ഇസ്ലാമാബാദ്: അഫ്ഗാനിലേക്കുള്ള നാറ്റോസേനയുടെ ചരക്കുപാതകള്‍ പാകിസ്താന്‍ വീണ്ടും തുറന്നു കൊടുത്തു. പാതകള്‍ തുറക്കാനുള്ള മന്ത്രിസഭാ പ്രതിരോധ സമിതിയുടെ തീരുമാനത്തിന് പാക് മന്ത്രിസഭ അംഗീകാരം നല്‍കി. കഴിഞ്ഞ നവംബറില്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാക് താലിബാന്‍ പ്രവര്‍ത്തകരെ ലക്ഷ്യംവെച്ച് നാറ്റോ സൈന്യം നടത്തിയ ആക്രമണത്തില്‍ 24 പാക് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പാകിസ്താന്‍ പാതകള്‍ അടച്ചിട്ടത്. സംഭവത്തില്‍ അമേരിക്ക ക്ഷമാപണം നടത്തിയതിനെ തുടര്‍ന്ന് നിരോധം നീക്കുകയായിരുന്നു.
ഏഴുമാസം നീണ്ട ഉപരോധം നീക്കിയതുമൂലം നാറ്റോ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് പാക് പ്രതീക്ഷ. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്‍റന്‍ പാക് വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖറുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനുശേഷമാണ് പ്രഖ്യാപനം. ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരില്‍ ഹിലരി ക്ളിന്‍റന്‍ അനുശോചനം രേഖപ്പെടുത്തി. അതിര്‍ത്തിയില്‍ പാക് സൈന്യം വെടിവെച്ചതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന നാറ്റോ സേനയുടെ ആരോപണം പാകിസ്താന്‍ നിഷേധിച്ചിരുന്നു. 2014 ഓടെ അഫ്ഗാനില്‍നിന്ന് സൈനികപിന്മാറ്റം നടത്തുമെന്ന് പ്രഖ്യാപിച്ച നാറ്റോസേനക്ക് ചരക്കുപാതാ ഉപരോധം വന്‍ തിരിച്ചടിയായിരുന്നു. പാത വീണ്ടും തുറക്കുന്നതിന് പാകിസ്താന്‍ ടോള്‍ ഫീ വര്‍ധിപ്പിച്ചിട്ടില്ല.
അതേസമയം, ചരക്കു പാത പുനരാരംഭിക്കാനുള്ള പാകിസ്താന്‍െറ നീക്കം വഞ്ചനയാണെന്നും അമേരിക്കയെ സഹായിക്കാനുള്ളതാണെന്നും തെഹ്രീകെ താലിബാനെ പാകിസ്താന്‍ കുറ്റപ്പെടുത്തി. നാറ്റോ സേനയുടെ ട്രക്കുകളും ഇന്ധന ടാങ്കറുകളും ആക്രമിക്കാന്‍ തെഹ്രീകെ താലിബാനെ പാകിസ്താന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുണ്ട്. പാതയിലൂടെയുള്ള യാത്രക്ക് താലിബാന്‍ പ്രവര്‍ത്തകര്‍ ഭീഷണിയാവുമെന്ന് നാറ്റോ സേനക്ക് ആശങ്കയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍