12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

നീന്തല്‍ക്കുളം വെട്ടിപ്പിന്റെ കോഴിക്കോടന്‍ മാതൃക

നീന്തല്‍ക്കുളം  വെട്ടിപ്പിന്റെ  കോഴിക്കോടന്‍ മാതൃക

ഗ്രാമംതോറും നീന്തല്‍ക്കുളം നിര്‍മിച്ച് എല്ലാവരെയും നീന്തല്‍ പഠിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സര്‍ക്കാറുകളുടെയും സ്പോര്‍ട്സ് കൗണ്‍സിലിന്‍െറയും ‘ആത്മാര്‍ഥത’ മനസ്സിലാക്കാന്‍ കേരളത്തില്‍ നിര്‍മിച്ചതും നിര്‍മാണത്തിലിരിക്കുന്നതുമായ നീന്തല്‍ക്കുളങ്ങളെ കുറിച്ചറിഞ്ഞാല്‍ മതി.
പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളംതന്നെ മികച്ച ഉദാഹരണം. ആറുമാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നു പറഞ്ഞ നീന്തല്‍ക്കുളം യാഥാര്‍ഥ്യമാകാന്‍ അഞ്ച് മന്ത്രിസഭകള്‍ അധികാരത്തില്‍ മാറിവരേണ്ടിവന്നു. 2000 ജൂണ്‍ മൂന്നിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണ് അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കാനുദ്ദേശിച്ച നീന്തല്‍ക്കുളം പിരപ്പന്‍കോട്ട് തറക്കല്ലിട്ടത്. തുടര്‍ന്ന് ആന്‍റണി, ഉമ്മന്‍ചാണ്ടി, അച്യുതാനന്ദന്‍ മന്ത്രിസഭകള്‍ക്കു ശേഷം 2012ല്‍ വീണ്ടും ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്താണ് നീന്തല്‍ക്കുളം പൂര്‍ത്തിയായത്. പന്ത്രണ്ടുവര്‍ഷമെടുത്ത് പണിപൂര്‍ത്തിയായപ്പോഴേക്കും ഒമ്പതുകോടിയാണ് പൊതുഖജനാവില്‍നിന്നു ചോര്‍ന്നത്. നിശ്ചിതകാലത്തുതന്നെ നിര്‍മാണം പൂര്‍ത്തിയായിരുന്നെങ്കില്‍ ഇതിന്‍െറ മൂന്നിലൊന്നുപോലും ചെലവ് വരില്ലായിരുന്നു. പിരപ്പന്‍കോട് നീന്തല്‍ക്കുളവുമായി ബന്ധപ്പെട്ടുയര്‍ന്ന ഗുരുതര ആരോപണങ്ങള്‍, ധനദുര്‍വിനിയോഗം എന്നിവയെ കുറിച്ചന്വേഷിക്കാന്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റിന്‍െറ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെ സര്‍ക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി ഈയിടെ നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. അമ്പതുമീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ളതാണ് ഇവിടെ മത്സരങ്ങള്‍ക്കായി ഒരുക്കിയ കുളം. 25 മീറ്റര്‍ നീളമുള്ള ഡൈവിങ്പൂളുമുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാലത്തും യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തും രണ്ട് ഉദ്ഘാടനത്തിനും പിരപ്പന്‍കോട്ടുകാര്‍ സാക്ഷ്യംവഹിച്ചു. 2011 ഫെബ്രുവരി 17ന് ഉദ്ഘാടനം ചെയ്ത് അന്നത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ നാടിനു സമര്‍പ്പിച്ച നീന്തല്‍ ക്കുളം 2012 മേയ് ഒമ്പതിന് ഇപ്പോഴത്തെ കായിക മന്ത്രി ഗണേഷ്കുമാര്‍ വീണ്ടും ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും നീന്തല്‍ക്കുളമെവിടെ എന്നുമാത്രം ചോദിക്കരുത്. കോഴിക്കോട് കടപ്പുറത്ത് 1999 ഒക്ടോബര്‍ മൂന്നിന് അന്നത്തെ കായികമന്ത്രി എ.സി. ഷണ്‍മുഖദാസ് തറക്കല്ലിട്ട അന്താരാഷ്ട്ര നിലവാരമുള്ള കോഴിക്കോട് ബീച്ച് നീന്തല്‍ക്കുളത്തിന്‍െറ കഥയാണിത്.
നിര്‍മാണത്തിന്‍െറ പ്രാഥമിക ഘട്ടത്തില്‍തന്നെ 88 ലക്ഷം ‘വെള്ള’ത്തിലായതാണ് ആകെ ‘നേട്ടം’. 13 വര്‍ഷം കഴിഞ്ഞിട്ടും നീന്തല്‍ക്കുളംവന്നില്ല. കേന്ദ്ര സ്പോര്‍ട്സ് -യുവജനക്ഷേമ വകുപ്പ് 60 ലക്ഷവും സംസ്ഥാന സ്പോര്‍ട്സ് വകുപ്പ് 28 ലക്ഷവും ചെലവഴിച്ചിട്ടും ജലശുദ്ധീകരണ ടാങ്കില്‍ മാത്രമൊതുങ്ങി നീന്തല്‍ക്കുളം വെട്ടിപ്പിന്‍െറ കോഴിക്കോടന്‍ മാതൃകയായി. ലക്ഷങ്ങള്‍ ചെലവിട്ടതിനു ശേഷമാണ് സ്ഥലം നീന്തല്‍ക്കുളം നിര്‍മാണത്തിനു പറ്റിയതല്ലെന്ന് ബന്ധപ്പെട്ടവര്‍ക്ക് ബോധ്യമായത്. അതായത്, സാധ്യതാപഠനം പോലും നടത്താതെയാണ് നീന്തല്‍ക്കുളം നിര്‍മിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. കടലിനുസമീപം നീന്തല്‍ക്കുളം നിര്‍മിക്കുകയെന്നത് അശാസ്ത്രീയമാണെന്ന് തിരിച്ചറിയാന്‍ ലക്ഷങ്ങള്‍ വേണ്ടിവന്നുവെന്നു ചുരുക്കം. തുറമുഖ വകുപ്പിന്‍െറ അധീനതയിലുള്ള 1.92 ഏക്കര്‍ സ്ഥലമാണ് സ്്പോര്‍ട്സ് കൗണ്‍സിലിന് നീന്തല്‍ക്കുളം നിര്‍മാണത്തിന് കൈമാറിയിരുന്നത്. സാമൂഹിക വിരുദ്ധര്‍ക്ക് താവളമായി നഗരമധ്യത്തിലെ ഈ‘അന്താരാഷ്ട്ര നീന്തല്‍ക്കുളം’.
കടിച്ചതും പിടിച്ചതും പോയി എന്ന അവസ്ഥയാണ് തലസ്ഥാന നഗരിയിലെ വെള്ളയമ്പലം വാട്ടര്‍ അതോറിറ്റി സ്വിമ്മിങ് പൂളിന്. 1964 മുതല്‍ ദേശീയ, അന്തര്‍ദേശീയ നീന്തല്‍ മത്സരത്തിന് വേദിയായത് ഇവിടെയായിരുന്നു. പതിനായിരക്കണക്കിനു പേര്‍ നീന്തല്‍ പരിശീലനം നേടിയത് ഇവിടെനിന്നാണ്. എന്നാല്‍, ദേശീയ ഗെയിംസിന്‍െറ ഭാഗമായി നീന്തല്‍ക്കുളം പൊളിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തല്‍ക്കുളം നിര്‍മിച്ചുതരാമെന്ന് കഴിഞ്ഞ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. കുളം പൊളിച്ച് ഒന്നരവര്‍ഷം കഴിഞ്ഞു, പക്ഷേ ഒന്നും വന്നില്ല. പ്രാഥമിക പണിക്കായി ഒന്നരക്കോടി തുലച്ചതല്ലാതെ നീന്തല്‍ക്കുളം ഉണ്ടാവുമോ എന്ന് ആര്‍ക്കും നിശ്ചയമില്ല. ഒടുവില്‍ നാട്ടുകാര്‍ സമരരംഗത്ത് ഇറങ്ങാനുള്ള തയാറെടുപ്പിലാണ്.
ഒന്നിലധികംതവണ ഹൈകോടതിതന്നെ നേരിട്ട് ഇടപെടേണ്ടിവന്ന ദുര്യോഗമാണ് ആലപ്പുഴ രാജാ കേശവദാസ് നീന്തല്‍ക്കുളത്തിനു പറയാനുള്ളത്. നോക്കിസംരക്ഷിക്കാന്‍ അധികാരികള്‍ക്ക് സമയമില്ലാത്തതാണ് ഇതിന്‍െറ ശോച്യാവസ്ഥക്ക് കാരണം. 1997ല്‍ ബീച്ചില്‍ റിക്രിയേഷന്‍ ക്ളബിനും കമേഴ്സ്യല്‍ കനാലിനും ഇടയില്‍ സ്ഥാപിച്ച ഈ നീന്തല്‍ക്കുളം അടച്ചുപൂട്ടിയിട്ട് വര്‍ഷങ്ങളായി. 2002ല്‍ നീന്തല്‍ക്കുളം നടത്തിപ്പിന് കരാറുകാരനെ ഏല്‍പിച്ചു. ഇതോടെ നിയന്ത്രണം താളംതെറ്റി. രണ്ട് കുട്ടികളുടെ മരണത്തിനുവരെ കാരണമായി. കഴിഞ്ഞവര്‍ഷം സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് പൂട്ടിയിട്ട നീന്തല്‍ക്കുളം പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങള്‍ വിലമതിക്കുന്നതെല്ലാം മോഷ്ടിച്ചതായി അറിഞ്ഞത്. ആരും തിരിഞ്ഞു നോക്കാതായ രാജ്യാന്തര നിലവാരമുള്ള ഈ നീന്തല്‍ക്കുളത്തിന്‍െറ പരിസരം കാടുപിടിച്ച് സാമൂഹിക വിരുദ്ധരുടെ താവളമായി. നീന്തല്‍ പരിശീലനത്തിന് ഉപയോഗിക്കാന്‍പോലും പറ്റാത്ത അവസ്ഥയിലാണ് ഹൈകോടതി ഇടപെടുന്നത്. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാഹചര്യം സൃഷ്ടിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഇതിനെത്തുടര്‍ന്ന് നീന്തല്‍ക്കുളത്തിന്‍െറ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയോട് പി.ഡബ്ള്യൂ.ഡി സഹായത്തോടെ എസ്റ്റിമേറ്റ് തയാറാക്കിസമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കായികമന്ത്രി നിയസഭയില്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴും നീന്തല്‍ക്കുളം നന്നാക്കാനുള്ള പ്രാഥമിക നടപടികള്‍പോലും നടന്നിട്ടില്ല. കോടികള്‍ ചെലവഴിച്ചാലേ പുനരുദ്ധരിക്കാന്‍ കഴിയൂ. ദക്ഷിണേന്ത്യയില്‍തന്നെ മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ നീന്തല്‍ക്കുളം സംരക്ഷിക്കാന്‍ അധികൃതര്‍ക്ക് എവിടെ സമയം!
രാഷ്ട്രീയവും ഗ്രൂപ്പിസവും തലപൊക്കിയതോടെ തൃശൂരിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള നീന്തല്‍ക്കുളത്തിന്‍െറ പ്രവര്‍ത്തനത്തിലും പ്രശ്നങ്ങളായി. 1986ല്‍ സ്ഥാപിച്ച, നിരവധി മത്സരങ്ങള്‍ക്കു വേദിയായ ഈ നീന്തല്‍ക്കുളം തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍, സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്ന് തൃശൂരിലെ നീന്തല്‍ക്കുളം കായികവകുപ്പ് തിരിച്ചെടുക്കുകയാണെന്നും അവര്‍ ഈ കുളത്തെ നശിപ്പിച്ചുവെന്നും കായികമന്ത്രി ഗണേഷ് കുമാര്‍തന്നെ കുറ്റപ്പെടുത്തി. നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന നീന്തല്‍ക്കുളം നശിപ്പിക്കാനുള്ള തിരുവനന്തപുരം ലോബിയുടെ ശ്രമമാണിതെന്നാണ് മറുവിഭാഗം ആരോപിക്കുന്നത്.
സംസ്ഥാനത്തെ വര്‍ഷങ്ങള്‍ പഴക്കമുള്ള മറ്റു നീന്തല്‍ക്കുളങ്ങളും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ നശിക്കുകയാണ്. ആവശ്യമായ ഫണ്ട് ലഭിക്കാത്തതാണ് മുഖ്യകാരണം. പണമുള്ളവര്‍ക്കു നീന്തല്‍ പഠിക്കാന്‍ സ്വകാര്യ നീന്തല്‍ക്കുളങ്ങളെ ആശ്രയിക്കാം. സാധാരണക്കാരന്‍െറ മക്കള്‍ക്കുള്ള സൗകര്യങ്ങള്‍ ഒന്നിനുപിറകെ ഒന്നായി കൊട്ടിയടക്കപ്പെടുകയാണ്. സ്വകാര്യമേഖലയില്‍ നീന്തല്‍ പഠിക്കാന്‍ 30 ദിവസത്തെ കോഴ്സിനു ചുരുങ്ങിയ ഫീസ് 1800 രൂപയാണ്. പണമില്ലാത്തവന്‍ നീന്തലറിയാതെ മുങ്ങിമരിച്ചാലാര്‍ക്കാണ് ചേതം.
(തുടരും)


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com