12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

‘ദൈവകണം’ ശാസ്ത്രത്തിന്‍െറ പിടിയില്‍

‘ദൈവകണം’ ശാസ്ത്രത്തിന്‍െറ പിടിയില്‍

ജനീവ: പ്രപഞ്ചോല്‍പത്തി തേടിയുള്ള ശാസ്ത്രലോകത്തിന്‍െറ അന്വേഷണത്തില്‍ നിര്‍ണായക നാഴികക്കല്ല്. പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന, ദൈവകണം എന്നറിയപ്പെടുന്ന ഹിഗ്സ്-ബോസാണ്‍ എന്ന സബ് ആറ്റോമിക കണികയുടെ സാന്നിധ്യം ഏറക്കുറെ സ്ഥിരീകരിച്ചതായി സ്വിറ്റ്സര്‍ലന്‍ഡിലെ യൂറോപ്യന്‍ സെന്‍റര്‍ ഫോര്‍ ന്യൂക്ളിയര്‍ റിസര്‍ച്ചിലെ (സേണ്‍) ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു.
ജനീവക്കു സമീപം സ്വിറ്റ്സര്‍ലന്‍ഡിന്‍െറയും ഫ്രാന്‍സിന്‍െറയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി)നടക്കുന്ന ലോകത്തെ ഏറ്റവും വലിയ കണികാ പരീക്ഷണത്തില്‍നിന്ന് ലഭിച്ച പ്രാഥമിക ഫലങ്ങള്‍ വിലയിരുത്തിയാണ് പരീക്ഷണത്തിലേര്‍പ്പെട്ട രണ്ട് ശാസ്ത്രസംഘങ്ങള്‍ ഈ പ്രഖ്യാപനം നടത്തിയത്. 125.3 ജിഗാ ഇലക്ട്രോണ്‍ വോള്‍ട്ട് പിണ്ഡപരിധിയില്‍ 4.9 സിഗ്മാ തലത്തില്‍ പുതിയ കണത്തിന്‍െറ സാന്നിധ്യം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ പ്രഖ്യാപിച്ചു.
കണികാ ഭൗതികത്തിലെ കണ്ടെത്താതിരുന്ന അവസാന കണിക കണ്ടെത്തിയതായി സേണ്‍ ഡയറക്ടര്‍ റോള്‍ഫ് ഹ്യൂവര്‍ ശാസ്ത്രജ്ഞരുടെ കരഘോഷങ്ങള്‍ക്കിടെ പ്രഖ്യാപിച്ചു. ഹിഗ്സ് ബോസോണിനോട് സാമ്യമുള്ള കണികയാണ് കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എന്തു തരത്തിലുള്ള ഹിഗ്സ് ബോസോണാണ് ഇതെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പരീക്ഷണത്തിന്‍െറ കൂടുതല്‍ ഡാറ്റകള്‍ വിശകലനം ചെയ്യണം.
ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ പരീക്ഷണങ്ങള്‍ കണ്ടുപിടിത്തത്തിനാവശ്യമായ ഉറപ്പിന്‍െറ തലത്തിലേക്കെത്തിയെന്ന് 2100 ശാസ്ത്രജ്ഞരുടെ സംഘമായ സി.എം. എസ് മേധാവി ജോ ഇന്‍കാന്‍ഡെല പറഞ്ഞു. അതേസമയം, 1964ല്‍ ഭൗതികശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സും മറ്റും പ്രവചിച്ച മൗലിക കണം തന്നെയാണോ ഇതെന്ന് പറയാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 3000 ശാസ്ത്രജ്ഞരുടെ സംഘമായ അറ്റ്ലസ് മേധാവി ഫാബിയോള ഗിയാനോട്ടിയാണ് പ്രഖ്യാപനം നടത്തിയ മറ്റൊരാള്‍. ഹിഗ്സ് ബോസോണ്‍ എന്ന ആശയം മുന്നോട്ടുവെച്ച പീറ്റര്‍ ഹിഗ്സും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.
പ്രപഞ്ചത്തിന്‍െറ അടിസ്ഥാന ഘടന വിശദീകരിക്കുന്ന സിദ്ധാന്തങ്ങളില്‍ ഏറ്റവും സ്വീകാര്യമായ സ്റ്റാന്‍ഡേഡ് മോഡല്‍ സിദ്ധാന്തത്തിലെ അവസാനത്തെ ഘടകമാണ് ഹിഗ്സ് ബോസോണ്‍. ഈ മോഡല്‍ അനുസരിച്ചുള്ള മറ്റ് 11 കണികകളും കണ്ടെത്തിക്കഴിഞ്ഞു. 1300 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് കണികകള്‍ കൂടിച്ചേര്‍ന്ന് നക്ഷത്രങ്ങളും ഗ്രഹങ്ങളും രൂപംകൊണ്ടതിന്‍െറ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതില്‍ നിര്‍ണായകമായിരിക്കും ഈ കണ്ടെത്തല്‍. പ്രപഞ്ചത്തിലെ കൂടുതല്‍ രഹസ്യങ്ങളുടെ വാതിലും ഈ കണ്ടുപിടിത്തം തുറക്കും.
ബിഗ് ബാങ് എന്ന മഹാ വിസ്ഫോടനത്തിനുശേഷം സെക്കന്‍ഡിന്‍െറ നൂറ് കോടിയില്‍ ആദ്യ അംശത്തില്‍ പ്രപഞ്ചം പിണ്ഡമില്ലാത്ത, പ്രകാശവേഗതയില്‍ സഞ്ചരിക്കുന്ന കണികകളുടെ മിശ്രിതമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഹിഗ്സ് ബോസോണുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് അവക്ക് പിണ്ഡം ലഭിച്ചത്. മൊത്തം പ്രപഞ്ചത്തില്‍ വ്യാപിച്ചുകിടക്കുന്ന സൈദ്ധാന്തിക, അദൃശ്യ ഊര്‍ജമണ്ഡലമാണ് ഹിഗ്സ് മണ്ഡലം. പ്രകാശ കണമായ ഫോട്ടോണ്‍ പോലുള്ള ചില കണികകള്‍ ഇതിന്‍െറ പിടിയില്‍ പെടാതെ നില്‍ക്കുന്നവയാണ്. അതിനാല്‍, അവക്ക് പിണ്ഡമില്ല.
നൊബേല്‍ പുരസ്കാരജേതാവായ ഭൗതികശാസ്ത്രജ്ഞന്‍ ലിയോണ്‍ ലെദെര്‍മാനാണ് ഹിഗ്സ് ബോസോണിന് ദൈവകണം എന്നു പേരിട്ടത്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റര്‍ ഹിഗ്സിന്‍െറ നേതൃത്വത്തിലാണ് ഇങ്ങനെയൊരു കണികയുടെ സാധ്യതയെക്കുറിച്ച് 1964ല്‍ സിദ്ധാന്തമവതരിപ്പിച്ചത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന്‍െറയും ഇന്ത്യന്‍ ശാസ്ത്രജ്ഞനായ സത്യേന്ദ്രനാഥ് ബോസിന്‍െറയും പേരില്‍ അറിയപ്പെടുന്ന ബോസ്-ഐന്‍സ്റ്റീന്‍ സാംഖികം അനുസരിക്കുന്ന ബോസോണ്‍ എന്ന മൗലിക കണത്തിന്‍െറ ഗണത്തിലാണ് ഇതിനും സ്ഥാനം. ഹിഗ്സിന്‍െറയും ബോസിന്‍െറയും പേരുകളില്‍നിന്നാണ് ഈ കണികക്ക് ഹിഗ്സ് ബോസോണ്‍ എന്ന് പേരുവന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com