12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

കണക്കില്‍പെടാത്ത മുങ്ങിമരണങ്ങള്‍

കണക്കില്‍പെടാത്ത മുങ്ങിമരണങ്ങള്‍

ഒരു മുങ്ങിമരണമെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ദിനം കേരളത്തിലില്ല. മുങ്ങിമരിക്കുന്നവരെക്കുറിച്ച് വ്യക്തമായവിവരം ലഭ്യമല്ളെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരുകാര്യം. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍നിന്ന് ലഭിച്ച മറുപടിയനുസരിച്ച് അസ്വാഭാവിക മരണത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം പരിശോധനയുടെ റിപ്പോര്‍ട്ടുകളില്‍ 2010 ജൂണ്‍ ഒന്നുമുതല്‍ മാത്രമേ തരംതിരിച്ച് മരണകാരണം രേഖപ്പെടുത്തിയിട്ടുള്ളൂ. അതുവരെയുള്ള മുങ്ങിമരണങ്ങളുടെ കണക്ക് ഇവിടെ ലഭ്യമല്ല. തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക്് മെഡിസിന്‍ വിഭാഗത്തില്‍ മുങ്ങിമരിച്ചവരുടെ സ്ഥിതിവിവര കണക്കുകള്‍ സൂക്ഷിക്കുന്നില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 2010 മുതല്‍ 2011വരെ മുങ്ങിമരിച്ച 480 പേരുടെ പോസ്റ്റ്മോര്‍ട്ടം നടന്നിട്ടുണ്ട്. എന്നാല്‍, മരിച്ചവരുടെ പ്രായമോ ലഹരി വില്ലനായി മുങ്ങിമരിച്ചവരുടെ കണക്കോ ലഭ്യമല്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ 2010-2011 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത് രണ്ടു മുങ്ങിമരണം. മറ്റു വിവരങ്ങള്‍ ഇവിടെയും ലഭ്യമല്ല. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 2010 ജൂണ്‍ ഒന്നു മുതല്‍ 2011 ഡിസംബര്‍ 31 വരെ മുങ്ങിമരിച്ചവരുടെ എണ്ണം 192. അതില്‍ 30 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം 66. ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജില്‍ ഇക്കാലയളവില്‍ 205 പേരുടെ മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ 52 പേര്‍ 30 വയസ്സിനു താഴെയുള്ളവരാണ്. ലഹരി മുങ്ങി മരണത്തിനു കാരണമായവരുടെ കണക്ക് ഇവിടെയും ലഭ്യമല്ല. തൃശൂര്‍ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ഒരു മുങ്ങിമരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ കണക്കനുസരിച്ചുതന്നെ 2010 -2011 വര്‍ഷങ്ങളിലായി കേരളത്തില്‍ മുങ്ങിമരിച്ചവരുടെ എണ്ണം 880 ആണ്. അനൗദ്യോഗിക കണക്കനുസരിച്ച് 2012 ജനുവരിയില്‍ 38 പേരും ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ യഥാക്രമം 34, 33, 47, 57, 37 പേരും മുങ്ങിമരിച്ചു. 2011 ജനുവരി മുതല്‍ 2012 ജൂണ്‍വരെ പത്രങ്ങളില്‍ 462 മുങ്ങിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 66 ശതമാനംപേരും സ്കൂള്‍ വിദ്യാര്‍ഥികള്‍, പ്ളസ്ടു, പ്രഫഷനല്‍ കോളജ് വിദ്യാര്‍ഥികള്‍, യുവാക്കള്‍ എന്നിവരാണ്. നീന്തല്‍ അറിയാതെ വളരുന്ന യുവതലമുറയുടെ ദുരന്തചിത്രമാണ് ഇത് വരച്ചുകാണിക്കുന്നത്. വെള്ളച്ചാട്ടങ്ങള്‍, കായല്‍, കടലോരം എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മുങ്ങിമരിച്ചവര്‍ വിനോദയാത്രയുടെ ഭാഗമായത്തെിയവരാണ്. മധ്യവേനല്‍, ഓണം -ക്രിസ്മസ് അവധിക്കാലങ്ങളിലാണ് യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും മുങ്ങിമരണം ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിനോദയാത്രക്കത്തെുന്നവര്‍ കൂട്ടമായി മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ ഏറെ. അതിരപ്പിള്ളി, മീന്‍മുട്ടി, ആഢ്യന്‍പാറ വെള്ളച്ചാട്ടങ്ങള്‍, തുഷാരഗിരി തുടങ്ങിയ ഇടങ്ങളില്‍ വിനോദയാത്രക്കത്തെുന്നവര്‍ ഒഴുക്കില്‍പെട്ട് മരിക്കുക പതിവാണ്.
കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലും മുങ്ങിമരിക്കുന്ന മലയാളി വിദ്യാര്‍ഥികളില്‍ ഏറെയും എന്‍ജിനീയറിങ്ങിനും മെഡിസിനും പഠിക്കുന്ന പ്രഫഷനല്‍ വിദ്യാര്‍ഥികളാണെന്നത് സര്‍ക്കാറിന്‍െറ കണ്ണുതുറപ്പിക്കേണ്ടതാണ്. പ്ളസ്ടു, ഡിഗ്രിതലത്തില്‍ പോലും ജീവന്‍ രക്ഷാപാഠങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പാഠ്യപദ്ധതികള്‍ നടപ്പാക്കുന്നില്ല എന്നതിലേക്കാണിത് വിരല്‍ചൂണ്ടുന്നത്. കഴിഞ്ഞവര്‍ഷം ക്രിസ്മസ് അവധിക്കാലത്ത് മലയാളികളായ നാല് എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് നേത്രാവതി പുഴയില്‍ മുങ്ങിമരിച്ചത്. മംഗലാപുരം ബ്യാരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശി സഫ്വാന്‍, തലശ്ശേരി സുബ്ഹാന്‍, മലപ്പുറം സ്വദേശി റിനാസ്, കാസര്‍കോട് നീലേശ്വരം മുഹമ്മദ് ഷിഫാസ് എന്നിവരടങ്ങുന്ന 15 അംഗസംഘം അവധി ആഘോഷത്തിന്‍െറ ഭാഗമായി പുഴക്കരയിലത്തെി കളിക്കുകയായിരുന്നു. പുഴയില്‍ വീണ പന്തെടുക്കാനുള്ള ശ്രമത്തില്‍ നാലുപേര്‍ ഒഴുക്കില്‍പെട്ടു. കഴിഞ്ഞവര്‍ഷം മേയ് രണ്ടിന് അമീര്‍ ഫഹദ്, ജനീഷ് എന്നീ രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ് ആഢ്യന്‍പാറയിലെ കാഞ്ഞിരംപുഴയില്‍ മുങ്ങിമരിച്ചത്. നീന്തല്‍ വശമില്ലാത്ത ഇവര്‍ കയത്തില്‍ അകപ്പെടുകയായിരുന്നു.
2010 ആഗസ്റ്റില്‍ മൂന്നാറിനു സമീപം കുണ്ടറ ഡാമില്‍ കുളിക്കാനിറങ്ങിയ അഞ്ചു പേരാണ് മുങ്ങിമരിച്ചത്. 2009ലെ മധ്യവേനലവധിക്കാലത്ത് മണിമലയാറ്റിലെ കയത്തില്‍ മൂന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥികളും സമീപത്തെ തുമ്പൂര്‍മുഴി ചെക് ഡാമില്‍ മൂന്നു യുവാക്കളടക്കം ആറു പേരുമാണ് മരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് അങ്കമാലി മുക്കന്നൂര്‍ എന്‍ജിനീയറിങ് കോളജിലെ മൂന്നു വിദ്യാര്‍ഥികളാണ് അതിരപ്പിള്ളി ഏഴാറ്റുമുഖം കയത്തില്‍ മുങ്ങിമരിച്ചത്.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട മുങ്ങിമരണങ്ങളില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ എണ്ണംമാത്രം മുപ്പതില്‍ കൂടുതല്‍ വരും.
പുതുതലമുറയുടെ ലഹരി ഉപയോഗവും മുങ്ങിമരണത്തിനു നിമിത്തമാകുന്നു. നീന്തലറിയുന്നവര്‍ക്കു പോലും വെള്ളത്തിലിറങ്ങുമ്പോള്‍ ലഹരി വില്ലനാകുന്നുവെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.
മണലെടുക്കുന്ന പുഴകളില്‍ അപകടസൂചനകളറിയിക്കുന്ന ബോര്‍ഡ് സ്ഥാപിക്കാത്തതും അപകട സാധ്യതയുള്ളയിടങ്ങളില്‍ മുന്‍കരുതല്‍ എടുക്കാത്തതും യുവാക്കളെ മുങ്ങിമരണത്തിലേക്കു നയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

(തുടരും)


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com