പാക് നീതിപീഠങ്ങള്‍ എന്നും വിവാദകേന്ദ്രങ്ങളാകാറുണ്ട്. സൈനിക അട്ടിമറികളെ പാക് നീതിപീഠം പരോക്ഷമായും പ്രത്യക്ഷമായും അനുകൂലിച്ചെന്നിരിക്കും. ഭരണകൂടത്തിന്‍െറ അലംഭാവം അട്ടിമറിയെ അനിവാര്യമാക്കിയെന്നാകും അത് നിരത്തുന്ന ന്യായീകരണം. ചിലപ്പോള്‍ ജനാധിപത്യ ഭരണകൂടത്തിനുനേരെ അത് ഖഡ്ഗമുയര്‍ത്തും. സര്‍വസന്ദര്‍ഭങ്ങളിലും ഇത്തരം നടപടികളുടെ പ്രത്യാഘാതം വന്നുവീഴാറുള്ളത് പാക് ജനതയുടെ ചുമലുകളിലും.
ഇത്തവണയും അതേ കഥ ആവര്‍ത്തിച്ചിരിക്കുന്നു. പ്രധാനമന്ത്രി യൂസഫ് റസാ ഗീലാനിയെ പാക് പരമോന്നത കോടതി അയോഗ്യനാക്കിയിരിക്കുന്നു. പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ വഴിയൊരുക്കി രാജിവെക്കുക മാത്രമായിരുന്നു ഗീലാനിയുടെ മുമ്പാകെയുള്ള പോംവഴി. അദ്ദേഹം അനുസരണയോടെ സ്ഥാനത്യാഗം ചെയ്തു. അതോടെ ഭരണം എന്നൊന്ന് ഇല്ലാത്ത അനിശ്ചിതാവസ്ഥയിലേക്ക് രാജ്യം കൂപ്പുകുത്തി. കറന്‍റ് കട്ടും വിലക്കയറ്റവും മൂലം പൊറുതിനശിച്ച പാക് ജനജീവിതം കൂടുതല്‍ ദുസ്സഹമായി. ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടും പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയും ഭരണകക്ഷിയായ പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടിയും (പി.പി.പി) നിസ്സംഗഭാവം തുടര്‍ന്നു. അധികാര സംരക്ഷണം മാത്രമായിരുന്നു അവരുടെ ഏക അജണ്ട. ഗീലാനിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള തത്രപ്പാടില്‍ അധികാരിവര്‍ഗം സര്‍വ പ്രശ്നങ്ങളും വിസ്മരിച്ചു.
ശതകോടി ഡോളറുകളുടെ കള്ളപ്പണം രഹസ്യ സ്വിസ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഗീലാനി നിലംപതിച്ചത്. സര്‍ദാരിയുടെ കള്ളപ്പണത്തിന്‍െറ കണക്കുകള്‍ ലഭിക്കാന്‍ സ്വിസ് അധികൃതര്‍ക്ക് കത്തെഴുതണമെന്ന് 2009 മുതല്‍ പരമോന്നത കോടതി ഗീലാനിയോട് ആവശ്യപ്പെട്ടുവരികയായിരുന്നു. നിര്‍ദേശം പാലിച്ചില്ലെന്നു മാത്രമല്ല, കോടതിയുമായി കൊമ്പുകോര്‍ക്കാനും ഗീലാനി ഉദ്യുക്തനായി. ഒടുവില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 26ന് നീതിപീഠം അദ്ദേഹത്തെ കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരനായി പ്രഖ്യാപിച്ചു. 37 മിനിറ്റ് നേരത്തെ പ്രതീകാത്മക തടവിനും അദ്ദേഹം ശിക്ഷിക്കപ്പെട്ടു. കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാതെ ഗീലാനി നേരെ പോയത് പാര്‍ലമെന്‍റിലേക്കായിരുന്നു. പാര്‍ലമെന്‍റ് സ്പീക്കര്‍ ഫഹ്മീദ മീര്‍സയാകട്ടെ ഗീലാനി സുപ്രീംകോടതി വിധി മാനിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹത്തിന് അയോഗ്യത കല്‍പിക്കേണ്ട പ്രശ്നം ഉദിക്കുന്നില്ലെന്നും റൂളിങ് നല്‍കി. കോടതിയേക്കാള്‍ പ്രാമാണികത പാര്‍ലമെന്‍റിനാണെന്നായിരുന്നു ഈ റൂളിങ്ങിന്‍െറ പൊരുള്‍.
സൈനിക മേധാവി പര്‍വേസ് കയാനിയാകട്ടെ പൂര്‍ണ നിശ്ശബ്ദനായിരുന്നു. സൈനിക ഇടപെടലിന്‍െറ പതിവുചേരുവകള്‍ സംജാതമായിട്ടും അദ്ദേഹം അനങ്ങിയില്ല. സര്‍ക്കാറുമായി കയാനിക്ക് കടുത്ത അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നു. അതേസമയം, ചീഫ് ജസ്റ്റിസ് ഇഫ്തിഖാര്‍ ചൗധരിയെ എതിര്‍ക്കാനും കയാനിക്ക് ധൈര്യമുണ്ടായില്ല. തന്നെയും നിരവധി ജഡ്ജിമാരെയും പിരിച്ചുവിട്ട പര്‍വേസ് മുശര്‍റഫിനെതിരെ ജനകീയ പ്രക്ഷോഭം നയിച്ച് പദവിതിരിച്ചുപിടിച്ച വ്യക്തിയാണ് ഇഫ്തിഖാര്‍ ചൗധരി.
മുശര്‍റഫിനെതിരായ പോരാട്ടത്തില്‍ വിജയകിരീടം ചൂടിയതോടെ ഇഫ്തിഖാര്‍ ജനങ്ങളുടെ കണ്ണിലുണ്ണിയായി. കോടതിയുടെ പ്രാഥമ്യവും മേധാവിത്വവും പുന$സ്ഥാപിക്കാന്‍ സാധിച്ചു. സുപ്രീംകോടതി മാത്രമാണ് ഭരണഘടന സംരക്ഷിക്കുന്ന യഥാര്‍ഥ കാവലാള്‍ എന്ന വിശ്വാസമാണ് അതോടെ ജനഹൃദയങ്ങളില്‍ ഊട്ടിയുറപ്പിക്കപ്പെട്ടത്.
നിഷ്കാസനം ചെയ്യപ്പെട്ട പ്രധാനമന്ത്രി ഗീലാനി നിയമവാഴ്ചയില്‍ വിശ്വാസമര്‍പ്പിക്കാത്ത വ്യക്തിയൊന്നുമല്ല. സര്‍ദാരിയുടെ കള്ളപ്പണം അന്വേഷിക്കാന്‍ കത്തയക്കണമെന്ന കോടതി ഉത്തരവ് പാലിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നു. അങ്ങനെ സ്വയം രക്ഷിക്കാനും അദ്ദേഹത്തിന് കഴിഞ്ഞേനെ. പക്ഷേ, അദ്ദേഹം സര്‍ദാരിക്കുവേണ്ടി ‘സതി’ അനുഷ്ഠിക്കുകയായിരുന്നു. മരിച്ച ഭര്‍ത്താവിനു മോക്ഷം ലഭിക്കാന്‍ സ്വയം ചിതാഗ്നിയില്‍ ചാടി മരണം വരിക്കുന്ന രാജസ്ഥാനിലെ വിധവകളുടെ മാതൃകയില്‍.
ഭര്‍ത്താവിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നവരുടെ മനോനില നമുക്ക് മനസ്സിലാക്കാനാകും. തന്‍െറ നേതാവായ സര്‍ദാരി വിചാരണക്കിടയാകരുതെന്ന ആഗ്രഹം മൂലമായിരുന്നു ഗീലാനി സ്വയം ബലിയര്‍പ്പിച്ചത്. ഒരുപക്ഷേ, ഗീലാനി ‘ഹരാകിരി’ (ലക്ഷ്യം പിഴക്കുമ്പോള്‍ ജപ്പാന്‍കാര്‍ നടത്തുന്ന ആത്മഹത്യ) അനുഷ്ഠിച്ചു എന്നു പറയുന്നതാകും കൂടുതല്‍ ശരിയായ വിലയിരുത്തല്‍. ഇത്തരം ത്യാഗങ്ങള്‍ നടത്തേണ്ട സന്ദര്‍ഭങ്ങളില്‍ അതിന് മടികാണിക്കാത്ത വ്യക്തിയാണെന്ന് ബോധ്യമായതുകൊണ്ടായിരിക്കണം ഗീലാനിയെ സര്‍ദാരി പ്രധാനമന്ത്രിപദവിയില്‍ അവരോധിച്ചിരിക്കുക. ഇത്തരം ലക്ഷണമൊത്ത വ്യക്തി തന്നെയാണ് ഗീലാനിയുടെ പിന്‍ഗാമിയായി നാമനിര്‍ദേശംചെയ്യപ്പെട്ടതും. സര്‍ദാരിയുടെ പുതിയ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്റഫിനും ജുഡീഷ്യറിയുമായി പോരാട്ടം നടത്തേണ്ടിവരും. തന്‍െറ സ്വിസ് അക്കൗണ്ടുകളിലേക്ക് കണ്ണയക്കേണ്ടതില്ലെന്ന ഗീലാനിയുടെ പിന്‍ഗാമിയെ നിര്‍ണയിക്കുന്ന വേളയില്‍ സര്‍ദാരി രാജ പര്‍വേസില്‍നിന്നും ഉറപ്പ് വാങ്ങിയെന്നുവേണം കരുതാന്‍. കാരണം സര്‍ദാരിക്കെതിരെ അന്വേഷണക്കത്ത് അയക്കണമെന്ന് സുപ്രീംകോടതി രാജ പര്‍വേസിനോടാവശ്യപ്പെട്ടപ്പോള്‍ പ്രസിഡന്‍റിന് നിയമപരിരക്ഷയുണ്ടെന്ന നിലപാടുതന്നെ അദ്ദേഹവും പ്രകടിപ്പിച്ചിരിക്കുന്നു.
ജുഡീഷ്യറിയുമായുള്ള സര്‍ദാരിയുടെ കൊമ്പുകോര്‍ക്കല്‍ നീണ്ടുനീണ്ടു പോകുമെന്നാണ് സംഭവഗതികള്‍ നല്‍കുന്ന സൂചന. അഥവാ പുതുപ്രധാനമന്ത്രിയുടെ ദിനങ്ങളും എണ്ണപ്പെട്ടുകഴിഞ്ഞു.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെട്ടു എന്നതാണ് ഗീലാനി എപ്പിസോഡിന്‍െറ മര്‍മപ്രധാന നേട്ടം. സുപ്രീംകോടതിക്കെതിരെ വാള്‍ വീശിയ മുന്‍ സൈനിക ഭരണാധികാരി മുശര്‍റഫിന്‍െറ നടപടികള്‍ക്കുള്ള തിരുത്തുകൂടിയാണ് ഇപ്പോഴത്തെ കോടതിവിധി. ‘ഏഴംഗ കോടതി ബെഞ്ചിന്‍െറ വിധിയെ എക്സിക്യുട്ടീവ് ചോദ്യം ചെയ്യാന്‍ മുതിരുമ്പോള്‍ ജുഡീഷ്യറി എങ്ങനെ സ്വതന്ത്ര വേദിയാകും എന്ന ഇഫ്തിഖാര്‍ ചൗധരിയുടെ ചോദ്യം തീര്‍ത്തും ന്യായമാണ്.
ഗീലാനിയെ പ്രതിരോധിച്ച അഭിഭാഷകന്‍ ഇഅ്തിസാസ് അഹ്സന്‍െറ നടപടികളെ ന്യായീകരിക്കാനാകില്ല. കാരണം സര്‍ദാരിയുടെ കള്ളപ്പണരേഖ കിട്ടാന്‍ സ്വിസ് അധികൃതര്‍ക്ക് കത്തയക്കണമെന്ന ഉത്തരവ് പാലിച്ചില്ല എന്ന തെറ്റുചെയ്ത വ്യക്തിക്കു വേണ്ടിയാണ് ഇഅ്തിസാസ് വാദിച്ചത്. നിയമസാങ്കേതികത മാത്രം ആധാരമാക്കിയാല്‍ അദ്ദേഹത്തിന്‍െറ വാദം ശരിയായിരിക്കാം. എന്നാല്‍, ഇതിനെ വെറും നിയമവ്യവഹാരമായി ന്യൂനീകരിക്കാനാകില്ല. ധാര്‍മികതയുമായി ബന്ധപ്പെട്ട പ്രശ്നമാണിത്. രാഷ്ട്രം പട്ടിണി കിടക്കുമ്പോള്‍ പൊതുഖജനാവിലെത്തേണ്ട കോടികളാണ് സര്‍ദാരി കടത്തിക്കൊണ്ടുപോയിരിക്കുന്നത്.
അനിശ്ചിതത്വവും ഭരണസ്തംഭനവും രൂക്ഷമായ പാകിസ്താനില്‍ എത്രയുംവേഗം പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതാകും ഏറ്റവും ഉചിതമായ നടപടി. ആവശ്യമാണെങ്കില്‍ റമദാന്‍ വ്രതമാസം കഴിയുന്നതുവരെ കാത്തിരിക്കാം. തല്‍ക്കാലം ഒരു ഇടക്കാല സര്‍ക്കാറിന് രൂപം നല്‍കാം. പാക് ഭരണഘടനയില്‍ അത്തരം സംവിധാനങ്ങള്‍ക്ക് അനുമതിയുണ്ട്. ഭരണകക്ഷിയായ പി.പി.പി തെറ്റായ ചുവടുവെപ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഗീലാനി സംഭവം അടുത്ത പോളിങ്ങില്‍ പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കാതിരിക്കില്ല.
നവാസ് ശരീഫിന്‍െറ മുസ്ലിംലീഗ്, ഇംറാന്‍ഖാന്‍െറ തഹ്രീകെ ഇന്‍സാഫ് എന്നീ സംഘടനകള്‍ നല്‍കിയ ഹരജിയെതുടര്‍ന്നാണ് ഗീലാനി സര്‍ക്കാറിന്‍െറ പതനം സംഭവിച്ചത്. ഈ ഹരജികള്‍ കോടതിയില്‍ എത്തിയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, ഗീലാനി മന്ത്രിസഭയുടെ ആയുസ്സ് അല്‍പം കൂടി നീട്ടിക്കിട്ടുമായിരുന്നു. ഏപ്രില്‍ 26ന് ശിക്ഷിച്ചു എന്നല്ലാതെ കോടതി ഗീലാനിക്ക് അയോഗ്യത കല്‍പിച്ചിരുന്നില്ല. ശിക്ഷിക്കപ്പെട്ടയാള്‍ തുടരാന്‍ യോഗ്യനല്ലെന്ന ഹരജികളിലെ വാദം കോടതി സ്വീകരിച്ചതോടെയാണ് പ്രധാനമന്ത്രിയുടെ അന്തിമവിധി നിര്‍ണയിക്കപ്പെട്ടത്. വസ്തുതകള്‍ ഈവിധമാണെങ്കിലും ഗീലാനിയോട് മനംനിറയെ അനുഭാവമുണ്ടെനിക്ക്. കാരണം, അനിഷേധ്യമായ കൂറിന്‍െറ ഉത്തമദൃഷ്ടാന്തമാണ് അദ്ദേഹം കാഴ്ചവെച്ചത്. ആപദ്ഘട്ടത്തില്‍ ചതിക്കാത്ത അസാമാന്യമായ കടപ്പാട് പ്രകടിപ്പിക്കുകവഴി അദ്ദേഹം ഏവരുടെയും ആലോചനകളെ സജീവമാക്കിക്കൊണ്ടിരിക്കുന്നു. അപൂര്‍വമായ ഈ ഗുണവിശേഷത്തിനുവേണ്ടി പാക് ജനത ഒരു സ്മാരകം പണിതുയര്‍ത്തുന്നതുപോലും മാതൃകാപരമാകും എന്നുതോന്നുന്നു. കൂറിനുമുമ്പില്‍ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം പോലും ത്യജിച്ച ഗീലാനിയുടേത് ബലിയര്‍പ്പണമാണെന്ന് നിസ്സംശയം പറയാം.
l

നിങ്ങളുടെ അഭിപ്രായങ്ങള്‍