Fri, 07/06/2012 - 00:20 ( 45 weeks 3 daysago)
മെഡലെയ്ത്തിനൊരുങ്ങി ദീപികയും സംഘവും
കൊല്‍ക്കത്ത: ലണ്ടന്‍ ഒളിമ്പിക്സില്‍ ശുഭപ്രതീക്ഷകളുമായാണ് ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങള്‍ വില്ലുകുലക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ദക്ഷിണകൊറിയയുടെ അപ്രമാദിത്തമായിരുന്നു ഇതുവരെ അമ്പെയ്ത്തിലെങ്കില്‍ 2008ലെ ബെയ്ജിങ് ഒളിമ്പിക്സിലെ മോശം പ്രകടനത്തിനുശേഷം ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ മുന്നേറ്റങ്ങള്‍ ആശാവഹമാണ്. ലോക ഒന്നാംനമ്പര്‍ താരമായ ദീപികാ കുമാരി ഉള്‍പ്പെടെ ആറുപേരാണ് ഇക്കുറി രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നത്.
പുരുഷ, വനിതാ വ്യക്തിഗത റീകര്‍വ്, ടീം ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കും. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്സില്‍ അമ്പെയ്ത്ത് നടക്കുമ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുക 18 വയസ്സുകാരിയായ റാഞ്ചി സ്വദേശിനി ദീപിക തന്നെ. 2009ല്‍ ഓഡ്ജനില്‍ കേഡറ്റ് വേള്‍ഡ് ചാമ്പ്യയായശേഷം ഈ പെണ്‍കുട്ടിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 2010ലെ ദല്‍ഹി കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വ്യക്തിഗത, ടീം ഇനങ്ങളിലായി ഇരട്ട സ്വര്‍ണത്തിന് ഉടമയായതോടെ ഓട്ടോ ഡ്രൈവറായ ശിവനാരായണ്‍ മഹാതോയുടെ മകള്‍ അന്താരാഷ്ട്രതലത്തില്‍ അവഗണിക്കാനാവാത്ത സാന്നിധ്യമായി. 2011ല്‍ ജൂനിയര്‍ ലോകചാമ്പ്യയായി ദീപിക. തുടര്‍ന്ന് തുര്‍ക്കിയില്‍ നടന്ന ലോകകപ്പ് സ്റ്റേജ് രണ്ടില്‍ കിരീടം നേടി. ഇവിടെ ദക്ഷിണ കൊറിയയുടെ മുന്‍നിര താരം ലീ സങ് ജിനെയാണ് തോല്‍പിച്ചത്. താമസിയാതെ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കും കുതിച്ചു. തീര്‍ച്ചയായും വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ആദ്യ ബെറ്റ് ദീപികയാണെന്ന് ദേശീയ പരിശീലകന്‍ ലിംബ റാം പറഞ്ഞു.
കഴിഞ്ഞവര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയാണ് ദീപികാ കുമാരി, ബൊംബയ്ല ദേവി, ചെക്രോവ്ലു സ്വൂറോ എന്നിവരടങ്ങുന്ന വനിതാ റീകര്‍വ് ടീം ഒളിമ്പിക്സിന് യോഗ്യത നേടിയത്. കൊറിയയെ വീഴ്ത്തി ചരിത്രത്തിലാദ്യമായി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യ സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ ഇറ്റലിയോടു തോറ്റു. ബൊംബയ്ലയും സ്വൂറോയും ദീപികയെപ്പോലെ വ്യക്തിഗത ഇനത്തിലും മത്സരിക്കുന്നുണ്ട്. ബൊംബയ്ലക്കിത് രണ്ടാം ഒളിമ്പിക്സാണ്.
ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്ന് ലണ്ടന്‍ ടിക്കറ്റെടുക്കാന്‍ പക്ഷേ പുരുഷ ടീമിനായില്ല. കഴിഞ്ഞമാസം ഓഡ്ജനില്‍ നടന്ന ലോകകപ്പ് സ്റ്റേജ് മൂന്നിലൂടെയാണ് ജയന്ത തലുദ്കര്‍, തരുണ്‍ ദീപ് റായ്, രാഹുല്‍ ബാനര്‍ജി എന്നിവരടങ്ങിയ സംഘം ഒളിമ്പിക്സ് യോഗ്യത നേടിയത്. മൂവരും വ്യക്തിഗത ഇനത്തിലും ഇന്ത്യയെ പ്രതിനിധാനംചെയ്യും.
ഏഷ്യന്‍ ഗെയിംസ് വെള്ളി ജേതാവായ തരുണ്‍ ദീപ് 2004ലെ ഏതന്‍സ് ഒളിമ്പിക്സിലും മത്സരിച്ചിരുന്നു.
ലോകകപ്പ് സ്റ്റേജ് രണ്ട്, മൂന്ന് ടൂര്‍ണമെന്റുകളില്‍ രണ്ടാം സ്ഥാനം നേടിയാണ് തലുദ്കറുടെ വരവ്. അമ്പെയ്ത്ത് ഒളിമ്പ്യന്‍ ദോല ബാനര്‍ജിയുടെ സഹോദരനാണ് രാഹുല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍