12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

യാദവ സമുദായം ഒ.ബി.സി പട്ടികയില്‍; 15,000ത്തോളം കുടുംബങ്ങള്‍ക്ക് പ്രയോജനം

മാനന്തവാടി: യാദവ സമുദായത്തെ (എരുമക്കാര്‍) ഒ.ബി.സി പട്ടികയിലുള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിമൂലം സംസ്ഥാനത്തെ 15,000ത്തോളം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. യാദവ സമുദായ സംഘടന നല്‍കിയ നിവേദനത്തിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന്‍ ഇവരെ ഒ.ബി.സിയിലുള്‍പ്പെടുത്താന്‍ സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് നടപടി. എരുമ, പശു വളര്‍ത്തല്‍ ആണ് സമുദായത്തിന്‍െറ കുലത്തൊഴില്‍. പിന്നാക്കമാണെങ്കിലും സര്‍ക്കാറിന്‍െറ ഒരു ആനുകൂല്യവും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. വിദ്യാഭ്യാസ സംവരണം, തൊഴില്‍ സംവരണം എന്നിവ അന്യമായിരുന്നു. 200 വര്‍ഷങ്ങള്‍ക്കുമുമ്പ് ആന്ധ്രയില്‍നിന്നാണ് യാദവ സമുദായം കേരളത്തിലേക്ക് കുടിയേറിയത്. കണ്ണൂര്‍ താഴെചൊവ്വ, തലശ്ശേരി, കൂത്തുപറമ്പ്, മാനന്തവാടി, വൈത്തിരി, വടകര, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളിലാണ് ഇവര്‍ താമസിക്കുന്നത്. 50 ശതമാനംപേരും ഇപ്പോഴും കുലത്തൊഴില്‍ തന്നെയാണ് തുടരുന്നത്. സര്‍ക്കാര്‍ ജോലികളില്‍ 0.1 ശതമാനമാണ് ഇവരുള്ളത്. 2007ല്‍ കിര്‍ത്താഡ്സ് നടത്തിയ പഠനത്തില്‍ വിദ്യാഭ്യാസപരമായും സാമ്പത്തികമായും സാമൂഹികമായും തൊഴില്‍പരമായും യാദവ സമുദായം പിന്നാക്കാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. ഒ.ബി.സിയിലുള്‍പ്പെടുത്താന്‍ കിര്‍ത്താഡ്സും ശിപാര്‍ശ ചെയ്തിരുന്നു. ഒ.ബി.സിയിലുള്‍പ്പെട്ടതോടെ വിദ്യാഭ്യാസാനുകൂല്യവും തൊഴില്‍സംവരണവും മറ്റ് സര്‍ക്കാര്‍ ആനുകൂല്യവും എരുമക്കാര്‍ക്കും ലഭിക്കും. വമ്മഗോത്രം, വങ്കരഗോത്രം എന്നീ ഗോത്രങ്ങളായാണ് ഇവരുടെ ജീവിതം.
നാട്ടമ എന്ന പേരിലറിയപ്പെടുന്ന ഗോത്രതലവന്‍െറ കീഴിലാണ് ഇവരുടെ ജീവിതം. സമുദായത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ഗോത്രതലവന്‍െറ അനുമതിയോടെയേ നടക്കാവൂ എന്നാണ് നിയമം.
വിദ്യാഭ്യാസത്തില്‍ പിന്നാക്കം നില്‍ക്കുന്ന സമുദായമായതിനാല്‍ ഗോത്രതലവന്മാര്‍ കുലത്തൊഴിലിന് മാത്രമായിരുന്നു മുന്‍ഗണന നല്‍കിയിരുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com