മുംബൈ: മൊത്തവ്യാപാര രംഗത്തു പ്രവര്‍ത്തിക്കുന്ന ഭാരതി വാള്‍മാര്‍ട്ട് സംയുക്ത സംരംഭം മൊത്ത വില്‍പ്പന രംഗത്ത് വന്‍ വികസന പദ്ധതികള്‍ക്ക് ഒരുങ്ങുന്നു. ചില്ലറ വില്‍പ്പന രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുന്നതുള്‍പ്പെടെയുള്ള പരിഷ്കാര നടപടികള്‍ക്ക് വൈകാതെ അനുമതിയാകുമെന്ന സൂചനകളെ തുടര്‍ന്ന് ഭാരതിയും വിദേശ പങ്കാളിയായ വാള്‍മാര്‍ട്ടും കമ്പനിയില്‍ മൂലധന നിക്ഷേപം വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വികസന പദ്ധതികളുടെ ഭാഗമായി കമ്പനി നടപ്പ് വര്‍ഷം 104 കോടി രൂപ നിക്ഷേപിക്കും.
നിലവില്‍ ഭാരതി വാള്‍മാര്‍ട്ടിന് ഇന്ത്യയില്‍ 17 മൊത്ത വില്‍പ്പന സ്റ്റോറുകളാണുള്ളത്. സ്റ്റോറുകള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം തന്നെ ഉല്‍പ്പന്ന നീക്കത്തിനുള്ള സൗകര്യങ്ങളും കമ്പനി മെച്ചപ്പെടുത്തുന്നുണ്ട്. 2011ല്‍ ഭാരതി വാള്‍മാര്‍ട്ട് 1876 കോടി രൂപയുടെ വില്‍പ്പനയാണ് നേടിയത്. 2010നെ അപേക്ഷിച്ച് വില്‍പ്പന ഇരട്ടിയാവുകയും ചെയ്തു. എന്നാല്‍ 765 കോടി രൂപയുടെ നഷ്ടമാണ് 2011ല്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വൈകാതെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്ന വ്യക്തമായ സൂചനയുള്ളതാണ് വന്‍ വികസന പദ്ധതികളിലേക്ക് നീങ്ങാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍