നാടുകള്‍ കണ്ടറിഞ്ഞ് ഇവരുടെ അവധിക്കാല യാത്രകള്‍

നാടുകള്‍ കണ്ടറിഞ്ഞ് ഇവരുടെ അവധിക്കാല യാത്രകള്‍

ദോഹ: അവധിക്കാലമായതോടെ സ്വന്തം നാടുകളിലേക്കും ഉല്ലാസയാത്രകള്‍ക്കായി മറ്റ് രാജ്യങ്ങളിലേക്കും കരമാര്‍ഗം യാത്ര ചെയ്യുന്ന സഞ്ചരികളുടെ എണ്ണം വര്‍ധിച്ചു. അത്യാവശ്യ സാധനസാമഗ്രികളെല്ലാം വാഹനത്തിനകത്തും പുറത്തുമായി വാരി നിറച്ച് നാടും നഗരവും കണ്ടറിഞ്ഞ് കാതങ്ങള്‍ പിന്നിടുന്ന ഇവരുടെ യാത്രകള്‍ വ്യത്യസ്തമായ സഞ്ചാരാനുഭവങ്ങളാണ്.
സ്കൂളുകള്‍ അടക്കുകയും ഖത്തറില്‍ ചൂടേറുകയും ചെയ്തതോടെ അബൂസംറ അതിര്‍ത്തി വഴി ഇതിനകം ഇങ്ങനെ കടന്നുപോയ യാത്രാസംഘങ്ങള്‍ നിരവധിയാണ്. സ്വദേശികളും അറബ് വംശജരായ പ്രവാസികളുമാണ് പ്രധാനമായും ഇങ്ങനെ സ്വന്തം വാഹനങ്ങളിലും വാടകക്കെടുത്ത വലിയ വാഹനങ്ങളിലുമായി കുടുംബസമേതം യാത്ര ചെയ്യുന്നത്. പരിചയക്കാര്‍ ഒത്തുചേര്‍ന്ന് വാഹനം വാടകക്കെടുത്ത് ഇങ്ങനെ ഉല്ലാസയാത്ര നടത്തുന്ന മലയാളികളുമുണ്ട്.
അറബ് നാടുകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വേട്ടക്കായും പോകുന്നവരുടെ യാത്രകള്‍ പലപ്പോഴും ഇത്തരത്തിലാണ്. സുഡാന്‍, യെമന്‍, ഒമാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പലരും കരമാര്‍ഗം സ്വന്തം വാഹനങ്ങളിലാണ് അവധിക്കാലത്ത് നാട്ടില്‍ പോകുന്നത്. എന്നാല്‍, രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉടലെടുത്തതോടെ ഈജിപ്തിലേക്ക് ഇങ്ങനെ ഉല്ലാസയാത്ര നടത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അവധിക്കാലത്ത് വിമാനയാത്രാനിരക്കിലുണ്ടാകുന്ന വര്‍ധനവാണ് പലരെയും കരമാര്‍ഗമുള്ള യാത്ര തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ സ്വന്തം നാട്ടിലേക്കുള്ള ഈ യാത്രകള്‍ പലര്‍ക്കും ഒരു വിനോദയാത്ര പോലെയാണ്. യാത്രാമധ്യേ മക്കയും മദീനയും സന്ദര്‍ശിക്കുന്നവരും കുറവല്ല. സുഡാനികള്‍ ജദ്ദയില്‍ നിന്ന് കടല്‍മാര്‍ഗം പോര്‍ട്ട് സുഡാന്‍ വഴിയും ഈജിപ്തുകാര്‍ അഖബ വഴിയുമാണ് യാത്ര. യാത്രാമധ്യേയുള്ള ആവശ്യങ്ങള്‍ നേരിടാനുള്ള സര്‍വ്വസജ്ജീകരണങ്ങളും ഓരോ യാത്രാസംഘങ്ങളും വാഹനത്തില്‍ കരുതിയിട്ടുണ്ടാകും.
തങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിലുള്ള പ്രവാസികള്‍ക്ക് ആവശ്യമായ രേഖകളും മറ്റും മുന്‍കൂട്ടിയ നല്‍കിയ ശേഷമാണ് സ്വദേശികളുടെ യാത്ര. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന പലരും ഇത്തരം യാത്രകള്‍ നടത്തുന്നവരാണ്. മുന്‍വര്‍ഷങ്ങളില്‍ പീജോട്ട് സ്റ്റേഷന്‍ വാഗണ്‍ വാഹനത്തില്‍ കരിയര്‍ ഘടിപ്പിച്ചാണ് ദീര്‍ഘദൂരയാത്രക്ക് സജ്ജമാക്കിയിരുന്നത്. ഇപ്പോള്‍ ഫോര്‍വീല്‍ വാഹനങ്ങളാണ് മിക്കവരും തെരഞ്ഞെടുക്കുന്നത്. ഇവിടെ നിന്ന് വാഹനം വിലക്ക് വാങ്ങി ഉപയോഗിച്ചശേഷം മടങ്ങിയത്തെുമ്പോള്‍ വില്‍ക്കുന്നവരുമുണ്ട്. ഇങ്ങനെ കരമാര്‍ഗം പോകുന്നവര്‍ ട്രാഫിക് വകുപ്പില്‍ നിശ്ചിത തുക ഡെപ്പോസിറ്റായി അടച്ച് അനുമതി വാങ്ങിയിരിക്കും. മടങ്ങിയത്തെുമ്പോള്‍ ഈ തുക തിരിച്ചുകിട്ടും. ഓരോ സംഘത്തിലും ഒന്നിലധം ഡ്രൈവര്‍മാര്‍ ഉണ്ടാകാറുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus