വടകര: ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൂഴിത്തല കടലോര പുറമ്പോക്കു ഭൂമിയിലെ കുടുംബങ്ങളുടെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുന്നു. 43 കുടുംബങ്ങളെയാണ് ജില്ലാ പഞ്ചായത്ത് പുനരധിവസിപ്പിക്കുന്നത്.
സുനാമി പുനരധിവാസപദ്ധതി പ്രകാരം ഒരു കോടി 70 ലക്ഷം രൂപ ചെലവാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. അഴിയൂര്‍ മൂന്നാം ഗെയിറ്റിന് സമീപത്തെ വേട്ടക്കുന്നിലെ ഒന്നര ഏക്കര്‍ സ്ഥലത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്.
കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഇവരുടെ താമസം. മഴക്കാലത്ത് പലപ്പോഴും ഇവരെ റവന്യൂ അധിക്യതരും പഞ്ചായത്തും ചേര്‍ന്ന് സ്കൂളിലും മറ്റും മാറ്റിപാര്‍പ്പിക്കുകയായിരുന്നു പതിവ്. അഞ്ചുവര്‍ഷം മുന്‍പുണ്ടായ കടലാക്രമണത്തില്‍ ഇവരില്‍ പലരുടെയും കുടില്‍നിന്ന സ്ഥലം കടലെടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജനപ്രതിനിധികള്‍, സാമൂഹിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് സ്വന്തമായ വീടുണ്ടാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. രണ്ടു മുറിയും ഒരു അടുക്കളയും ഒരു കക്കൂസും അടങ്ങിയതാണ് വീട്. ഇതിന്‍െറ നിര്‍മാണ പ്രവ്യത്തി നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, വൈദ്യുതി കണക്ഷനോ വെള്ളത്തിന്‍െറ സൗകര്യമോ ഇല്ലായിരുന്നു. ഇതുമൂലം ഇവരുടെ താമസം മാറല്‍ നീണ്ടുപോവുകയായിരുന്നു. ഒടുവില്‍ വൈദ്യൂതി കണക്ഷന്‍ ലഭിക്കുകയും വാട്ടര്‍ അതോറിറ്റി പൈപ്പ് വഴി വെള്ളം എത്തിക്കുകയും ചെയ്തതോടെ തടസ്സങ്ങള്‍ നീങ്ങി.
ചുറ്റുമതില്‍ നിര്‍മാണവും എളുപ്പം തീര്‍ത്തു. 43 കുടുംബങ്ങള്‍ക്കുള്ള വീടിന്‍െറ താക്കോല്‍ ദാനം ജൂലൈ എട്ടിന് രാവിലെ പത്തിന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. ഉത്സവച്ഛായ കലര്‍ന്ന അന്തരീക്ഷത്തില്‍ ചടങ്ങ് നടത്താന്‍ ജനപ്രതിനിധികള്‍ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഉമ്മര്‍ അധ്യക്ഷതവഹിച്ചു.
പി. രാഘവന്‍, വി.പി. സുരേന്ദ്രന്‍, പ്രദീപ് ചോമ്പാല, പി.എം. അശോകന്‍, വി.പി. ജയന്‍, കെ. അന്‍വര്‍ ഹാജി, ടി.സി.എച്ച്. അബൂബക്കര്‍, കെ. ലീല, കെ.വി. രാജന്‍, പി. ഷമീറ എന്നിവര്‍ സംസാരിച്ചു. ആയിഷ ഉമ്മര്‍ (ചെയര്‍), വില്ളേജ് ഓഫിസര്‍ എം. ശിവദാസ് (ജന.കണ്‍) ഭാരവാഹികളായി കമ്മിറ്റി രൂപവത്കരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍