12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

നഗരത്തില്‍ സമാന്തര മേല്‍പ്പാതക്ക് സാധ്യതാപഠനം

കൊല്ലം: ജെ.എന്‍.എന്‍.യു.ആര്‍.എം (ജവഹര്‍ലാല്‍ നെഹ്റു ദേശീയ നഗര പുനരുദ്ധാരണ മിഷന്‍ ) പദ്ധതിയുടെ ഭാഗമായി നഗരത്തിലെ സമഗ്രഗതാഗത പരിഷ്കാരത്തിന് നാറ്റ്പാക്കിന്‍െറ മേല്‍നോട്ടത്തില്‍ സാധ്യതാപഠനം നടത്തുന്നതിന് കോര്‍പറേഷന്‍ കൗണ്‍സിലിന്‍െറ അംഗീകാരം. പോളയത്തോട് മുതല്‍ ആനന്ദവല്ലീശ്വരം വരെ ദേശീയപാതക്കും എസ്.എം.പി റെയില്‍വേ ഗേറ്റിനും മുകളിലൂടെയുള്ള പാതനിര്‍മാണം ഉള്‍പ്പെടെ എട്ടോളം പദ്ധതികള്‍ക്കുള്ള സാധ്യതാ പഠനത്തിനാണ് കൗണ്‍സില്‍ അനുമതി നല്‍കിയത്. കൊല്ലം ബോട്ട് ജെട്ടിയും തോപ്പില്‍ കടവുമായി ബന്ധിപ്പിച്ച് ലിങ്ക് റോഡില്‍ നിന്ന് പാലവും പാതയും നിര്‍മാണവും സാധ്യതാപഠനത്തിലുള്‍പ്പെടും. മേവറം-വെള്ളയിട്ടമ്പലം, പുന്തലത്താഴം റെയില്‍വേ സ്റ്റേഷന്‍, മൂന്നാംകുറ്റി-ചിന്നക്കട, കച്ചേരിമുക്ക്-പോര്‍ട്ട്, എന്നീ പാതകളില്‍ ഓട നിര്‍മിച്ച് സൗന്ദര്യവത്കരിക്കാനുള്ള നിര്‍ദേശവും സംഘം പഠിക്കും. തങ്കശ്ശേരി ബസ് ബേ, ലക്ഷ്മിനട, ചിന്നക്കട, സിറ്റിയിലെ ഉള്‍പ്പാതകള്‍, ബീച്ച് റോഡ് എന്നിവിടങ്ങള്‍ ടൈല്‍ പതിച്ച് മനോഹരമാക്കലും ഇതിലുള്‍പ്പെടും. താന്നി മുതല്‍ കല്ലുപാലം വരെയുള്ള റോഡിന് ഇടതുവശമുള്ള റോഡിന്‍െറ വികസനം, കടപ്പാക്കടയില്‍ ഫൈ്ളഓവറോ അടിപ്പാതയോ ജില്ലാ ആശുപത്രി മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള അടിപ്പാത, ഇരവിപുരം റെയില്‍വേ ഫൈ്ള ഓവര്‍, ആണ്ടാമുക്കത്തും ലിങ്ക് റോഡിന് സമീപത്തും പാര്‍ക്കിങ് ടവര്‍ എന്നീ നിര്‍ദേശങ്ങളിലും നാറ്റ്പാക്ക് പഠനം നടത്തും. നാറ്റ്പാക്ക് അംഗങ്ങളായ ഡോ.ജി. രവികുമാര്‍, കെ.എം സെയ്ദ് മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തില്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ്, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍,കൗണ്‍സിലര്‍ ജോര്‍ജ് ഡി. കാട്ടില്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങള്‍ നിശ്ചയിച്ചതെന്ന് മേയര്‍ അറിയിച്ചു.
എന്നാല്‍ ഈ പദ്ധതിയിലുള്‍പ്പെടെ കോര്‍പറേഷന്‍െറ വിവിധ വികസന ആസൂത്രണങ്ങളില്‍ കോര്‍പറേഷനിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട പഞ്ചായത്തുകളെ അവഗണിക്കുന്നതായി കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. കൂട്ടിച്ചേര്‍ക്കപ്പെട്ട ശക്തികുളങ്ങര പ്രദേശത്തെ നാറ്റ്പാക്കിന്‍െറ സാധ്യതാപഠന ത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കൗണ്‍സിലര്‍ സ്റ്റാന്‍ലി ആവശ്യപ്പെട്ടു. തുരുത്തുകളെ ബന്ധിക്കുന്ന പാലവും പാതകളും നിര്‍മിച്ച് പ്രദേശത്തെ ജനങ്ങളുടെ പ്രയാസമകറ്റണമെന്നും അദ്ദേഹം പറഞ്ഞു. സാധ്യതാപഠനത്തിന് സമഗ്രമായ നിര്‍ദേശങ്ങളാണ് വേണ്ടിയിരുന്നതെന്ന് കൗണ്‍സിലര്‍ എസ്.ജയന്‍ പറഞ്ഞു. നഗരവികസനം ടൗണില്‍ മാത്രം ഒതുങ്ങാതെ കോര്‍പറേഷനിലെ എല്ലാ വാര്‍ഡുകള്‍ക്കും പ്രാതിനിധ്യം ലഭിക്കുന്ന രൂപത്തില്‍ ആസൂത്രണമുണ്ടാകണം. ഏറ്റവും കൂടുതല്‍ ആളുകള്‍ തൊഴിലിനായി വന്നുപോകുന്ന പ്രദേശമെന്ന നിലയില്‍ ശക്തികുളങ്ങരക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ തയാറാക്കിയ നിര്‍ദേശങ്ങള്‍ പ്രാഥമികം മാത്രമാണെന്നും എല്ലാ വാര്‍ഡുകളിലെയും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് ഏകദേശം 3000 കോടി രൂപയുടെ സമഗ്രമായ പദ്ധതിയാണ് ജെ.എന്‍.എന്‍.യു. ആര്‍.എം വഴി നഗരപരിധിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മേയര്‍ യോഗത്തെ അറിയിച്ചു. ശക്തികുളങ്ങരയുടെ കാര്യം പദ്ധതിയില്‍ പരിഗണിക്കാമെന്നും മേയര്‍ ഉറപ്പു നല്‍കി. ഭൂമി ഏറ്റെടുത്തുളള ഒരു പ്രപ്പോസലും ഉള്‍പ്പെടുത്താന്‍ കഴിയില്ളെന്നും ഉള്ള ഭൂമിയിലാണ് പദ്ധതി നടപ്പാക്കാനാവൂവെന്നും എം.നൗഷാദ് പറഞ്ഞു.
മഴക്കാല പൂര്‍വപ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ച അങ്കണവാടി ജീവനക്കാര്‍ക്ക് അധിക ജോലിക്ക് നല്‍കുന്നത് പഴയ നിരക്കിലുള്ള 150 രൂപയാണെന്നും ഇത് ഉയര്‍ത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മഴക്കാല പൂര്‍വശുചീകരണത്തിന് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകള്‍ക്കുമായി 55 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. ഓരോ വാര്‍ഡിനും 10,000 രൂപ വീതം ലഭിക്കും. ഇതിനുപുറമേ വാര്‍ഡുകള്‍ക്ക് എന്‍.ആര്‍.എച്ച്.എം പദ്ധതിയില്‍ നിന്നുള്ള 10,000 രൂപയും ലഭിക്കുമെന്നും മേയര്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com