മുംബൈ: അപര്യാപ്തമായ കാലവര്‍ഷം കാര്‍ഷികാടിസ്ഥാനത്തിലുള്ള ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയിലും തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരിവിപണി നേരിയ നേട്ടം നിലനിര്‍ത്തി. സെന്‍സെക്സ് 37.10 പോയന്‍റ് ഉയര്‍ച്ചയില്‍ 17, 462.81ലും നിഫ്റ്റി 14.60 പോയന്‍റ് നേട്ടത്തില്‍ 5,302.55ലും വ്യാപാരം അവസാനിപ്പിച്ചു. 11 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് സെന്‍സെക്സ് ബുധനാഴ്ച ഇടപാടുകള്‍ തീര്‍ത്തത്. ഏപ്രില്‍ 19ന് 17503.71ല്‍ എത്തിയതിനുശേഷമുള്ള ഏറ്റവുമുയര്‍ന്ന ക്ളോസിങ് റേറ്റാണിത്. 17,425.71ല്‍ ചൊവ്വാഴ്ച വ്യാപാരമവസാനിപ്പിച്ച സെന്‍സെക്സ് ബുധനാഴ്ച ഒരവസരത്തില്‍ 17473.26 വരെ ഉയര്‍ന്നിരുന്നു. സ്റ്റെര്‍ലൈറ്റ്, ജിന്‍ഡാല്‍ സ്റ്റീല്‍, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, എസ്.ബി.ഐ, ടാറ്റാ സ്റ്റീല്‍, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, എല്‍. ആന്‍ഡ് ടി തുടങ്ങിയ ഓഹരികള്‍ നേട്ടം കൊയ്തപ്പോള്‍ ഡോക്ടര്‍ റെഡ്ഢീസ് ലാബ്, ഒ.എന്‍.ജി.സി, വിപ്രോ, എച്. യു.എല്‍, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ടാറ്റാ മോട്ടേഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.


നിങ്ങളുടെ അഭിപ്രായങ്ങള്‍