12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

ജില്ലാ, വിക്ടോറിയ ആശുപത്രികളുടെ നവീകരണത്തിന് 59കോടി

കൊല്ലം: ജില്ലാ ആശുപത്രിയുടെയും ഗവണ്‍മെന്‍റ് വിക്ടോറിയ ആശുപത്രിയുടെയും വികസന, നവീകരണപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമാക്കി 59 കോടിയുടെ മാസ്റ്റര്‍പ്ളാന്‍ ജില്ലാപഞ്ചായത്തിന്‍െറ വികസന-ആരോഗ്യ സ്ഥിരംസമിതിയുടെ നേതൃത്വത്തില്‍ തയാറാക്കി. എറണാകുളം ആസ്ഥാനമായ പ്രഫഷനല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് കേരള യുടെ നേതൃത്വത്തിലാണ് മാസ്റ്റര്‍പ്ളാന്‍ തയാറാക്കുന്നത്. മാസ്റ്റര്‍പ്ളാനിന്‍െറ പഠനത്തിനായി സമര്‍പ്പിച്ച രേഖകളില്‍ ജില്ലാ ആശുപത്രികളുടേതായി ഏഴേക്കര്‍ സ്ഥലമുള്ളതായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും ആധുനിക സര്‍വേ സംവിധാനത്തിന്‍െറ സഹായത്തോടെ പത്തര ഏക്കര്‍ കണ്ടത്തെിയിട്ടുണ്ട്. ജില്ലാ ആശുപത്രിയുടേതായി 4.54 ഏക്കറും വിക്ടോറിയ ആശുപത്രിയുടേതായി 3.75 ഏക്കറും നഴ്സിങ് സ്കൂളിന്‍േറതായി 1.27 ഏക്കറും. ഡോക്ടര്‍മാരുടെ ക്വോര്‍ട്ടേഴ്സ് 54 സെന്‍റും ഡോക്ടേഴ്സ് റസിഡന്‍റ്സ് കോമ്പൗണ്ട് 20 സെന്‍റുമാണെന്ന് ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.എല്‍ സജികുമാര്‍ അറിയിച്ചു.
ജില്ലാ ആശുപത്രിയില്‍ പുതിയ ആറ് ബ്ളോക്കുകള്‍ നിര്‍മിക്കാനാണ് ശിപാര്‍ശ. നിലവിലുള്ള ജില്ലാ പബ്ളിക് ഹെല്‍ത്ത് ലബോറട്ടറി, ലിംഫ് ഫിറ്റിങ് സെന്‍റര്‍, പൊലീസ് എയ്ഡ്പോസ്റ്റ് എന്നിവയുടെ സ്ഥാനത്ത് മൂന്ന് നിലയുള്ള കെട്ടിടം നിര്‍മിക്കുകയും ഇതിലേക്ക് ക്ളിനിക്കല്‍ ലബോറട്ടറി, ഫാര്‍മസി, സ്റ്റോര്‍, മറ്റ് അനുബന്ധസേവനങ്ങള്‍ മാറ്റുകയുംചെയ്യും. അത്യാസന്നരോഗികള്‍ക്കായുള്ള ക്രോണിക്ക് വാര്‍ഡിന്‍െറ സ്ഥാനത്ത് മൂന്ന് നിലകളിലായി ഫിസിയാട്രി ഡിപ്പാര്‍ട്ട്മെന്‍റും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂനിറ്റും പുതിയ ക്രോണിക്വാര്‍ഡും അനുബന്ധസേവനങ്ങള്‍ക്കായി ഒരു നില കെട്ടിടവും പുതിയ മോര്‍ച്ചറി കോംപ്ളക്സും നിര്‍മിക്കും.
അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് മുഴുവനായി നഴ്സിങ് സ്കൂള്‍ കോമ്പൗണ്ടിലെ സര്‍ സി.പി ബ്ളോക്കിലേക്ക് മാറ്റുകയും നിലവിലുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന്‍െറ താഴത്തെനില മുഴുവനും ഒ.പി വിഭാഗത്തിനായി ഉപയോഗപ്പെടുത്തുകയുംചെയ്യും. രണ്ടാശുപത്രികളിലുമായി പ്രത്യേകം ഐ.പി /ഒ.പി ഫാര്‍മസി സംവിധാനവും മൈക്രോ ഫാര്‍മസി സംവിധാനവും ഏര്‍പ്പെടുത്തും. 2500 ഓളം രോഗികള്‍ക്ക് ഒരേസമയം സേവനം നല്‍കാന്‍ കഴിയുന്നതാവും ഒ.പി സംവിധാനം. ജില്ലാ ആശുപത്രിയുടെ ഒ.പി സേവനവിഭാഗത്തില്‍ 21 വിവിധ യൂനിറ്റുകള്‍ സജ്ജീകരിക്കും. കോണ്‍ഫറന്‍സിങ് ഹാളും നിര്‍ദേശിക്കുന്നു.പുതിയ സൂനാമി ബില്‍ഡിങ്ങിലേക്ക് അത്യാഹിതസംവിധാനം മാറ്റുന്നതിനോടൊപ്പം നിലവിലുള്ള അത്യാഹിതവിഭാഗത്തിന്‍െറ സ്ഥലത്ത് മൂന്ന് നിലയില്‍ രോഗി സൗഹൃദ റിസപ്ഷന്‍ രജിസ്റ്റര്‍ സംവിധാനവും രണ്ടാംനിലയിലും മൂന്നാംനിലയിലും നഴ്സിങ് സ്റ്റേഷനും പദ്ധതിയുണ്ട്.
നിലവിലുള്ള പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂനിറ്റ് കാന്‍റീന്‍ ആക്കി മാറ്റും. രണ്ട് കോടിയുടെ പത്ത് ഘട്ടങ്ങളിലായി പൂര്‍ത്തിയാകുന്ന ഖരമാലിന്യസംസ്കരണസംവിധാനം ഏര്‍പ്പെടുത്തും. ജില്ലാ ആശുപത്രിക്കായി മൊത്തം 39 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് ശിപാര്‍ശ ചെയ്യുന്നത്.
ഗവ. വിക്ടോറിയ ആശുപത്രിയില്‍ അഞ്ച് പുതിയ ബ്ളോക്കുകളാണ് മാസ്റ്റര്‍പ്ളാന്‍ ശിപാര്‍ശ ചെയ്യുന്നത്. ഒന്നാം ബ്ളോക്കില്‍ അഞ്ച് നിലകളുള്ള കെട്ടിടസമുച്ചയവും രണ്ടാം ബ്ളോക്കില്‍ നാല് നിലകളുള്ള കെട്ടിടസമുച്ചയവും മൂന്നാം ബ്ളോക്കില്‍ പീഡിയാട്രിക് കാഷ്വാലിറ്റിയുമടക്കം നാല് നിലകളുള്ള കെട്ടിടസമുച്ചയവുമാണ് ലക്ഷ്യമിടുന്നത്. വിക്ടോറിയ ആശുപത്രിയില്‍ ആകെ 20 കോടിയുടെ പദ്ധതികളാണ് ശിപാര്‍ശചെയ്യുന്നത്.
രണ്ട് ആശുപത്രികളുടെയും രേഖകള്‍ സൂക്ഷിക്കാന്‍ ഒരു ഡോക്യുമെന്‍റ് ബാങ്കിന് രൂപം കൊടുക്കാന്‍ നിര്‍ദേശിക്കുന്നു. വാര്‍ഡുകള്‍ ദിവസവും രണ്ട് തവണയും ബാത്ത്റൂമുകള്‍ ദിവസവും നാല് തവണയും വൃത്തിയാക്കും. സെക്യൂരിറ്റി, പാര്‍ക്കിങ്, പേഷ്യന്‍റ് സര്‍വീസ് ഡിവിഷന്‍ ആന്‍ഡ് രജിസ്ട്രേഷന്‍, കഫ്ത്തീരിയ, മാലിന്യനീക്കവും സംസ്കരണവും എന്നിവ സ്വകാര്യ കോണ്‍ട്രാക്ടറുകള്‍ നല്‍കുന്നതുവഴി മെച്ചപ്പെടുത്താം.
ഉപയോഗശൂന്യമായിക്കിടക്കുന്ന റസിഡന്‍റ്സ് കോമ്പൗണ്ടില്‍ ഒരു കൊമേഴ്സ്യല്‍കോംപ്ളക്സും മറ്റനുബന്ധ സൗകര്യങ്ങളുമൊരുക്കിയാല്‍ ആശുപത്രി നടത്തിപ്പിനുള്ള തനതുഫണ്ട് കണ്ടത്തൊം. നഴ്സിങ് സ്കൂളിനോട് ചേര്‍ന്നുള്ള 54 സെന്‍റ് സ്ഥലത്ത് അഞ്ച് നിലകളിലുള്ള ഒരു ക്വാര്‍ട്ടേഴ്സ് കോംപ്ളക്സും മാസ്റ്റര്‍പ്ളാന്‍ നിര്‍ദേശിക്കുന്നു.
മാസ്റ്റര്‍പ്ളാന്‍ ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നില്‍ അവതരിപ്പിക്കുമെന്നും ഇതില്‍ നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ വിശദമായി പരിശോധിച്ചും എസ്റ്റിമേറ്റുകളും മറ്റും തയാറാക്കി ജനപ്രതിനിധികളുടെ പ്രാദേശിക വികസനഫണ്ടും സര്‍ക്കാറിന്‍െറയും വിവിധ ഏജന്‍സികളുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹകരണത്തോടുകൂടി നടപ്പിലാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നും സജികുമാര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com