അജയ്ദേവ്ഗണ്‍ ഹാസ്യ വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ബോല്‍ബച്ചന്‍ തിയേറ്ററുകളിലെത്തി. ‘കമന്‍റുകള്‍ നിര്‍ത്തൂ, പോയി പടം കാണൂ’ എന്ന തല വാചകവുമായാണ് ബോല്‍ബച്ചന്‍െറ പോസ്റ്ററുകള്‍ ഇറങ്ങിയിരുന്നത്.
ഗോല്‍മാല്‍, ഗോല്‍മാല്‍ റിട്ടേണ്‍സ്, ഗോല്‍മാല്‍ 3, സിംഗം എന്നീ ചിത്രങ്ങള്‍ക്കുശേഷം രോഹിത്ഷെട്ടി ബോല്‍ബച്ചന്‍െറ ചിരിയിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള ശ്രമത്തിലാണ്. അജയ് ദേവ്ഗണിനുപുറമെ അഭിഷേക് ബച്ചന്‍, അസിന്‍ തോട്ടുങ്ങല്‍, പ്രചി ദേശായ് എന്നിവരും ഈ ചിത്രത്തില്‍ വേഷമിടുന്നു.
ദല്‍ഹിയിലെ കരോള്‍ ബാഗ് നിവാസികളായ അബ്ബാസ് അലി (അഭിഷേക്)യും സഹോദരി സാനിയ (അസിന്‍)യും തങ്ങള്‍ക്ക് പാരമ്പര്യമായി കിട്ടേണ്ട സ്വത്തിനു വേണ്ടി നടത്തുന്ന നിയമപോരാട്ടമാണ് ചിത്രത്തിന്‍െറ ഇതിവൃത്തം. കേസില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇവരുടെ ഗുണകാംക്ഷിയായ ശാസ്ത്രി ചാച്ചയുടെ ഉപദേശമനുസരിച്ച് ഗ്രാമത്തിലേക്ക് പോകുന്ന ഇരുവരും അവിടെ പൃഥ്വിരാജ് രഘുവംശി (അജയ്ദേവ്ഗണ്‍) എന്നയാളുടെ വീട്ടില്‍ താമസമാരംഭിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് ബോല്‍ബച്ചന്‍ പറയുന്നത്.

ബോല്‍ ബച്ചന്‍െറ തുടക്കത്തില്‍ അതിഥി താരമായി അമിതാഭ് ബച്ചന്‍ ആട്ടവും പാട്ടുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. വണ്‍സ് അപോണ്‍ എ ടൈം ഇന്‍ മുംബൈയ് എന്ന ചിത്രത്തിനു ശേഷം അജയ് ദേവ്ഗണിന്‍െറ സഹോദരിയും അഭിഷേകിന്‍െറ കാമുകിയായുമായാണ് പ്രചി ദേശായ് എത്തുന്നത്. ഹൗസ്ഫുള്‍2, റെഡി എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ബോല്‍ ബച്ചനില്‍ അസിന്‍ അവതരിപ്പിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍