്തര്‍ സ്ഥാപിക്കുന്ന പുതിയ ദോഹ സീപോര്‍ട്ടിന്‍െറ നിര്‍മാണത്തിന് ബ്രിട്ടീഷ് കമ്പനികളുമായി 800 കോടി റിയാലിന്‍െറ കരാറുകളിലത്തെിയതായി പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നബീല്‍ അല്‍ബൂഐനൈന്‍ വെളിപ്പെടുത്തി. ഖത്തറിന്‍െറ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ വിദേശ കമ്പനികള്‍ക്ക് പരിചയപ്പെടുത്തുന്നതിന് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോര്‍ട്ടിനാവശ്യമായ തടാകം, അമീരീ നേവല്‍ ബെയ്സിലേക്കുള്ള കനാലിന്‍െറ നിര്‍മാണം എന്നിവയടക്കം വിവിധ നാവിക പദ്ധതികളില്‍ വൈദഗ്ധ്യമുള്ള കമ്പനികളുമായാണ് കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്. 2700 കോടി റിയാലാണ് പദ്ധതിക്ക് കണക്കാക്കുന്ന മൊത്തം ചെലവ്. കരാറിലേര്‍പ്പെട്ട ബ്രിട്ടീഷ്, യൂറോപ്യന്‍ കമ്പനികളും മറ്റുള്ളവയും നിര്‍മാണത്തിനാവശ്യമായ ഉപകരണങ്ങളും ഇതര സൗകര്യങ്ങളുമൊരുക്കുന്നതില്‍ സ്ഥിരമായി വിദേശ കമ്പനികളെ ആശ്രയിക്കുന്നതിന് പകരം പ്രാദേശിക കമ്പനികളെ ആശ്രയിക്കണമെന്ന് ബൂഐനൈന്‍ ആവശ്യപ്പെട്ടു. പദ്ധതികള്‍ നിര്‍ദ്ദിഷ്ട സമയത്ത് നിശ്ചിത കരാര്‍ തുകയില്‍ തീര്‍ക്കണം. സീപോര്‍ട്ടും അതിനകത്തുള്ള പദ്ധതികളില്‍ ഭൂരിഭാഗവും 2016ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ബൂഐനൈന്‍ കൂട്ടിച്ചേര്‍ത്തു.
ദോഹ സീപോര്‍ട്ട്, അമീരീ നേവല്‍ ബെയ്സ്, രണ്ടാമത് സാമ്പത്തിക മേഖലയിലേക്കുള്ള കനാല്‍ എന്നീ മൂന്ന് ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് സീപോര്‍ട്ട് പദ്ധതി. വിഷന്‍ 2030നോടനുബന്ധിച്ച് 2007ല്‍ രൂപം നല്‍കിയ പദ്ധതി ഭാവിയില്‍ ജി.സി.സി. രാജൃങ്ങളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന റെയില്‍വെ ശൃംഖലയുടെ കൂടി ഭാഗമായിത്തീരും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus