12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

കൊച്ചി മെട്രോ: വീണ്ടും നേതൃത്വവിവാദം

കൊച്ചി മെട്രോ: വീണ്ടും നേതൃത്വവിവാദം
ശ്രീധരന് നീരസം; ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി

ന്യൂദല്‍ഹി/തിരുവനന്തപുരം/കൊച്ചി: കൊച്ചി മെട്രോയുടെ നേതൃത്വം സംബന്ധിച്ച അവ്യക്തതയില്‍ ഇ. ശ്രീധരന് അനിഷ്ടം. മെട്രോ നിര്‍മാണ ചുമതല ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ഏല്‍പിച്ചില്ലെങ്കില്‍ സഹകരിക്കാന്‍ പ്രയാസമാണെന്ന് ശ്രീധരന്‍ മുന്നറിയിപ്പ് നല്‍കി. മെട്രോയില്‍ ശ്രീധരന്‍െറ പങ്ക് സംബന്ധിച്ച ചോദ്യത്തിന്, തനിക്കറിയില്ലെന്ന കേന്ദ്ര നഗരവികസന സെക്രട്ടറിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് ശ്രീധരന്‍, തന്‍െറ നീരസം കേന്ദ്ര കെ.വി തോമസിനെ അറിയിച്ചത്. അതേസമയം, നിര്‍മാണ ചുമതല ഡി.എം.ആര്‍.സിക്ക് തന്നെ ആയിരിക്കുമെന്നും വിഷയത്തില്‍ ആശയക്കുഴപ്പമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.
എന്നാല്‍, പദ്ധതി നടത്തിപ്പില്‍ നിന്ന് ഡി.എം.ആര്‍.സിയെ ഒഴിവാക്കാന്‍ ദല്‍ഹി കേന്ദ്രീകരിച്ച് ചില നീക്കങ്ങള്‍ നടന്നതായും, നഗര വികസന മന്ത്രാലയം സെക്രട്ടറി ഡോ. സുധീര്‍ കൃഷ്ണയുടെ പ്രസ്താവന ഇതിന് തെളിവാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പദ്ധതി എങ്ങനെ നടപ്പാക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തീരുമാനിക്കുമെന്നും സെക്രട്ടറി ഇന്നലെ ന്യൂദല്‍ഹിയില്‍ പറഞ്ഞിരുന്നു. ഡി.എം.ആര്‍.സിയെ ചുമതലയേല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കാത്തതും സംശയം ബലപ്പെടുത്തുന്നു. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തില്‍ രൂപവത്കരിക്കുന്ന പുതിയ സംയുക്ത കമ്പനിയുടെ ചെയര്‍മാന്‍ സുധീര്‍ കൃഷ്ണയായിരിക്കും. നിലവില്‍ ഡി.എം.ആര്‍.സിയുടെ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.
കൊച്ചി മെട്രോ നിര്‍മാണം ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് അക്കാര്യം പുതിയ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കുമെന്ന് സുധീര്‍ കൃഷ്ണ പറഞ്ഞത്. ഇത് നേരത്തേ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനക്ക് വിരുദ്ധമാണ്. നിര്‍മാണച്ചുമതല ഡി.എം.ആര്‍.സിക്ക് നല്‍കുമെന്ന് ജനുവരിയില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ്. എന്നാല്‍, ഇതു സംബന്ധിച്ച ഉത്തരവുകളൊന്നും ഇറങ്ങിയില്ല. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രീധരന് പദ്ധതിയുടെ നേതൃപദവികളിലൊന്ന് നല്‍കാന്‍ സാങ്കേതിക തടസ്സമുണ്ട്. കൊച്ചി മെട്രോ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മുതല്‍മുടക്കുന്ന സംയുക്ത സംരംഭമാണ്. ഇതനുസരിച്ച് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍െറ, മുഖ്യമന്ത്രി ചെയര്‍മാനായുള്ള 12 അംഗ ബോര്‍ഡ് പിരിച്ചുവിട്ട് കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തുല്യാധികാരമുള്ള കമ്പനിയായി മാറ്റി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പുതിയ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ കേന്ദ്രത്തിന്‍െറയും സംസ്ഥാനത്തിന്‍െറയും അഞ്ചുവീതം പ്രതിനിധികളാണ് ഉണ്ടാവുക. കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനം കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായ കേന്ദ്രനഗരവികസന സെക്രട്ടറിക്കായിരിക്കും. മാനേജിംങ് ഡയറക്ടര്‍ സ്ഥാനം സംസ്ഥാന സര്‍ക്കാറിനായിരിക്കും. ഇ. ശ്രീധരനെ കൊച്ചി മെട്രോയുടെ നേതൃസ്ഥാനത്തുകൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ മാനേജിംങ് ഡയറക്ടര്‍ സ്ഥാനമാണ് നല്‍കാന്‍ സാധിക്കുക. അതിന് നിലവിലെ മാനേജിങ് ഡയറക്ടര്‍ ടോം ജോസിനെ മാറ്റേണ്ടി വരും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല.
ഡി.എം.ആര്‍.സിയുടെ ടീം ഇല്ലാതെ കൊച്ചി മെട്രോയില്‍ തനിക്ക് സഹകരിക്കാന്‍ പ്രയാസമാകുമെന്നും ശ്രീധരന്‍ മന്ത്രി കെ.വി തോമസിനെ അറിയിച്ചിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി നടപ്പാക്കാനുള്ള വൈദഗ്ധ്യവും മാനവശേഷിയും ഡി.എം.ആര്‍.സിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, മെട്രോയുടെ നേതൃത്വം സംബന്ധിച്ച് ആശയക്കുഴപ്പമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പദ്ധതി ദല്‍ഹി മെട്രോയെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാന്‍ ജൂലൈ 10ന് രാവിലെ 12ന് യോഗം ചേരും. ഇതില്‍ ശ്രീധരന്‍ പങ്കെടുക്കും. എല്ലാ കാര്യങ്ങളും യോഗം തീരുമാനിക്കും. എമര്‍ജിങ് കേരളയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വരുമ്പോള്‍ കൊച്ചി മെട്രോയുടെ നിര്‍മാണ ഉദ്ഘാടനം കൂടി നടത്തും. കേന്ദ്രപങ്കാളിത്തം കൂടി വരുന്നതോടെ കൊച്ചി മെട്രോയുടെ ബോര്‍ഡിന്‍െറ ഘടനയില്‍ മാറ്റം വരുത്തും. ഇത്തരം പദ്ധതികളില്‍ കേന്ദ്രത്തിന്‍െറ മാതൃക പിന്തുടരും - മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com