Sat, 07/07/2012 - 00:28 ( 46 weeks 22 hoursago)
ഒളിമ്പിക്സ് ഫുട്ബാള്‍: കന്നി സ്വര്‍ണമണിയാന്‍ മഞ്ഞപ്പട
(+)(-) Font Size
ഒളിമ്പിക്സ് ഫുട്ബാള്‍: കന്നി സ്വര്‍ണമണിയാന്‍ മഞ്ഞപ്പട

റിയോ ഡെ ജനീറോ: താരത്തിളക്കത്തോടെ ബ്രസീലിന്റെ ഒളിമ്പിക്സ് ഫുട്ബാള്‍ ടീമിനെ പ്രഖ്യാപിച്ചു. കിട്ടാക്കനിയായി തുടരുന്ന ഒളിമ്പിക്സ് ഫുട്ബാള്‍ സ്വര്‍ണനേട്ടം കൈപ്പിടിയിലൊതുക്കാനൊരുങ്ങുന്ന മഞ്ഞപ്പട ഹള്‍ക്, തിയാഗോ സില്‍വ, നെയ്മര്‍ എന്നീ സൂപ്പര്‍ താരങ്ങളടങ്ങിയ നിരയുമായാണ് ലണ്ടന്‍ മഹാമേളയില്‍ പന്തു തട്ടാനെത്തുന്നത്. പോര്‍ടോയുടെ മുന്നേറ്റ നിരക്കാരനായ ഹള്‍കും എ.സി മിലാന്‍ സെന്റര്‍ ബാക് തിയാഗോ സില്‍വയും സീനിയര്‍ താരങ്ങള്‍ക്കുള്ള ബര്‍ത്തിലൂടെയാണ് ഒളിമ്പിക് സ്ക്വാഡില്‍ ഇടം നേടിയത്. റയല്‍ മഡ്രിഡിന്റെ ഡിഫന്‍ഡര്‍ മാഴ്സെലോയാണ് മൂന്നാമത്തെ മുതിര്‍ന്ന താരം. മഞ്ഞപ്പടയുടെ പ്ലേമേക്കര്‍ നെയ്മറിനു പുറമെ മികച്ച ഫോമിലുള്ള മിലാന്റെ അലക്സാന്ദ്രെ പാറ്റോയുമാണ് ടീമിലെ പരിചയ സമ്പന്നര്‍. പരിക്കിന്റെ പിടിയിലായിരുന്ന പറ്റോ ഫുള്‍ഫിറ്റ്നസോടെ അടുത്തിടെയാണ് കളത്തില്‍ തിരിച്ചെത്തിയത്. ലണ്ടന്‍ ഒളിമ്പിക്സിനുള്ള പതിനെട്ടംഗ ടീമിനെയാണ് ബ്രസീല്‍ പ്രഖ്യാപിച്ചത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുള്‍ബാക് റഫേല്‍, ടോട്ടന്‍ഹാം മിഡ്ഫീല്‍ഡര്‍ സാന്ദ്രേ എന്നിവരും കോച്ച് മാനോ മെനസിസിന്റെ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഒളിമ്പിക്സിനു മുന്നോടിയായി ജൂലൈ 20ന് മിഡില്‍സ്ബര്‍ഗിലെ റിവര്‍സൈഡ് സ്റ്റേഡിയത്തില്‍ ബ്രസീല്‍ ബ്രിട്ടനുമായി സന്നാഹ മത്സരത്തില്‍ ഏറ്റുമുട്ടും. ഗ്രൂപ് സിയില്‍ ഈജിപ്ത്, ബെലാറസ്, ന്യൂസിലന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് ബ്രസീല്‍ മത്സരിക്കുന്നത്. ജൂലൈ 26ന് ഈജിപ്തിനെതിരെയാണ് ആദ്യ മത്സരം. അണ്ടര്‍ 23 ടീമുകളാണ് ഒളിമ്പിക്സില്‍ മത്സരിക്കുക. ഇതില്‍ മൂന്ന് സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്താന്‍ അനുമതിയുണ്ട്. അഞ്ചു തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന് ഒളിമ്പിക്സില്‍ ഇതുവരെ സ്വര്‍ണം നേടാന്‍ കഴിഞ്ഞിട്ടില്ല. 1984, 1988 ഒളിമ്പിക്സുകളില്‍ വെള്ളിയും 1996, 2008 ഒളിമ്പിക്സുകളില്‍ വെങ്കലവും നേടിയിരുന്നു.
ടീം: ഗോള്‍ കീപ്പര്‍മാര്‍: റഫേല്‍ കബ്രാല്‍ (സാന്റോസ്), നെറ്റോ (ഫിയോറെന്റിന), ഡിഫന്‍ഡര്‍മാര്‍: മാഴ്സെലോ (റയല്‍ മഡ്രിഡ്), റഫേല്‍ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), ഡാനിലോ (പോര്‍ടോ), അലക്സ് സാന്ദ്രോ (പോര്‍ടോ), തിയാഗോ സില്‍വ (എ.സി മിലാന്‍), യുവാന്‍ (ഇന്റര്‍), ബ്രൂണോ വിനി (സാവോപോളോ). മിഡ്ഫീല്‍ഡ്: റുമുലോ (വാസ്കോഡഗാമ), ഗന്‍സോ (സാന്റോസ്), ഓസ്കര്‍ (ഇന്റര്‍നാഷനല്‍), സാന്ദ്രോ (ടോട്ടന്‍ഹാം), ലൂകാസ് (സാവോപോളോ).
ഫോര്‍വേഡ്: നെയ്മര്‍ (സാന്റോസ്), അലക്സാന്ദ്രേ പാറ്റോ (എ.സി മിലാന്‍), ലിയാന്ദ്രോ ഡാമിയോ (ഇന്റര്‍നാഷനല്‍), ഹള്‍ക് (പോര്‍ടോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus