പാലക്കാട്: കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്ത ആദിവാസി യുവാവ് കൂലിപ്പണി ചെയ്യുന്നു. സൈലന്‍റ്വാലി താഴ്്വരയില്‍ കടുകുമണ്ണ ഊരിലെ രങ്കന്‍-വീര ദമ്പതികളുടെ മകന്‍ മുരുകനാണ് ഉപജീവനത്തിന് കൂലിവേലക്കിറങ്ങിയത്.
പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പരില്‍ പെട്ട മുരുകന്‍ എറണാകുളം കോതമംഗലത്തെ എം.എ എന്‍ജിനീയറിങ് കോളജില്‍ നിന്ന് 2009ലാണ് കമ്പ്യൂട്ടര്‍ എന്‍ജിനീയറിങില്‍ ബിടെക് പൂര്‍ത്തിയാക്കിയത്. കുറുമ്പ വിഭാഗത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ എന്‍ജിനീയറായ മുരുകന്‍ മൂന്ന് വര്‍ഷമായി ജോലിക്ക് മുട്ടാത്ത വാതിലുകളില്ല. ജോലി തേടി തിരുവനന്തപുരത്ത് പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രിക്ക് അപേക്ഷ നല്‍കാന്‍ ശ്രമിച്ചെങ്കിലും കാണാനാവാതെ മടങ്ങേണ്ടി വന്നു. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്്റ്റര്‍ ചെയ്തും പി.എസ്.സി പരീക്ഷ എഴുതിയും കാത്തിരിപ്പ് നീണ്ടപ്പോള്‍ കൂലിപ്പണിയെടുത്ത് ജീവിക്കാന്‍ തീരുമാനിച്ചു.
മുക്കാലിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ കടുകുമണ്ണ ഊരില്‍ നിന്ന് ഏറെ ദുരിതം സഹിച്ചാണ് മുരുകന്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയത്. വാഹനസൗകര്യം പരിമിതമായ ഇവിടെ നിന്ന് ചിണ്ടക്കി ഗവ. ട്രൈബല്‍ വെല്‍ഫെയര്‍ സ്കൂളില്‍ നടന്നത്തെിയായിരുന്നു സ്കൂള്‍ പഠനം. നാലാം ക്ളാസ് മുതല്‍ സീങ്കര കോണ്‍വെന്‍റ് എല്‍.പി സ്കൂള്‍, തൃശൂര്‍ ചിയ്യാരം സെന്‍റ് മേരീസ് സി.യു.പി സ്കൂള്‍, പുല്ലൂര്‍ സ്കൂള്‍, അട്ടപ്പാടി സെന്‍റ് പീറ്റേഴ്സ് കോണ്‍വെന്‍റ് സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ച് ഉയര്‍ന്ന മാര്‍ക്കോടെ എസ്.എസ്.എല്‍.സി വിജയിച്ചു. വയനാട് ഡോ. അംബേദ്കര്‍ മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് പ്ളസ്ടുവിന് പഠിച്ചത്. പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ രസതന്ത്രം ഐച്ഛിക വിഷയമായി ബിരുദപഠനത്തിന് ചേര്‍ന്നു. അതോടൊപ്പം എന്‍ജീനീയറിങ് പ്രവേശപരീക്ഷക്കുള്ള പഠനവും നടത്തി. സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍ പ്രത്യേകം പരിശീലനത്തിന് പോകാതെ സ്വയം പഠിച്ചാണ് പ്രവേശപരീക്ഷ എഴുതിയത്. ഫലം വന്നപ്പോള്‍ ആദിവാസി വിഭാഗത്തില്‍ എന്‍ജിനീയറിങിനും മെഡിസിനും റാങ്ക് ലഭിച്ചു. എന്‍ജിനീയറിങിന് കോതമംഗലത്ത് ചേര്‍ന്നു. പഠനം പൂര്‍ത്തിയാക്കി അഹാഡ്സിലും ഐ.ടി.ഡി.പിയിലും ജോലിശ്രമവുമായി കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ വിവാഹിതനായി. ഭാര്യ സരസ്വതി ബി.എക്ക് പഠിക്കുകയാണ്. കുടുംബം പോറ്റാന്‍ മാര്‍ഗമില്ലാതെ വന്നതോടെയാണ് മുരുകന്‍ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴിലിനിറങ്ങിയത്. കുറുമ്പരുടെ ക്ഷേമത്തിന് ആരംഭിച്ച കുറുമ്പ പാക്കേജിന് അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ 48 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2012ല്‍ തുടങ്ങി 2016 ല്‍ അവസാനിക്കുന്ന പദ്ധതി യാഥാര്‍ഥ്യമാവുമ്പോള്‍ അതിലെങ്കിലും തനിക്കൊരു ജോലി കിട്ടുമെന്ന പ്രതീക്ഷയിലാണ് 31കാരനായ മുരുകന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍