Tue, 07/03/2012 - 23:35 ( 45 weeks 4 daysago)
ഒളിമ്പിക്സ്: ഇന്ത്യയില്‍ നിന്ന് റിലേ ടീമില്ല
ന്യൂദല്‍ഹി: ലണ്ടന്‍ ഒളിമ്പിക്സിന് ഇന്ത്യയില്‍നിന്ന് ഇക്കുറി റിലേ ടീമില്ല. യോഗ്യതാ സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ അത്ലറ്റിക് ഫെഡറേഷനുകളുടെ അന്താരാഷ്ട്ര അസോസിയേഷന്‍ (ഐ.എ.എ.എഫ്) ഇതില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. പുരുഷ, വനിതാ ഇനങ്ങളിലായി 4ഃ100 മീറ്ററിലും 4ഃ400 മീറ്ററിലും ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഒരു ടീം പോലും പട്ടികയിലില്ല.
വനിതാ 4ഃ400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് ലണ്ടന്‍ ടിക്കറ്റ് ലഭിക്കുമെന്ന് നേരത്തേ പ്രതീക്ഷിച്ചിരുന്നു. ഈ ഇനത്തില്‍ കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളില്‍ സ്വര്‍ണം നേടിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാല്‍, അന്നത്തെ ടീമില്‍ അംഗങ്ങളായിരുന്ന അശ്വിനി അകുന്‍ജി, സിനി ജോസ്, മന്ദീപ് കൗര്‍ എന്നിവര്‍ ഉത്തേജക മരുന്നടിയില്‍ കുടുങ്ങി വിലക്ക് നേടിയത് ഇന്ത്യയുടെ ഒളിമ്പിക്സ് പ്രവേശത്തിന് തിരിച്ചടിയാവുകയായിരുന്നു. ടീമില്‍ അവശേഷിച്ച അംഗം മന്‍ജീത് കൗറിനോട് ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി(നാഡ)യുടെ സമിതി വിരമിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ ഇക്കുറി യോഗ്യത ലഭിച്ച 16 രാജ്യങ്ങളില്‍ ഇടംപിടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. 2011 ജനുവരി ഒന്നുമുതല്‍ 2012 ജൂലൈ രണ്ടു വരെയുള്ള കാലയളവിലെ ഏറ്റവും മികച്ച രണ്ട് പ്രകടനങ്ങളാണ് യോഗ്യതക്കായി പരിഗണിച്ചത്.
അശ്വിനി, സിനി, മന്ദീപ് കൗര്‍ എന്നിവരെ ഒരു വര്‍ഷത്തേക്കാണ് 'നാഡ' വിലക്കിയത്. ഇതിന്റെ സമയപരിധി അല്‍പം മുമ്പ് അവസാനിച്ചിരുന്നു. എന്നാല്‍, കേസ് തുടരുന്നതിനാല്‍, കായികകാര്യങ്ങള്‍ക്കുള്ള സ്വിറ്റ്സര്‍ലന്‍ഡിലെ കോടതിയെ സമീപിക്കുകയും വിലക്ക് തുടരാനുള്ള ഉത്തരവ് നേടിയെടുക്കുകയുമായിരുന്നു ഐ.എ.എ.എഫ്.15ാമത്തെ ടീമായാണ് ഇന്ത്യക്ക് 2008ലെ ബെയ്ജിങ് ഒളിമ്പിക്സിന് യോഗ്യത ലഭിച്ചത്.
'ക്രിക്കറ്റിന്റെ മക്ക'യില്‍ ഒളിമ്പിക്സ് വില്ലുകുലക്കും
ലണ്ടന്‍: പ്രമുഖ കായിക ഇനമായിട്ടും ക്രിക്കറ്റിന്റെ ഒളിമ്പിക്സ് പ്രവേശം മരീചികയായി തുടരുകയാണ്. ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലണ്ടനിലെ ലോര്‍ഡ്സും ഇക്കുറി ഒളിമ്പിക്സിന് വേദിയാവുമ്പോള്‍ തീര്‍ച്ചയായും ബാറ്റും പന്തും 'മിസ് ചെയ്യും' ആരാധകര്‍ക്ക്. എങ്കിലും ഇവിടെ നടത്താന്‍ നിശ്ചയിച്ച അമ്പെയ്ത്ത് മത്സരങ്ങളെ ആവേശപൂര്‍വം വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ലോര്‍ഡ്സ്.
അമ്പെയ്ത്തും ലോര്‍ഡ്സും പ്രണയബദ്ധരായിരിക്കുന്നു- പറയുന്നത് അന്താരാഷ്ട്ര അമ്പെയ്ത്ത് സംഘടനയുടെ സെക്രട്ടറി ജനറല്‍ ടോം ഡീലന്‍. കഴിഞ്ഞ വര്‍ഷം ഇവിടെ ചില ടെസ്റ്റ് മത്സരങ്ങള്‍ നടന്നു. ഒളിമ്പിക്സില്‍ നിറഞ്ഞ പിന്തുണയുമായി കാണികളെത്തുമെന്നാണ് ഡീലന്റെ പ്രതീക്ഷ.
ദക്ഷിണകൊറിയക്കാണ് കഴിഞ്ഞ കുറേക്കാലമായി ഈ ഇനത്തില്‍ മുന്‍തൂക്കം. അരനൂറ്റാണ്ടുകാലത്തെ വനവാസത്തിനുശേഷം അമ്പെയ്ത്ത് 1972ലെ ഒളിമ്പിക്സില്‍ തിരിച്ചെത്തിയതിനുശേഷം അവര്‍ ഇതുവരെ 18 സ്വര്‍ണം നേടി. 2008ല്‍ ബെയ്ജിങ്ങില്‍ അല്‍പം നിറംമങ്ങിയെങ്കിലും തുടര്‍ന്ന് നടന്ന ലോക ചാമ്പ്യന്‍ഷിപ്പുകളിലൂടെ കൊറിയക്കാര്‍ പ്രതാപം വീണ്ടെടുത്തു. വനിതാ വിഭാഗത്തില്‍ കനത്ത വെല്ലുവിളിയുമായി ഇന്ത്യ രംഗത്തുണ്ട്. ബൊംബയ്ലാ ദേവി, ദീപികാകുമാരി, ചെക്രോവ്ലൂ സ്വൂറോ എന്നിവര്‍ ഇക്കുറി ഇന്ത്യക്കുവേണ്ടി വില്ലുകുലക്കും. പുരുഷ, വനിതാ വിഭാഗങ്ങളില്‍ വ്യക്തിഗത, ടീം ഇനങ്ങളിലായി നാല് ടൂര്‍ണമെന്റുകളാണ് ഒളിമ്പിക്സിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍