കൊച്ചി: സംസ്ഥാനത്തെ മാലിന്യ സംസ്കരണം സ്വകാര്യ സംരംഭകരെ ഏല്‍പ്പിച്ചുകൂടെയെന്ന് ഹൈകോടതി ആരാഞ്ഞു. വിളപ്പില്‍ശാല സംസ്കരണ പ്ളാന്‍റില്‍ സുഗമമായ മാലിന്യ സംസ്കരണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെടുന്ന ഹരജി പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് വാക്കാല്‍ ഇക്കാര്യം ആരാഞ്ഞത്.
കോര്‍പറേഷനെ പോലെ ഏറെ തിരക്കുള്ള സംവിധാനങ്ങള്‍ക്ക് മാലിന്യ സംസ്കരണം ഏറ്റെടുത്ത് നടത്തുക പ്രയാസകരമല്ലേയെന്ന് കോടതി ചോദിച്ചു. ഉദ്യോഗസ്ഥരും പലപ്പോഴും തിരക്കിലായിരിക്കും. സ്ഥലമനുവദിച്ചാല്‍ നല്ല രീതിയില്‍ പദ്ധതി നടപ്പാക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ തയാറായേക്കും. ബംഗളൂരു പോലുള്ള നഗരങ്ങളില്‍ മാലിന്യനീക്കവും സംസ്കരണവും സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചാണ് നടപ്പാക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
തിരുവനന്തപുരത്ത് മാത്രമല്ല, മറ്റിടങ്ങളിലും മാലിന്യക്കൂമ്പാരം നിത്യ കാഴ്ചയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊച്ചി നഗരത്തിന്‍െറ പലഭാഗത്തും മാലിന്യക്കൂമ്പാരം കാണാനാവും. വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡ് മാലിന്യ നിക്ഷേപ മേഖലയായി മാറിയിട്ടുണ്ട്.
മാലിന്യ സംസ്കരണ പദ്ധതികള്‍ റീടെന്‍ഡര്‍ ചെയ്യാന്‍ തയാറാണെങ്കില്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് ചില ഏജന്‍സികള്‍ കോടതിയെ അറിയിച്ചു. തിരുവനന്തപുരം നഗരത്തില്‍ കെട്ടിക്കിടക്കുന്ന മാലിന്യം വിളപ്പില്‍ശാലയിലെ സംസ്കരണ പ്ളാന്‍റില്‍ എത്തിക്കാന്‍ ആവശ്യമായ പൊലീസ് സേനയുടെ വിശദാംശം സമര്‍പ്പിക്കണമെന്ന് കോര്‍പറേഷന് കഴിഞ്ഞ ദിവസം ഹൈകോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ബുധനാഴ്ച സമര്‍പ്പിച്ചില്ല. മാലിന്യ നീക്കം എപ്പോള്‍ ആരംഭിക്കാന്‍ പറ്റുമെന്നും അതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനായിരുന്നു ഡിവിഷന്‍ബെഞ്ചിന്‍െറ നിര്‍ദേശം. കേസ് ഈ മാസം 19ന് പരിഗണിക്കാനായി മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍