പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ സി.എം.സി പെട്ടികള്‍ സ്ഥാപിക്കുന്നു

ദോഹ: വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കാനുള്ള സംവിധാനത്തിന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ (സി.എം.സി) തുടക്കമിട്ടു. ഇതിനായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇത്തരം പെട്ടികളില്‍ തങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്തി നിക്ഷേപിക്കാം.
ആദ്യഘട്ടമെന്ന നിലക്ക് സി.എം.സി ജനറല്‍ സെക്രട്ടറിയേറ്റ് അല്‍മീറ കണ്‍സ്യൂമര്‍ സെന്‍ററിന്‍െറ 18 ശാഖകളിലാണ് പെട്ടികള്‍ സ്ഥാപിച്ചിരിക്കുന്നത്.പൊതുജനങ്ങള്‍ക്ക് തങ്ങള്‍ അഭിമുഖീകരിക്കുന്ന ഏത് പ്രശ്സനങ്ങളും ഈ സംവിധാനം വഴി അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് കൗണ്‍സില്‍ തലവന്‍ സൗദ് ബിന്‍ അബ്ദുല്ല ആല്‍ഹന്‍സാബ് പറഞ്ഞു. പൊതുജനങ്ങളുടെ പരാതികള്‍ പെട്ടികളില്‍ നിന്ന് ശേഖരിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് സി.എം.സി സെക്രട്ടറി ജനറല്‍ അബ്ദുല്‍ അസീസ് അബ്ദുല്‍ ഖാദിര്‍ അല്‍അഹ്മദ് അറിയിച്ചു.
പെട്ടികളില്‍ നിന്ന് പരാതികള്‍ പരിശോധിക്കുന്നതിനും പ്രസക്തമായവ കൗണ്‍സിലിന്‍െറ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സി.എം.സി ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. പെട്ടിയില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത ഫോറത്തിലാണ് പൊതുജനങ്ങള്‍ അഭിപ്രായങ്ങളും പരാതികളും നിര്‍ദേശങ്ങളും രേഖപ്പെടുത്തേണ്ടത്. താല്‍പര്യമുള്ളവര്‍ക്ക് പരാതിയോടൊപ്പം തങ്ങളുടെ ഫോണ്‍ നമ്പറും വിലാസവും നല്‍കാം. പരാതിയില്‍ പറയുന്ന പ്രശ്നങ്ങള്‍ ഉടനടി പരാതിക്കാരനുമായി ബന്ധപ്പെട്ട് പരിഹരിക്കാന്‍ കൗണ്‍സില്‍ നടപടി സ്വീകരിക്കും. പദ്ധതി വിപുലീകരിക്കുന്നതോടെ ഷോപ്പിംഗ് മാളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും പെട്ടികള്‍ സ്ഥാപിക്കും.
പൊതുജനങ്ങളുടെ പരാതികള്‍ വിശദമായി പഠിച്ച ശേഷം കൗണ്‍സിലിന്‍െറ അധികാര പരിധിയില്‍ വരുന്ന വിഷയങ്ങളില്‍ യുക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അല്‍ അഹ്മദ് വ്യക്തമാക്കി. പരാതിയില്‍ സ്വീകരിക്കുന്ന നടപടികള്‍ പരാതിക്കാരനെ അറിയിക്കും. സി.എം.സി ആസ്ഥാനത്ത് നേരിട്ടത്തെിയും കൗണ്‍സിലിന്‍െറ വെബ്സൈറ്റ് വഴിയും പൊതുജനങ്ങള്‍ക്ക് പരാതികളും അഭിപ്രായങ്ങളും അറിയിക്കാം. പരാതികള്‍ക്ക് പുറമെ കൗണ്‍സിലിന്‍െറയും കൗണ്‍സില്‍ അംഗങ്ങളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും രേഖപ്പെടുത്താം. പൊതു ശുചീകരണം, സുരക്ഷ, അടിസ്ഥാനസൗകര്യം, ജല-വൈദ്യുതി വിതരണം, ഡ്രെയ്നേജ്, മറ്റ് പൊതു സേവനങ്ങള്‍ തുടങ്ങി കൗണ്‍സിലിന്‍െറ അധികാര പരിധിയില്‍ വരുന്ന ഏത് വിഷയത്തിലും പരാതിയുടെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus