കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധത്തിന് ഇന്ന് രണ്ടുമാസം പൂര്‍ത്തിയാകുമ്പോള്‍ ഇതിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയുടെ അടിവേര് കണ്ടെത്താനാവാതെ പൊലീസ്. ഗൂഢാലോചനയിലെ സൂത്രധാരനെന്ന് പൊലീസ് പറയുന്ന സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തനെ 10 ദിവസം ചോദ്യംചെയ്തിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്.മേയ് നാലിന് രാത്രിയാണ് ടി.പി. ചന്ദ്രശേഖരനെ ഒഞ്ചിയം വള്ളിക്കാടിനു സമീപം ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പിറ്റേന്നുതന്നെ അന്വേഷണ ചുമതലയേറ്റെടുത്ത എ.ഡി.ജി.പി വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഇതിനകം 55 പേരെ അറസ്റ്റ് ചെയ്തു. ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ പിറ്റേന്നുതന്നെ ചൊക്ളിയില്‍നിന്ന് പിടികൂടിയതോടെ വധത്തിനു പിന്നില്‍ ആരെന്ന് പൊലീസ് ഏതാണ്ട് ഉറപ്പിച്ചിരുന്നു. 10ാം ദിവസം സി.പി.എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റിയംഗം പടയങ്കണ്ടി രവീന്ദ്രനെയും 11ാം ദിവസം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രനെയും അറസ്റ്റ് ചെയ്തതോടെ വധത്തിനു പിന്നില്‍ ആരെന്നത് പൊലീസ് പൂര്‍ണമായും ഉറപ്പിച്ചു.തുടര്‍ദിവസങ്ങളില്‍ സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച്. അശോകന്‍, തലശ്ശേരി ഏരിയ കമ്മിറ്റിയംഗം പി.പി. രാമകൃഷ്ണന്‍ എന്നിവരടക്കം സി.പി.എമ്മിലെ ചെറുതും വലുതുമായ നിരവധി നേതാക്കളും പ്രവര്‍ത്തകരും പിടിയിലായി. പൊലീസിന്റെ കഠിനാധ്വാനംമൂലം ഏറെ വൈകാതെ സിജിത് എന്ന അണ്ണന്‍, ടി.കെ. രജീഷ്, എം.സി. അനൂപ്, കൊടി സുനി, കിര്‍മാനി മനോജ്, മുഹമ്മദ് ഷാഫി എന്നീ ക്വട്ടേഷന്‍ സംഘാംഗങ്ങളെ അതിസാഹസികമായി പല സ്ഥലങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തു. പ്രാദേശിക നേതാക്കളില്‍നിന്നും ഇവരില്‍നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തനിലേക്ക് അന്വേഷണം നീളുന്നത്. കൊലയാളികളെ ഏകോപിപ്പിച്ച കുഞ്ഞനന്തന്‍ പിടിയിലായാല്‍ ഗൂഢാലോചനയുടെ അടിവേര് കണ്ടെത്താനാവുമെന്നായിരുന്നു പൊലീസിന്റെ പ്രഖ്യാപനം.ഒരു മാസത്തിലേറെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളിലും അയല്‍സംസ്ഥാനങ്ങളിലുമായി ഒളിവില്‍ കഴിഞ്ഞ കുഞ്ഞനന്തനെ പിടികൂടാന്‍ പൊലീസിനായില്ല. പൊലീസിനെ സമര്‍ഥമായി കബളിപ്പിച്ച് വടകര കോടതിയില്‍ കീഴടങ്ങിയ കുഞ്ഞനന്തനെ അതിസമര്‍ഥമായ രീതിയില്‍ അന്നുതന്നെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ കുഞ്ഞനന്തനില്‍നിന്ന് ഗൂഢാലോചനയിലെ പ്രധാനികളുടെ പേരുകള്‍ പൊലീസിന് കിട്ടിയില്ല. കുഞ്ഞനന്തന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ മാസ്റ്ററെ നടുറോഡില്‍ അറസ്റ്റ് ചെയ്യുന്നത്.ഗൂഢാലോചനയുടെ സൂത്രധാരനെന്ന് പൊലീസ് കൊട്ടിഘോഷിച്ച കുഞ്ഞനന്തനെ ഇപ്പോള്‍ കാര്യമായി ചോദ്യം ചെയ്യുന്നില്ല. അദ്ദേഹം വഴി പി. മോഹനന്‍ എന്തെങ്കിലും പറഞ്ഞെങ്കില്‍ മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകൂ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. കുഞ്ഞനന്തനില്‍നിന്ന് ലഭിക്കാത്ത മൊഴി അത്രക്കൊന്നും 'ശല്യക്കാര'നല്ലാത്ത മോഹനില്‍നിന്ന് ലഭിക്കില്ലെന്ന് പൊലീസിന് നന്നായി അറിയാമെങ്കിലും പേരുകള്‍ കിട്ടാത്തതിന്റെ കുറ്റം അദ്ദേഹത്തിന്റെമേല്‍ കെട്ടിവെച്ച് അന്വേഷണം അവസാനിപ്പിക്കാനാണത്രെ ശ്രമം നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍