ന്യൂദല്‍ഹി: കൊച്ചി മെട്രോ പദ്ധതി വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും ഒരു വര്‍ഷത്തിനകം നിര്‍മാണം തുടങ്ങി 48 മാസംകൊണ്ട് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി ട്രെയിന്‍ ഓടുമെന്നും നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ കമ്പനി രൂപവത്കരണം ഉടന്‍ നടക്കും. ജപ്പാന്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കൂടുതല്‍ ആകര്‍ഷകമായ വായ്പ ലഭ്യമാക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. പരിസ്ഥിതി അനുമതി വേണ്ട സമയത്ത് ലഭ്യമാക്കും. ആലുവ മുതല്‍ തൃപ്പൂണിത്തുറ പേട്ട വരെ 25.6 കി.മീ. ദൈര്‍ഘ്യത്തിലുള്ള പാത പൂര്‍ണമായും മേല്‍പാലമായിരിക്കുമെന്നതാണ് കൊച്ചി മെട്രോയുടെ പ്രത്യേകത. 23 സ്റ്റേഷനുകളുണ്ടാകും. മെട്രോ റെയില്‍ പിന്നീട് കൊച്ചിയിലെ മറ്റുമേഖലകളിലേക്കും വികസിപ്പിക്കും. രണ്ട് കി.മീ. യാത്രക്ക് 10 രൂപ, നാല് കി.മീ. 13 രൂപ, മുഴുനീള യാത്രക്ക് 30 രൂപ എന്നിങ്ങനെയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആര്‍ക്കും യാത്രാസൗജന്യം ഉണ്ടായിരിക്കില്ല. നിശ്ചിത ഇടവേളകളില്‍ നിരക്ക് പരിഷ്കരിക്കും. മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ബസ്, ഫെറി സര്‍വീസുകളുമുണ്ടാകും.
കൊച്ചി മെട്രോ യാഥാര്‍ഥ്യമാകുമ്പോള്‍ അതുമായി ബന്ധപ്പെട്ട് സാധ്യമാകുന്ന സാമ്പത്തിക വികസന സാധ്യതയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ പഠനം നടത്തി പദ്ധതി തയാറാക്കണം. മെട്രോ പദ്ധതി വെറുമൊരു ഗതാഗത സംവിധാനം മാത്രമല്ല, അതിലൂടെ വികസനത്തിന്‍െറ പുതിയ സാധ്യതകളാണ് കൊച്ചിക്കു മുന്നില്‍ തുറന്നിടുന്നത്. അത് ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും നഗരവികസന സെക്രട്ടറി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍