12:30:26
18 May 2013
Saturday
Facebook
Twitter
Rssfeed

കൊച്ചി മെട്രോ: കടമ്പകള്‍ ഇനിയും ബാക്കി

കൊച്ചി മെട്രോ: കടമ്പകള്‍ ഇനിയും ബാക്കി

കൊച്ചി: കൊച്ചി മെട്രോ റെയിലിന് (കെ.എം.ആര്‍.എല്‍) കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും പദ്ധതി യാഥാര്‍ഥ്യമാകാന്‍ ഇനിയും കടമ്പകളേറെ. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ 25.6 കി.മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കടന്നുപോകുന്ന മെട്രോക്കായി സ്ഥലം ഏറ്റെടുക്കലാണ് പദ്ധതി നടത്തിപ്പിന്‍െറ ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധി. പദ്ധതിക്ക് അനുമതി ലഭിക്കും മുമ്പുതന്നെ സ്ഥലം ഏറ്റെടുക്കാന്‍ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചെങ്കിലും വിവിധ തലങ്ങളില്‍ നിന്നുള്ള എതിര്‍പ്പിനത്തെുടര്‍ന്ന് 20 ശതമാനം പോലും ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്ത ഡിസംബര്‍ 31 നുമുമ്പ് സ്ഥലം ഏറ്റെടുക്കുകയാണ് ലക്ഷ്യം.
പദ്ധതിക്ക് വേണ്ടിവരുന്ന 5182 കോടി രൂപയില്‍ നല്ളൊരുപങ്ക് സ്ഥലം ഏറ്റെടുക്കലിന് ചെലവഴിക്കേണ്ടി വരുമെന്നത് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച തുക തീരുന്ന മുറക്ക് ജപ്പാന്‍ ഇന്‍റര്‍നാഷനല്‍ കോ ഓപറേഷന്‍ ഏജന്‍സിയില്‍ നിന്ന് (ജിക്ക) വായ്പ ലഭ്യമാക്കേണ്ടതുമുണ്ട്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 168 കോടിയും ഇത്തവണ 119 കോടിയുമാണ് പദ്ധതിക്ക് അനുവദിച്ചത്. ഈ വര്‍ഷത്തെ കേന്ദ്രബജറ്റില്‍ 30 കോടിയും പദ്ധതിക്ക് നീക്കിവെച്ചിട്ടുണ്ട്. നിലവില്‍ ഭൂമി ഏറ്റെടുക്കലിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഈ തുകയാണ് വിനിയോഗിക്കുന്നത്. ഓഹരി പങ്കാളിത്തം ഉള്‍പ്പെടെ കേന്ദ്രവിഹിതമായി ആയിരം കോടി ലഭിക്കുമെന്നാണ് സൂചന. ഇതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ വേറെയും തുക സമാഹരിച്ച് പദ്ധതിയില്‍ നിക്ഷേപിക്കേണ്ടിവരും.
കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷനാണ് നടത്തിപ്പിന്‍െറ ചുമതലയെങ്കിലും പദ്ധതിയില്‍ കേന്ദ്ര പങ്കാളിത്തം വരുന്നതോടെ നിലവിലെ ഘടനയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതിന് കേന്ദ്ര-സംസ്ഥാന സംയുക്ത സംരംഭമായി പുതിയ കമ്പനി രൂപവത്കരിച്ച് രജിസ്റ്റര്‍ ചെയ്യണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അഞ്ച് വീതം പ്രതിനിധികളാകും ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടാകുക. മാനേജിങ് ഡയറക്ടര്‍ക്ക് പുറമെ കേന്ദ്ര നഗരവികസന സെക്രട്ടറിയെ കോര്‍പറേഷന്‍െറ ചെയര്‍മാനായി നിയമിക്കേണ്ടതുമുണ്ട്. യഥാസമയം വായ്പ ലഭിക്കണമെങ്കില്‍ എല്ലാ നടപടിക്രമങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ് ജപ്പാന്‍ ഇന്‍റര്‍നാഷനല്‍ കോര്‍പറേഷന്‍െറ പ്രധാന വ്യവസ്ഥകളില്‍ ഒന്ന്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആറുമാസമെങ്കിലും വേണ്ടിവരും. പദ്ധതിയുടെ നിര്‍മാണ മേല്‍നോട്ടത്തിന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍െറ സേവനം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ നിലപാട് ഇനിയും വ്യക്തമല്ല. ശ്രീധരന്‍െറ സേവനം ഉറപ്പുവരുത്താന്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍ വരണം. പദ്ധതിയുടെ കരാര്‍ ഡി.എം.ആര്‍.സിക്കാണെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയതിനാല്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡ് വേണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍. നാലുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഭൂമി ഏറ്റെടുക്കല്‍ തടസ്സങ്ങളില്ലാതെ മുന്നോട്ടുപോയാല്‍ മാത്രമെ നിശ്ചിത സമയത്തിനകം പദ്ധതി യാഥാര്‍ഥ്യമാകൂ.
പാത കടന്നുപോകുന്നത് ആലുവ, കളമശേരി, കൊച്ചി മെട്രോ സിറ്റി, തൃപ്പൂണിത്തുറ നഗരങ്ങളുടെ ഹൃദയ ഭാഗങ്ങളിലൂടെയാണ് എന്നതിനാല്‍, ഭൂമി ഏറ്റെടുക്കുന്നതില്‍ സ്വാഭാവികമായുണ്ടാകുന്ന തടസ്സങ്ങള്‍ മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ ഓരോ ചുവടും മുന്നോട്ടുവെക്കുന്നത്. പാതയുടെ അലൈന്‍മെന്‍റ് സംബന്ധിച്ച് രൂപരേഖ തയാറാക്കിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com