Thu, 07/05/2012 - 12:25 ( 45 weeks 3 daysago)
സുനില്‍ ഛെത്രി പോര്‍ചുഗീസ് ക്ളബില്‍
ന്യൂദല്‍ഹി: ഇന്ത്യന്‍ ഫുട്ബാളിന് വീണ്ടും അഭിമാന നിമിഷം. ദേശീയ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇനി പോര്‍ചുഗലില്‍ പന്തുതട്ടും. പോര്‍ചുഗലിലെ മുന്‍നിര ക്ളബുകളിലൊന്നായ സ്പോര്‍ട്ടിങ് ലിസ്ബണുമായാണ് ഇന്ത്യന്‍ മുന്നേറ്റ താരം രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. പോര്‍ചുഗീസ് രണ്ടാം ഡിവിഷനില്‍ കളിക്കുന്ന സ്പോര്‍ട്ടിങ് ലിസ്ബണിന്റെ ബി ടീമിലെ അംഗമാണ് 27കാരന്‍. ഇതോടെ ഒരു പോര്‍ചുഗീസ് ക്ളബ്ബിന് വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യക്കാരനാവുകയാണ് ഛേത്രി. ഛേത്രിയുമായി കരാര്‍ ഒപ്പിട്ടതായി സ്പോര്‍ട്ടിങ് ലിസ്ബണ്‍ തങ്ങളുടെ വെബ്സൈറ്റിലൂടെ ഔദ്യോഗികമായി അറിയിച്ചു.
ലോക പ്രശസ്ത ഫുട്ബാള്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നാനി തുടങ്ങിയ പ്രതിഭകള്‍ പന്തുതട്ടിയ ക്ളബാണ് സ്പോര്‍ട്ടിങ് ലിസ്ബണ്‍.
ഇത് രണ്ടാം തവണയാണ് ഛേത്രി ഒരു വിദേശ ക്ളബുമായി കരാറില്‍ ഒപ്പിടുന്നത്. നേരത്തെ മേജര്‍ ലീഗില്‍ കന്‍സാസ് സിറ്റി വിസാര്‍ഡുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍, ലീഗില്‍ ഒറ്റ മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. കൂടാതെ കോവന്‍ട്രി, ക്യൂന്‍സ് പാര്‍ക്ക് റൈഞ്ചേഴസ്, ഗ്ളാസ്കോ റൈഞ്ചേഴ്സ് എന്നീ ക്ളബുകളില്‍ ട്രയല്‍സിന് ഇറങ്ങിയിരുന്നെങ്കിലും ശോഭിക്കാനായില്ല.
'ജീവിതത്തില്‍ മറക്കാനാവാത്ത നേട്ടമാണിത്. ലോക റാങ്കിങ്ങില്‍ 165ാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യത്തിന് വേണ്ടിയാണ് ഇപ്പോള്‍ കളിക്കുന്നത്. എന്നാല്‍, ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യത്തേക്കാണ് പോകുന്നത്. ലോകത്തെ മികച്ച ക്ളബുകളിലൊന്നാണ് സ്പോര്‍ട്ടിങ് ലിസ്ബണ്‍'- സുനില്‍ ഛേത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വപ്ന നേട്ടത്തിന്റെ സന്തോഷം മാധ്യമങ്ങള്‍ക്കു മുന്നില്‍ പങ്കുവെക്കാന്‍ ഛേത്രിയോടൊപ്പം ഓള്‍ ഇന്ത്യ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലും എത്തിയിരുന്നു.
പോര്‍ചുഗലില്‍ കഠിന പരിശീലനം നടത്തും. ലഭിച്ച അവസരം പാഴാക്കിക്കളയില്ല. ക്ളബില്‍ എത്രത്തോളം മികവ് പുലര്‍ത്താന്‍ സാധിക്കുമെന്നതിനെക്കുറിച്ച് ഉറപ്പില്ല. പക്ഷേ, സാധിക്കുന്നതിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഛേത്രി ആരാധകര്‍ക്ക് ഉറപ്പുനല്‍കി.
സ്പോര്‍ട്ടിങ് ലിസ്ബണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുകയാണ്. ഏറ്റവും സാധ്യതയുള്ള ഫുട്ബാള്‍ മാര്‍ക്കറ്റുകളിലൊന്നായി ഫിഫ കണക്കാക്കുന്ന ഇന്ത്യയിലെ ഫുട്ബാളിന്റെ വളര്‍ച്ചയാണ് തങ്ങളുടെ ലക്ഷ്യം. തങ്ങളുടെ ബി. ടീമുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി കരാറില്‍ ഒപ്പിട്ടതായും ക്ളബ് അധികൃതര്‍ തങ്ങളുടെ വെബ്സൈറ്റിലൂടെ അറിയിച്ചു.
അതേ സമയം കരാര്‍ തുക സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ 24 മണിക്കൂറിനകം പുറത്ത് വരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യന്‍ ഫുട്ബാളിനെ പുനരുജ്ജീവിപ്പിക്കാന്‍ നിരവധി പരിപാടികള്‍ സ്പോര്‍ട്ടിങ് ലിസ്ബണ്‍ എന്നറിയപ്പെടുന്ന സ്പോര്‍ട്ടിങ് ക്ളബ് ഡി പോര്‍ചുഗല്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഛേത്രിയുടെ ക്ളബ് പ്രവേശമെന്നും ഓള്‍ ഇന്ത്യ ഫുട്ബാള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ഛേത്രി ഐ ലീഗില്‍ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ഡെംപോ, ജെ.സി.ടി, പ്രയാഗ് യുനൈറ്റഡ് ടീമുകള്‍ക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. ഐ ലീഗില്‍ കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനുവേണ്ടിയാണ് ഛേത്രി ബൂട്ടുകെട്ടിയത്. എന്നാല്‍, കഴിഞ്ഞ സീസണിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അഞ്ചുഗോളുകള്‍ മാത്രമാണ് ഈ മുന്നേറ്റ താരത്തിന് നേടാനായത്. 2004ല്‍ ദേശീയ കുപ്പായമണിഞ്ഞ ഛേത്രി 58 അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്നായി 33 ഗോളുകള്‍ നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍