രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പദ്ധതികള്‍ തിരുതകൃതിയായി നടക്കുന്നതില്‍ അഭിമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. അതേസമയം, സമൂഹത്തിന്റെ നേര്‍പാതിയായ സ്ത്രീജനങ്ങളെ കൈയേറാനും അവരുടെ ജീവിതം തല്ലിയുടക്കാനും ലജ്ജയില്ലാത്ത പുരുഷകേസരിമാര്‍ക്കും ഇന്ത്യയില്‍ പഞ്ഞമില്ല. അസമിലെ കോണ്‍ഗ്രസ് എം.എല്‍.എയായ റൂമിനാഥ് എന്ന നാരി സ്വാതന്ത്രൃം അര്‍ഹിക്കുന്നില്ലെന്ന് ഒരു കൂട്ടം ജനങ്ങള്‍ തീര്‍പ്പുകല്‍പിച്ചിരിക്കുന്നു. റൂമിനാഥിനെ കഴിഞ്ഞയാഴ്ച ജനക്കൂട്ടം അതിക്രൂരമായി അടിച്ചും ഇടിച്ചും അവശയാക്കിയിരിക്കുന്നു. കാരണം? പതിവ് സാമ്പ്രദായികതകളെ ഉല്ലംഘിക്കാന്‍ റൂമി ധീരത കാട്ടിയിരിക്കുന്നു. മരവിച്ചുപോയ മുന്‍ ദാമ്പത്യബന്ധം വിച്ഛേദിച്ച് അവള്‍ സുഹൃത്തിനെ വിവാഹം ചെയ്തിരിക്കുന്നു. ഒരു മുസ്ലിം യുവാവിനെ പുതിയ ജീവിതപങ്കാളിയായി കണ്ടെത്താന്‍ മാത്രം അവള്‍ ധിക്കാരിയായി മാറിയിരിക്കുന്നു. മാത്രമല്ല, ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച കാര്യവും പുതിയ ഇണയെ സ്വീകരിക്കാനുണ്ടായ കാരണങ്ങളും പരസ്യമായി പ്രഖ്യാപിക്കാനുള്ള ആര്‍ജവവും ഈ രാഷ്ട്രീയപ്രവര്‍ത്തക പ്രകടിപ്പിച്ചു. മാന്യതയുടെ ആവരണങ്ങളാല്‍ വിവാഹ-വിവാഹേതര ബന്ധങ്ങളെ സദാ മറച്ചുപിടിക്കാന്‍ പണിപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍ സമൃദ്ധമായുള്ള രാജ്യത്താണ് റൂമി വേറിട്ട നിലപാടുമായി നമ്മുടെ ശ്രദ്ധ കവരുന്നത്.
ജനപ്രതിനിധിയും രാഷ്ട്രീയപ്രവര്‍ത്തകയും ആയിരുന്നിട്ടുപോലും റൂമിനാഥിന്റെ അനുഭവം ഇതാണെങ്കില്‍ സാധാരണ വീട്ടമ്മമാരുടെ സ്ഥിതി എന്താകുമായിരുന്നു എന്നാണ് എന്റെ ആകുലത. തന്റെ നിലച്ചുപോയ ദാമ്പത്യം ഉപേക്ഷിച്ച് പുതിയൊരു വിവാഹബന്ധത്തിന് മുതിരുന്നത് ഒരു സാധാരണക്കാരി ആണെങ്കില്‍ ജനങ്ങള്‍ അവളെ കശക്കി എറിയില്ലേ? ചാരിത്യ്രവും ജീവനും കവര്‍ന്നെടുക്കപ്പെട്ട് ചവറ്റുകൂനയില്‍ തള്ളപ്പെടാന്‍ വരെ അത് മതിയായ കാരണമാകും. ഊരുവിലക്ക് ഉള്‍പ്പെടെയുള്ള പ്രാന്തവത്കരണമാകും ചിലപ്പോള്‍ അത്തരക്കാരെ കാത്തിരിക്കുന്ന ദുര്യോഗം.
ഖേദകരമെന്ന് പറയട്ടെ, റൂമി മര്‍ദിക്കപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍പോലും വിചിത്രമായ മൗനം ദീക്ഷിച്ചുകൊണ്ടിരിക്കുന്നു. സോണിയഗാന്ധി പോലും എന്തെങ്കിലും ഉരിയാടിയതായി ശ്രവിക്കാന്‍ കഴിഞ്ഞില്ല. ഇതര സ്ത്രീനേതാക്കളും ഒരക്ഷരവും മിണ്ടിയില്ല. 'റൂമിനാഥിന്റെ പ്രവൃത്തികള്‍ക്ക് അവള്‍ മാത്രമാണ് ഉത്തരവാദി, ഞങ്ങളോട് തിരക്കിയിട്ടൊന്നുമല്ലല്ലോ അവള്‍ വിവാദ തീരുമാനം കൈക്കൊണ്ടത്' എന്നാണ് ഈ നേതൃഗണത്തിന്റെ മട്ടും മാതിരിയും നല്‍കുന്ന സൂചന.
ഒരു സ്ത്രീക്കുനേരെ ആയിരം കൈകള്‍ ഉയര്‍ന്നിട്ടും രക്ഷിക്കാന്‍ വേണ്ടി ഒരു കരവും ഉയര്‍ന്നില്ല. തനിക്കിഷ്ടപ്പെട്ട വ്യക്തിയെ റൂമിനാഥ് ജീവിതപങ്കാളിയായി സ്വീകരിച്ചതിന്റെ പേരില്‍ എന്തിന് ജനക്കൂട്ടം ഈവിധം ഇളകിയാടണം? ധീരയായ നിലപാടാണ് റൂമി കൈക്കൊണ്ടത്. അതാകട്ടെ അവര്‍ക്ക് തെല്ലും ദഹിക്കുന്നില്ല. റൂമിയുടെ പുതിയ ഭര്‍ത്താവ് സക്കീറിനും പൊതിരെ തല്ലുകിട്ടി. ഇരുവരും തങ്ങിയിരുന്ന ഹോട്ടലിനുനേരെ കല്ലേറുണ്ടായി. ജനങ്ങളെ ഭയന്ന് ടോയ്ലറ്റില്‍ ഒളിച്ച ഇരുവരെയും ഭ്രാന്തുപിടിച്ച ഒരുപറ്റം പേര്‍ വലിച്ചുപുറത്തിട്ട് ആക്രമിക്കുകയായിരുന്നു. മുസ്ലിം ചെറുപ്പക്കാരനെ രണ്ടാം ഭര്‍ത്താവായി സ്വീകരിച്ചതിലായിരുന്നു അവരുടെ പ്രധാന രോഷം.
റൂമിനാഥിനെപ്പോലെ അസാമാന്യ ധീരതയുള്ള സ്ത്രീകള്‍ മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത സര്‍വരുടെയും പിന്തുണ അര്‍ഹിക്കുന്നു. അവളുടെ ഗര്‍ഭസ്ഥ ശിശുവും നമ്മുടെ പിന്തുണ അര്‍ഹിക്കുന്നു. ജീവിതപങ്കാളികളെ കണ്ടെത്തുമ്പോള്‍ സ്ത്രീകള്‍ ധീര നിലപാട് സ്വീകരിക്കണമെന്നാണ് എന്റെ പക്ഷം.
അഖിലേഷിന്റെ മലക്കംമറിച്ചില്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഗ്ളാമര്‍ താരമാണ് യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. മുഖ്യമന്ത്രിക്കസേര ലഭിച്ചിട്ടും സൈക്കിളില്‍ സഞ്ചരിക്കുന്ന രീതി അദ്ദേഹം ഉപേക്ഷിക്കാതിരുന്നത് അഭിനന്ദനീയമാണ്. ആ ലാളിത്യത്തിന്റെ പേരില്‍ ഈ കോളത്തില്‍ ഞാന്‍ അഖിലേഷിനെ അനുമോദിച്ചിരുന്നു. പക്ഷേ, സ്വന്തം നിലപാടില്‍നിന്ന് അദ്ദേഹമിപ്പോള്‍ പിറകോട്ടു മാറുകയാണോയെന്ന് സംശയം. സ്വന്തം സംസ്ഥാനത്തെ എം.എല്‍.എമാര്‍ക്ക് മേല്‍ത്തരം കാറുകള്‍ സമ്മാനിക്കാന്‍ യു.പി മുഖ്യന്‍ തീരുമാനിച്ചു. വിവാദത്തെ തുടര്‍ന്ന് തീരുമാനം മാറ്റാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. എന്തുകൊണ്ട് അവര്‍ക്ക് സൈക്കിള്‍ നല്‍കാന്‍ അദ്ദേഹം തീരുമാനമെടുത്തില്ല.
അഗതയുടെ ഗതി
മന്ത്രി അഗത സാങ്മയുടെ ഗതി എന്താകും? ഈ ചോദ്യം ദല്‍ഹിയിലെ ഉപശാലകളില്‍ ഉത്തരം കിട്ടാതെ ചുറ്റിക്കറങ്ങുന്നു. ഗ്രാമീണ വികസനത്തിനുള്ള കേന്ദ്ര സഹമന്ത്രിയായ അഗതക്ക് സ്വന്തം പിതാവ് സാങ്മയുടെ കരുനീക്കങ്ങളാണ് ഭീഷണിയായി മാറുന്നത്. രാഷ്ട്രപതിയുടെ കുപ്പായം തയ്പ്പിച്ച് കാത്തിരിക്കുന്ന സാങ്മ കോണ്‍ഗ്രസിലെ പ്രഗല്ഭനായ പ്രണബ് മുഖര്‍ജിയോട് അങ്കം കുറിച്ചിരിക്കുന്നു. പ്രണബിനെതിരെ നിരന്തരം ആരോപണാസ്ത്രങ്ങള്‍ തൊടുത്ത് സാങ്മ അലോസരം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ പുത്രിയെ ഇന്ദ്രപ്രസ്ഥത്തില്‍ പൊറുപ്പിക്കേണ്ടെന്ന മനോഭാവം കോണ്‍ഗ്രസില്‍ പടര്‍ന്നുപിടിക്കുകയാണത്രെ.
അംബാസഡര്‍ കഥകള്‍ വീണ്ടും
ഹാര്‍വര്‍ ആന്‍ഡ് കോളിന്‍സ് പ്രസിദ്ധീകരിച്ച 'അംബാസഡേഴ്സ് ക്ളബ്' കഴിഞ്ഞയാഴ്ച അനുവാചകരെ തേടിയെത്തി. മുന്‍ നയതന്ത്രജ്ഞന്‍ കെ.വി. രാജനാണ് ഈ കഥാസമാഹാരം എഡിറ്റ് ചെയ്തത്. സര്‍വീസിലിരിക്കെ നേരിട്ട അനുഭവങ്ങളാണ് ഓരോ മുന്‍ അംബാസഡറും കഥാരൂപത്തില്‍ വായനക്കാരുമായി പങ്കുവെക്കുന്നത്. സേവനകാലത്ത് ഇത്തരം വെളിപ്പെടുത്തലുകള്‍ക്ക് എന്തുകൊണ്ട് നയതന്ത്രജ്ഞര്‍ ധൈര്യപ്പെടുന്നില്ല? അതും മറ്റൊരു നയതന്ത്രജ്ഞതയാകാം -ഇന്നതേ പറയാവൂ ഇന്നതേ ചെയ്യാവൂ എന്ന സ്റ്റേറ്റിന്റെ അനുശാസനങ്ങളില്‍നിന്ന് മുക്തരാകുമ്പോള്‍ സര്‍വകാര്യങ്ങളും വിളിച്ചുകൂവാം?


നിങ്ങളുടെ അഭിപ്രായങ്ങള്‍