12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

മണി ഹാജരായി; ചോദ്യം ചെയ്തുവിട്ടു

മണി ഹാജരായി; ചോദ്യം ചെയ്തുവിട്ടു

തൊടുപുഴ: വകവരുത്തിയ രാഷ്ട്രീയ വൈരികളുടെ പട്ടിക പൊതുവേദിയില്‍ അക്കമിട്ടുനിരത്തിയതിന് കൊലക്കുറ്റം ചുമത്തപ്പെട്ട സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. രാവിലെ 9.56നാണ് ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മണി തൊടുപുഴ ഡിവൈ.എസ്.പി ഓഫിസിലെത്തിയത്. അറസ്റ്റ്് ചെയ്യുമെന്ന പ്രചാരണമുണ്ടായിരുന്നെങ്കിലും അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഐ.ജി പത്മകുമാര്‍, പ്രത്യേക അന്വേഷണ സംഘത്തലവന്‍ പി.പ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ചോദ്യം ചെയ്യലില്‍ മണി കുറ്റം നിഷേധിച്ചു. കൊലപാതകങ്ങളിലോ ഗൂഢാലോചനയിലോ പങ്കില്ല. മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍ ചരിത്രപരമായ കാര്യങ്ങള്‍ പറയുക മാത്രമാണ് ചെയ്തത്. അന്വേഷണ സംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകാമെന്നും മണി സമ്മതിച്ചു.
മണിയില്‍നിന്ന് ഒട്ടേറെ വിവരങ്ങള്‍ ലഭിച്ചെന്ന് ഐ.ജി പത്മകുമാര്‍ പിന്നീട് പറഞ്ഞു. ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യും. അറസ്റ്റ് സംബന്ധിച്ച് പിന്നീടു തീരുമാനിക്കുമെന്നും ഐ.ജി പറഞ്ഞു. പതിവ് വാഹനമായ സ്കോര്‍പിയോ ഉപേക്ഷിച്ച് സഹോദരന്‍ ലംബോദരന്‍െറ പുതിയ സൈലോ കാറില്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ എം.എല്‍.എ, എസ്.രാജേന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ക്കൊപ്പമാണ് മണി വന്‍ പൊലീസ് സംഘത്തിന്‍െറയും മാധ്യമപ്പടയുടെയും നടുവിലേക്ക് വന്നിറങ്ങിയത്. എസ്.പി പി. പ്രകാശ് രാവിലെ തന്നെ സ്റ്റേഷനിലെത്തിയിരുന്നു. ജില്ലാ പൊലീസ് ചീഫ് ജോര്‍ജ് വര്‍ഗീസ് 9.35നും എത്തി. 10മണിക്ക് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി ഡിവൈ.എസ്.പി ആന്‍റണി തോമസിന്‍െറ മുറി അടച്ചു. തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. പ്രത്യേക അന്വേഷണസംഘത്തിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 11.25 നാണ് ഐ.ജി പത്മകുമാര്‍ എത്തിയത്. നാല് കാമറകളും സജ്ജമാക്കി. 300ഓളം ചോദ്യങ്ങളും തയാറാക്കിയിരുന്നു.
ഒപ്പമെത്തിയ കെ.കെ. ജയചന്ദ്രന്‍ എം.എല്‍.എ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനായി കരിമണ്ണൂരിലേക്ക് പോയി. തൊട്ടടുത്ത മുറിയില്‍ രാജേന്ദ്രന്‍ എം.എല്‍.എയും മൂലമറ്റം ഏരിയാ സെക്രട്ടറി കെ.എല്‍. ജോസഫും മണിയുടെ അഭിഭാഷകന്‍ അഡ്വ.പി.എസ്. ബിജു പൂമാലിലും കാത്തിരുന്നു.
രാവിലെ അടഞ്ഞ മുറി പിന്നീട് തുറന്നത് വൈകുന്നേരം 3.16ന്. ഡിവൈ.എസ്.പിമാര്‍ക്കൊപ്പം മണി പുറത്തുവന്നു. പിന്നാലെ മാധ്യമപ്പടയും. ‘വളരെ സൗഹാര്‍ദപരമായിരുന്നു പൊലീസുകാരുടെ പെരുമാറ്റം. ഇനി എപ്പോള്‍ ആവശ്യപ്പെട്ടാലും വരാമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. എനിക്കറിയാവുന്ന വിവരങ്ങള്‍ ഞാന്‍ അവര്‍ക്ക് നല്‍കി’ സ്റ്റേഷന് മുന്നില്‍ മണി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് മണിയെ ഒരു വിധത്തിലാണ് വാഹനത്തില്‍ കയറ്റിവിട്ടത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com