നജ്റാനില്‍ പലിശയുടെ സിരാകേന്ദ്രമാണ് ഖാലിദിയ്യ. അവിടെ സ്വദേശിയുടെ ഭക്ഷണശാലയുടെ മറവില്‍ ഇരുപത് വര്‍ഷത്തോളമായി മലപ്പുറത്തുകാരന്‍ പലിശവ്യാപാരം നടത്തുന്നു. അറീസ മേഖലയില്‍ തയ്യല്‍ ജോലി ചെയ്യുന്ന സഹോദരനും ബിസിനസ് പങ്കാളിയാണ്. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് ഭാര്യാസഹോദരങ്ങള്‍ നടത്തുന്ന ബ്ളേഡ് ബാങ്കിന്‍െറ മറവിലാണ് ഇവരുടെ കൊയ്ത്ത്. സ്വദേശികളുടെ ഇടയിലുള്ള വിപുലമായ സ്വാധീനം ഉപയോഗിച്ച് വിസക്കച്ചവടം നടത്തുന്ന ഇവര്‍ വിസക്ക് കച്ചവടത്തിന് രണ്ട് ലക്ഷം രൂപയാണ് ഈടാക്കുന്നത്. വിസ കൊടുത്ത് ഇവിടെ എത്തുന്ന സാധാരണക്കാരെ തുഛമായ ശമ്പളത്തില്‍ ജോലി ചെയ്യിക്കുന്നു. പ്രതിഷേധിച്ചവരെയൊക്കെ സ്വന്തം സ്ഥാപനത്തില്‍ നിന്ന് പറഞ്ഞുവിടുകയോ സ്പോണ്‍സറുമായി ബന്ധപ്പെട്ട് ഹുറൂബാക്കുകയോ ആണ് പതിവ്. ഇയാളുടെ സ്ഥാപനത്തിന്‍െറ തൊട്ടടുത്തുള്ള കോട്ടയം സ്വദേശി ഈ അടുത്ത സമയത്ത് ലക്ഷണക്കിന് റിയാലിന്‍െറ കടവുമായി മുങ്ങിയിരുന്നു. ഇദ്ദേഹം ലക്ഷക്കണക്കിന് റിയാല്‍ മലപ്പുറത്തുകാരന് നല്‍കാനുണ്ടത്രെ.
നജ്റാനിലെ മറ്റൊരു മുന്‍നിര പലിശക്കാരനായ തിരുവല്ല സ്വദേശിയുടെ ഇടപാട് മറ്റൊരു രീതിയിലാണ്. നജ്റാനിലെ ചരിത്രപ്രധാനമായ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന പഞ്ചര്‍കടയാണ് വട്ടപ്പലിശയുടെ കേന്ദ്രം. മേഖലയിലെ പ്രധാന ഇടതുസംഘടനയുടെ ഉന്നതസ്ഥാനം വഹിക്കുന്നയാളാണ്. സാമൂഹികപ്രവര്‍ത്തനം പലിശ വ്യാപാരത്തിനു മുതല്‍ക്കൂട്ടാക്കുന്നതെങ്ങനെയെന്ന് ഇയാള്‍ കാണിച്ചുതരുന്നു. മൂന്ന് വര്‍ഷം മുമ്പ് കൊല്ലം തൊടിയൂര്‍ സ്വദേശിയുടെ വാഹനാപകട കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്നു. മരണപ്പെട്ട കണ്ണൂര്‍ സ്വദേശിയുടെ കുടുംബം ആവശ്യപ്പെട്ട തുക സ്വരൂപിക്കാന്‍ പിരിവ് നടത്തിയിരുന്നു ഇയാള്‍. പരസ്യ പിരിവിനെ തുടര്‍ന്ന് രഹസ്യപ്പോലിസിന്‍െറ വലയില്‍ ഇയാളും കൂട്ടാളിയായ കൊല്ലം സ്വദേശിയും അകപ്പെട്ടു. സമൂഹത്തിലെ ഉന്നതവ്യക്തികള്‍ ഇടപെട്ടതിനെ തുടര്‍ന്ന് രക്ഷപ്പെട്ട ശേഷം ഇപ്പോള്‍ സാമൂഹികപ്രവര്‍ത്തകരുടെ പിന്‍ബലത്തില്‍ വട്ടിപ്പലിശ രംഗത്ത് കൊടികുത്തി വാഴുകയാണ്. ദിവസപ്പലിശ, ആഴ്ച പലിശ, മാസപലിശ എന്ന ക്രമത്തിലാണ് പിരിവ് നടത്തുന്നത്. രഹസ്യമായാണ് തുക കൈമാറ്റം എന്നു മാത്രം. പലിശക്കൊപ്പം ഇയാള്‍ക്കും കൂട്ടാളികള്‍ക്കും അനുബന്ധ ബിസിനസുകള്‍ വേറെയുമുണ്ട്. കൊട്ടാരക്കര സ്വദേശിയെ ഈ അടുത്ത സമയത്ത്് മദ്യക്കച്ചവടത്തിന്‍െറ പേരില്‍ പിടികൂടി നാട്ടിലേക്ക് കയറ്റി വിട്ടിരുന്നു. കമ്പനി ജോലി ചെയ്യുന്നവരെ പ്രലോഭിപ്പിച്ച് പല ബിസിനസുകളും തുടങ്ങാനുള്ള പ്രചോദനവും ‘സഹായ’വും വട്ടപ്പലിശക്കാര്‍ നല്‍കുന്നുണ്ട്. തിരിച്ചടവില്‍ പലിശ കൊടുത്ത് മുടിഞ്ഞ് അവസാനം ഇത്തരം സ്ഥാപനങ്ങള്‍ ‘ജപ്തി ചെയ്ത് എടുക്കാനും’ ഇവര്‍ തന്നെ മുന്‍നിരയിലുണ്ടാകും.
വര്‍ഷങ്ങള്‍ക്കു മുമ്പ് നജ്റാനില്‍ ശമ്പളം വളരെ കുറവായിരുന്ന കാലത്ത് അധികവരുമാനത്തിനും, ജീവിതം കൂട്ടിമുട്ടിക്കുന്നതിനായി പലരും സിനിമ കസെറ്റുകള്‍ റെക്കോഡ് ചെയ്ത് വില്‍പന നടത്തിയിരുന്നു. ഇതിനിടെ അധ്വാനം കുറച്ചും, പണം പെട്ടെന്ന് വാരിക്കൂട്ടാമെന്നു കണ്ടും നീലച്ചിത്ര കസെറ്റുകള്‍ വില്‍പനക്കത്തെിച്ചിരുന്ന തൃശൂര്‍ ചാലക്കുടിക്കാരന്‍ നജ്റാനിലെ രാജമാണിക്യമായി വളരുകയാണ്. ഒരിക്കല്‍ പൊലീസിന്‍െറ വലയില്‍ കുടുങ്ങി നാടണഞ്ഞ ഇയാളുടെ സഹോദരന്‍ പിന്നീട് മതംമാറി പുതിയ വിസയില്‍ നജ്റാനിലത്തെി പ്രാര്‍ഥനാസംഘത്തോടൊപ്പം സജീവമായി. സംഘത്തിന്‍െറ സഹായത്താല്‍ മത്സ്യക്കച്ചവടം നടത്തുന്ന കക്ഷി ഇന്ന് നജ്റാനിലെ ഒന്നാംനമ്പര്‍ പലിശക്കാരില്‍ ഒരാളാണ്. നജ്റാനിലെ പ്രമുഖരായ വസ്ത്രവ്യാപാരികളും മറ്റു കച്ചവടക്കാരുമെല്ലാം ഇയാളുടെ ഇടപാടുകാരാണ്. ജീസാന്‍, അബ്ഹ, ഖമീസ് മുശൈത്, നജ്റാന്‍ തുടങ്ങിയ എല്ലാ പ്രധാനകേന്ദ്രങ്ങളിലും കച്ചവടക്കാര്‍ക്ക് ലക്ഷങ്ങളാണ് ഇയാള്‍ പലിശക്ക് നല്‍കുന്നത്. ചെറിയ തുകകള്‍ നല്‍കാറില്ല. കച്ചവടത്തില്‍ പങ്കുചേരുകയും ബിസിനസ് പോഷിപ്പിക്കാന്‍ പലിശക്ക് കടംകൊടുക്കുകയും ഒടുവില്‍ വീട്ടാനാവാതെ വരുമ്പോള്‍ കച്ചവടം പൂര്‍ണമായും വിഴുങ്ങുകയും ചെയ്യുന്ന പുതിയ രീതിയും ഇയാള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്.
നജ്റാന്‍െറ പ്രാന്തത്തിലുള്ള അറീസയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചര്‍ കടയുടെ മറവില്‍ മദ്യവ്യവസായം നടത്തി ലക്ഷങ്ങളുണ്ടാക്കിയ വ്യക്തി ഇന്ന് പഞ്ചര്‍ കട നിറുത്തി പലിശ രാജാവായി മാറി. 1000 റിയാലിന് പത്ത് ദിവസത്തേക്ക് 100 റിയാല്‍ പലിശ ഈടാക്കിയായിരുന്നു ഈ തൃശൂരുകാരന്‍െറ തുടക്കം. ആദ്യമാദ്യം തമിഴ്, മലയാളി പഞ്ചര്‍കടക്കാര്‍ മാത്രമായിരുന്നു ഇടപാടുകാര്‍. പലിശ കൊടുത്ത് മുടിഞ്ഞ് ഇവരെല്ലാം കടകളടച്ച് പൂട്ടേണ്ടി വന്നു. ചിലര്‍ മറ്റുള്ളവര്‍ക്ക് കട കൈമാറിയ ശേഷം പലിശക്കാര്‍ അറിയാതെ നാട്ടിലേക്ക് മുങ്ങി. പിന്നീട് ഇയാള്‍ അറീസയില്‍ നിന്ന് ഖാലിദിയ്യയിലേക്ക് പലിശവ്യാപാരം വ്യാപിപ്പിച്ചു. ചില ഏജന്‍റുമാരുടെ സഹായത്തോടെ നാട്ടില്‍ റിയല്‍ എസ്റ്റേറ്റും, ബിസിനസും ആരംഭിച്ചു.
തിരുവനന്തപുരം വിതുര സ്വദേശി അഞ്ച് വര്‍ഷം മുമ്പ് സൗദിയിലത്തെിയത് ഒരു ചെറുകമ്പനിയില്‍ ഡ്രൈവറായി. ചിട്ടിയിലേക്കാണ് അയാള്‍ ആദ്യം കാലെടുത്തു വെച്ചത്. നജ്റാനിലെ ശുദ്ധജലം ലഭിക്കുന്ന പ്രദേശത്ത് താമസിച്ച് അറീസ വരെയുള്ള മേഖലകളിലുള്ള വ്യക്തിബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി ഘട്ടം ഘട്ടമായി പലിശരംഗത്തേക്ക് കടന്നു. ആവശ്യക്കാര്‍ ഏറിയപ്പോര്‍ 60 ശതമാനം പലിശക്ക് ലക്ഷങ്ങള്‍ വിപണിയില്‍ ഇറക്കി. തന്‍െറ കഴുത്തറപ്പന്‍ തേരോട്ടം നടക്കുന്നതിനിടെ മേഖലയിലെ പ്രമുഖ സാമൂഹികപ്രവര്‍ത്തകനുമായി ബിസ്നസ് സംബന്ധമായി ഉടക്കേണ്ടിവന്നു. സാമൂഹികപ്രവര്‍ത്തകന്‍െറ സുഹൃത്തായ കോട്ടയം സ്വദേശിക്ക് ബിസ്നസ് ആവശ്യാര്‍ഥം ഒരു ലക്ഷം റിയാല്‍ പലിശക്ക് നല്‍കിയിരുന്നു. സാമൂഹികപ്രവര്‍ത്തകന്‍ ഇടപെട്ടതിനെ തുടര്‍ന്ന് പലിശക്കാരന് പണം തിരികെ നല്‍കിയില്ല. ഈ പണം നഷ്ടപ്പെട്ടതറിഞ്ഞ് പലിശവ്യാപാരത്തിനു പണം നല്‍കി സഹായിച്ചവര്‍ ഇയാളെ കുടുക്കി. ഒടുവില്‍ അവര്‍ക്കുള്ള കടം വീട്ടാനായി നാട്ടിലെ കോടിക്കണക്കിന് സ്വത്ത് വിറ്റിട്ടും എങ്ങുമത്തെിയില്ല. പണം നല്‍കാത്തതിനാല്‍ ഇദ്ദേഹത്തെ മുറിക്കുള്ളില്‍ രണ്ട് ദിവസത്തോളം പൂട്ടിയിട്ടു. പലിശപ്പണം സ്വയം നശിപ്പിച്ചതിന്‍െറ കുറ്റബോധവുമായി കഴിയുന്ന ഈ പാപ്പരായ കോടീശ്വരന്‍ ആത്മഹത്യവക്കിലാണ്.
അങ്ങനെ പലിശ വാങ്ങുന്നവരെ മാത്രമല്ല കൊടുക്കുന്നവരെയും വരിഞ്ഞുമുറുക്കിയ അനുഭവങ്ങള്‍ ഒട്ടനവധി. സൗദിയുടെ മറ്റു ദിക്കുകള്‍ക്കും പറയാനുള്ളത് ഇതിലും ഭീകരമായ കഥകള്‍. അതിലേക്ക് നാളെ. (തുടരും)
നിങ്ങളുടെ അഭിപ്രായങ്ങള്‍