Fri, 07/06/2012 - 00:39 ( 45 weeks 5 daysago)
കായിക അവാര്‍ഡുകള്‍ അതത് വര്‍ഷം നല്‍കും -മുഖ്യമന്ത്രി
(+)(-) Font Size
കായിക അവാര്‍ഡുകള്‍ അതത് വര്‍ഷം നല്‍കും -മുഖ്യമന്ത്രി

തിരുവനന്തപുരം: കായികതാരങ്ങള്‍ക്ക് പ്രഖ്യാപിച്ച അംഗീകാരം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ തനിക്ക് തലതാഴ്ത്തേണ്ടിവന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും കാഷ് അവാര്‍ഡ് കിട്ടിയില്ലെന്ന് ജനസമ്പര്‍ക്ക പരിപാടികളില്‍ പരാതി ലഭിച്ചപ്പോള്‍ മറുപടിയുണ്ടായിരുന്നില്ല. കായിക താരങ്ങള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സര്‍ക്കാര്‍ പ്രഖ്യാപിച്ച 2008 മുതലുള്ള അവാര്‍ഡുകളാണ് കുടിശ്ശികയായത്. ഇനി അതത് വര്‍ഷം വിതരണം ചെയ്യും. കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ജോലി നല്‍കുന്നതിലുള്ള രണ്ട് വര്‍ഷത്തെ കുടിശ്ശികയും ഈ വര്‍ഷം തീര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കായികതാരങ്ങള്‍ക്കുള്ള നിയമനങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കുമെന്ന് അധ്യക്ഷതവഹിച്ച മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞു. നാലുവര്‍ഷ മികവാണ്പരിഗണിക്കുക.അതത് വര്‍ഷം മാര്‍ച്ച് 31നുമുമ്പ് ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കണം. പ്രഫഷനല്‍ കോഴ്സുകളിലേക്കുള്ള ക്വോട്ടയിലും എട്ടാംക്ളാസ് മുതലുള്ള നേട്ടങ്ങള്‍ വിലയിരുത്തും.
കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് വാരിവലിച്ച് കണ്ണില്‍ കണ്ടവര്‍ക്ക് പണം നല്‍കി. സ്റ്റേഡിയം നിര്‍മിക്കാനെന്ന പേരില്‍ 170ഓളം സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ പണം നല്‍കി. ആറുകോടി നല്‍കിയതില്‍ 60 ഇടത്ത് മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബാക്കി മൂന്നരക്കോടി തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വി.എസ്. ശിവകുമാര്‍, സ്പോര്‍ട്സ് ഡയറക്ടര്‍ അജിത് മല്ലിക്, കൗണ്‍സിലര്‍ മേരി പുഷ്പം, കെ.സി. ഏലമ്മ, കെ.സി.ലേഖ, കെ.എം. ബീനാമോള്‍, സിറില്‍ സി. വെള്ളൂര്‍, എസ്. നജ്മുദ്ദീന്‍, ഡി.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് സ്വാഗതം പറഞ്ഞു. സെക്രട്ടറി പി.എസ്.അബ്ദുല്‍റസാഖ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
2408 പേര്‍ക്ക് 5.78 കോടിയാണ് വിതരണം ചെയ്തത്. ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബിക്ക് പ്രത്യേക കാഷ് അവാര്‍ഡും മുഖ്യമന്ത്രി വിതരണം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus