മനാമ: തനിമയുള്ള സംഗീത പാരമ്പര്യം മലയാളികളില്‍നിന്ന് കൈവിട്ടുപോവുകയാണെന്ന് പ്രശസ്ത ഗായകന്‍ കെ.ജി. മാര്‍ക്കോസ്. അടുത്തകാലം വരെ മലയാള സംഗീതത്തിലേക്ക് തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ എല്ലാം കൈവിടുന്നപോലെ.കഴിഞ്ഞ ദിവസം കാറില്‍ സഞ്ചരിക്കുമ്പോള്‍ ഒരു പാട്ട് കേട്ടു ‘അപ്പങ്ങളെമ്പാടും ഒറ്റക്ക് ചൂട്ടമ്മായി, അമ്മായി ചൂട്ടത് മരുമോനിക്കായ്....’ ’80കളില്‍ ഞാന്‍തന്നെ ഒരുപാട് സ്റ്റേജുകളില്‍ പാടിയ മാപ്പിള സംസ്കാരം തുളുമ്പുന്ന പാട്ടായിരുന്നു അത്. ഇതിന്‍െറ തനത് സംഗീതത്തെ വികലമാക്കിയെന്നു മാത്രമല്ല, ചുട്ടു എന്ന മലയാള പദത്തെ ചൂട്ടു എന്നാക്കിയതിലൂടെ മലയാളത്തെക്കൂടിയാണ് അപമാനിക്കുന്നതെന്നും മാര്‍ക്കോസ് വ്യക്തമാക്കി. ബഹ്റൈനില്‍ ‘സിംസ്’ അവാര്‍ഡു ദാന ചടങ്ങില്‍ പങ്കടെുക്കാനത്തെിയ കെ.ജി. മാര്‍ക്കോസ് ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്.
നാടിനേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് പ്രവാസി ആസ്വാദകരെയാണ്. കാരണം അവര്‍ പഴയ പാട്ടുകളും അതിലെ മലയാളിത്തവും ഇഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ഗള്‍ഫിലെ പരിപാടികള്‍ക്ക് മുന്‍ഗണന നല്‍കുന്നത്. നാട്ടില്‍ പുതിയ തലമുറയുടെ ആസ്വാദന സ്വഭാവം തന്നെ മാറിയിരിക്കുന്നു. കാമ്പുള്ള പാട്ടുകള്‍ക്ക് പകരം ഇക്കിളിപ്പാട്ടുകള്‍ക്കാണ് പുതിയ തലമുറക്ക് താല്‍പര്യം. പഴയ കാലത്തും ഇക്കിളിപ്പാട്ടുകള്‍ ഉണ്ടായിട്ടില്ളെന്നല്ല. 10 പാട്ടില്‍ ഒന്നൊ രണ്ടൊ ഇക്കിളിപ്പാട്ടുകളുണ്ടായിരിക്കാം. എന്നാല്‍, മലയാളത്തില്‍ ഇന്നിറങ്ങുന്ന 10ല്‍ ഒമ്പത് പാട്ടുകളും ഇക്കിളിപ്പാട്ടുകളായിരിക്കുന്നു. സിനിമയിലെ രംഗങ്ങള്‍ക്കനുസൃതമായി പാട്ടെഴുതുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. സിനിമയിലുണ്ടായ മാറ്റം സംഗീതത്തെയും സ്വാധീനിച്ചിരിക്കുന്നു. ഇംഗ്ളീഷ് ‘ടച്ചി’ന്‍െറ അതിപ്രസരമാണ് മലയാള പാട്ടുകളെ വികലമാക്കിയത്. പുതിയ സംഗീത സംവിധായകര്‍ക്കും മലയാള സംഗീതത്തെക്കുറിച്ച് വിവരമില്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് സീനിയര്‍ പാട്ടുകാരെ വേണ്ട. അവരുടെ നിലവാരത്തില്‍ പാടുന്ന കൊച്ചു പാട്ടുകാരെ മതി.
മലയാളത്തിന്‍െറ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ആസ്വാദകരും മാറേണ്ടതുണ്ട്. കാരണം ആസ്വാദക നിലവാരത്തിലേക്ക് രചയിതാക്കളും ഉയരുമ്പോഴാണ് നല്ല ഗാനങ്ങള്‍ പിറവിയെടുക്കുക. മറ്റു ഭാഷകളില്‍നിന്നുള്ള മോഷണവും മലയാളി സംസ്കാരത്തിന്‍െറ നിറം കെടുത്തുന്നുണ്ട്. ഇപ്പോള്‍ സന്തോഷം ലഭിക്കുന്നത് ഭക്തി ഗാനങ്ങളും ആല്‍ബങ്ങളിലും പാടുമ്പോഴാണ്. മെലഡിക്കൊപ്പം ഫാസ്റ്റും ഭക്തിഗാനങ്ങളുമെല്ലാം സമന്വയിപ്പിച്ച് പാടുന്നതിനാല്‍ ഗള്‍ഫില്‍ ഒട്ടേറെ ആസ്വാദകരുണ്ട്. മനസ്സില്‍ നൊസ്റ്റാള്‍ജിയ സൃഷ്ടിക്കുന്ന പാട്ടുകള്‍ക്കാണ് ഗള്‍ഫില്‍ പ്രിയം -മാര്‍ക്കോസ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍