Wed, 07/04/2012 - 23:35 ( 46 weeks 1 dayago)
കളി മതി കൂട്ട് വേണ്ട: കസിയസ്-സാവി സൗഹൃദത്തില്‍ മൗറിന്യോക്ക് അനിഷ്ടം
(+)(-) Font Size
കളി മതി കൂട്ട് വേണ്ട: കസിയസ്-സാവി സൗഹൃദത്തില്‍  മൗറിന്യോക്ക് അനിഷ്ടം

മഡ്രിഡ്: വന്‍കരയുടെ മഹാമേളയും കഴിഞ്ഞ് സ്പാനിഷ് അര്‍മഡ വെന്നിക്കൊടി നാട്ടി തീരമണഞ്ഞു. 2012 യൂറോകപ്പിലും കിരീടം ചൂടിയ സ്പെയിനിന്‍െറ ചരിത്രനേട്ടത്തില്‍ ഫുട്ബാള്‍ ലോകം ആനന്ദിക്കുമ്പോള്‍ കാളപ്പോരുകാരുടെ നാട്ടില്‍ ചിലര്‍ക്ക് നെഞ്ചിടിപ്പാണ്. ഫൈനലില്‍ ഇറ്റലിയുടെ അസൂറി വീര്യത്തെ തകര്‍ത്തെറിഞ്ഞു നേടിയ വിജയത്തിന്‍െറ ടീം സ്പിരിറ്റാണ് സ്പെയിനില്‍ നെഞ്ചിടിപ്പിന് കാരണം. ലോക-യൂറോ ചാമ്പ്യന്മാരെന്ന പൊന്‍തൂവലിനു പിന്നാലെ വീണ്ടും യൂറോപ്യന്‍ വന്‍കരയിലെ ചാമ്പ്യന്മാരായി സ്പെയിന്‍ വെട്ടിത്തിളങ്ങിയപ്പോള്‍ അങ്കലാപ്പിലായത് നാട്ടിലെ വന്‍കിട ക്ളബുകളുടെ കോച്ചുമാരാണ്.
ബാഴ്സയുടെയും റയല്‍ മഡ്രിഡിന്‍െറയും സൂപ്പര്‍ താരങ്ങള്‍ രാജ്യത്തിനുവേണ്ടി ഒന്നിച്ച് പന്തുതട്ടിയപ്പോള്‍ നാടാകെ പിന്തുണയുമായെത്തിയെങ്കില്‍ കളിക്കാരുടെ സൗഹൃദം ഭയപ്പെടുകയാണ് വന്‍ ക്ളബുകളുടെ പരിശീലകര്‍. ചാമ്പ്യന്‍ ടീമിന്‍െറ നായകനും ഗോള്‍കീപ്പറുമായ ഐകര്‍ കസിയസും പ്ളേമേക്കര്‍ സാവി ഹെര്‍ണാണ്ടസും തമ്മിലെ സൗഹൃദമാണ് റയല്‍ മഡ്രിഡ് കോച്ച് ജോസ് മൗറീന്യോയെ പേടിപ്പെടുത്തുന്നത്. ചെറുപ്പംമുതലേ കൂട്ടുകാരായ ഇരുവരും ദേശീയ ടീമിലെ ഡ്യൂട്ടി കഴിഞ്ഞാല്‍ സ്പാനിഷ് ലീഗില്‍ പാരമ്പര്യവൈരികളുടെ നിരയിലാണ്. കസിയസ് റയല്‍ മഡ്രിഡിന്‍െറ ഗോള്‍കീപ്പറാണെങ്കില്‍ സാവി ബദ്ധവൈരികളായ ബാഴ്സലോണയുടെ പ്ളേമേക്കറും. സാവി-കസിയസ് സൗഹൃദത്തില്‍ റയല്‍ കോച്ച് മൗറീന്യോക്ക് അത്ര താല്‍പര്യമില്ലെന്ന് വെളിപ്പെടുത്തിയത് സാവിയുടെ പിതാവുകൂടിയാണെന്നതാണ് കൗതുകം. ക്ളബില്‍ ശത്രുപക്ഷത്ത് നില്‍ക്കുന്ന ഇരുവരും സൗഹൃദം പഴയപോലെ നിലനിര്‍ത്തുന്നതിലെ നീരസം മൗറീന്യോ നേരത്തെതന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍, കൗമാരകാലം മുതലുള്ള കൂട്ടുകാര്‍ക്ക് വ്യത്യസ്ത ക്ളബുകളിലെ പ്രധാന കളിക്കാരാണെന്നതിന്‍െറ പേരില്‍ ആത്മാര്‍ഥ സൗഹൃദം അവസാനിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന് പിതാവ് വ്യക്തമാക്കി. സ്പാനിഷ് ടീമിലുണ്ടായിരുന്ന സെര്‍ജിയോ റാമോസ്, റൗള്‍ ആല്‍ബിയോള, സാബി അലോന്‍സോ, അല്‍വാരോ ആര്‍ബിയോള എന്നിവരും റയല്‍ മഡ്രിഡിന്‍െറ താരങ്ങളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus