കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍ബന്ധിത സേവനം നടത്തുന്ന നഴ്സുമാരുടെ സമരം രണ്ടാഴ്ച പിന്നിടുന്നു. പനിയുടെയും മറ്റു പകര്‍ച്ചവ്യാധികളുടെയും സമയമായതിനാല്‍ സമരം ആശുപത്രി പ്രവര്‍ത്തനത്തെ ബാധിച്ചിട്ടിട്ടുണ്ട്. എന്നാല്‍, സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടിയൊന്നുമായിട്ടില്ല. സ്റ്റാഫ് നഴ്സുമാര്‍ക്ക് നല്‍കുന്ന അതേ ശമ്പളം തങ്ങള്‍ക്കും നല്‍കണമെന്നാവശ്യപ്പെട്ടാണ് നിര്‍ബന്ധിതസേവനം നടത്തുന്ന അറുപതോളം നഴ്സുമാര്‍ കോഴിക്കോട് സമരം ആരംഭിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പനിക്ക് ചികിത്സതേടി നിരവധി പേര്‍ എത്തുന്നതിനാല്‍ നഴ്സിങ് വിദ്യാര്‍ഥികള്‍ ബുധനാഴ്ച ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ഒഴികെ സംസ്ഥാനത്ത് എല്ലായിടത്തും സമരം ശക്തമാണ്. കോഴിക്കോട്,ആലപ്പുഴ, തൃശൂര്‍ എന്നീ മെഡിക്കല്‍ കോളജുകളിലെ നഴ്സിങ് പ്രതിനിധികള്‍ ബുധനാഴ്ച എം.എല്‍.എമാരുടെ സംഘത്തെ കണ്ടിരുന്നു. ശനിയാഴ്ച ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാറുമായി ചര്‍ച്ച നടത്താമെന്ന് എം.എല്‍.എമാര്‍ പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് മന്ത്രിയുടെ ഓഫിസില്‍നിന്ന് ഔദ്യഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും ശനിയാഴ്ച വരെ സമരം തുടരുമെന്നും നഴ്സിങ് പ്രതിനിധി മാധ്യമത്തോട് പറഞ്ഞു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് കോഴ്സിനുശേഷം ഒരു വര്‍ഷത്തെ നിര്‍ബന്ധിതസേവനമുള്ളത്. സ്വാശ്രയ കോളജില്‍ പഠിച്ചവര്‍ക്ക് ഇത് ബാധകമല്ല. ഈ കാലയളവില്‍ സ്റ്റാഫ് നഴ്സുമാരുടെ അതേ ജോലി തന്നെയാണ് തങ്ങള്‍ ചെയ്യുന്നതെന്നും അതിനാല്‍ അവര്‍ക്ക് നല്‍കുന്ന അതേ ശമ്പളം തങ്ങള്‍ക്കും നല്‍കണമെന്നാണ് സമരം നടത്തുന്നവരുടെ ആവശ്യം. 5500 രൂപയാണ് ഇപ്പോള്‍ നിര്‍ബന്ധിതസേവനം ചെയ്യുന്ന നഴ്സുമാര്‍ക്ക് ലഭിക്കുന്നത്. 13,900മാണ് സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാനശമ്പളം. നാലുമാസം മുമ്പ് ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അതില്‍ നടപടിയൊന്നുമില്ലാത്തതിനാലാണ് നഴ്സുമാര്‍ സമരം ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍