Tue, 07/03/2012 - 23:11 ( 45 weeks 3 daysago)
സ്പോര്‍ട്സ് കൗണ്‍സിലിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കും -മന്ത്രി
(+)(-) Font Size
സ്പോര്‍ട്സ് കൗണ്‍സിലിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കും -മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ 2001 മുതല്‍ നടന്ന ക്രമക്കേടുകള്‍ വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളയമ്പലം വാട്ടര്‍വര്‍ക്സ് നീന്തല്‍കുളം നിര്‍മാണത്തിനായി രണ്ടേമുക്കാല്‍ കോടി രൂപ നഷ്ടപ്പെടുത്തിയത് അന്വേഷിച്ച് ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഏഴ് കോടിയാണ് കൗണ്‍സില്‍ രണ്ട് വര്‍ഷം രണ്ട് വ്യക്തികള്‍ക്ക് സംഭാവനയായി നല്‍കിയത്. സ്പോര്‍ട്സ് ക്വോട്ടയില്‍ ജോലി നല്‍കുന്നതില്‍ വന്‍ ക്രമക്കേടാണ് നടന്നത്. കളി നോക്കി നിന്നവര്‍വരെ സ്പോര്‍ട്സ് ക്വോട്ടയില്‍ ജോലി നേടിയിട്ടുണ്ടെന്ന് ബോബി അലോഷ്യസ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിചാരിച്ചാല്‍പോലും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ കഴിയില്ല. എന്നാല്‍ ചില സ്പോര്‍ട്സ് അസോസിയേഷനുകള്‍ വിചാരിച്ചാല്‍ ഒരുവര്‍ഷത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കാന്‍ കഴിയും. ഒരു മത്സരം പോലും നടക്കാത്ത ഇനങ്ങളുടെ പേരിലാണ് ജോലിക്ക് ശിപാര്‍ശ നല്‍കുന്നത്. മുന്‍കാലങ്ങളില്‍ ജോലി നേടിയവര്‍ക്കെതിരെ അന്വേഷണം ഉദ്ദേശിക്കുന്നില്ല.
സ്പോര്‍ട്സ് ക്വോട്ടയില്‍ ജോലി ലഭിക്കാന്‍ എന്‍ട്രന്‍സ് റാങ്കിങ് പോലെ കമ്പ്യൂട്ടര്‍വത്കരണ സംവിധാനം ഏര്‍പ്പെടുത്തും. 39 അംഗീകൃത കായിക ഇനങ്ങള്‍ കമ്പ്യൂട്ടറില്‍ പ്രസിദ്ധപ്പെടുത്തും. താരങ്ങള്‍ക്ക് തങ്ങള്‍ക്ക് ലഭിച്ച നേട്ടങ്ങള്‍ കമ്പ്യൂട്ടറിലൂടെ അപ്ലോഡ് ചെയ്യാം. കായിക അസോസിയേഷനുകള്‍ക്കും അവരുടെ നേട്ടം അപ്ലോഡ് ചെയ്യാം. കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുന്ന അസോസിയേഷനുകള്‍ക്ക് അധിക ധനസഹായം നല്‍കും. സ്പോര്‍ട്സ് ക്വോട്ടയില്‍ ജോലി ലഭിക്കാന്‍ 2006 മുതല്‍ നിലനില്‍ക്കുന്ന ബാക്ക്ലോഗ് തീര്‍ത്തു. 101 പേരെ നിയമിച്ചുകഴിഞ്ഞു.
2008 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ തലത്തില്‍ ദേശീയ മത്സരങ്ങളിലും ദേശീയ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും വിജയിച്ച 1500 പേര്‍ക്കുള്ള കാഷ് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച സെനറ്റ്ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യും. ആകെ 5.46 കോടിയാണ് വിതരണം ചെയ്യുന്നത്. ഇനി കാഷ് അവാര്‍ഡുകള്‍ ബാങ്കുകള്‍ വഴിയാകും വിതരണം ചെയ്യുക.
കായികതാരങ്ങളുടെ അന്തര്‍ സംസ്ഥാന യാത്രക്ക് മെച്ചപ്പെട്ട സൗകര്യമൊരുക്കും. പുതിയ കായിക നയത്തിന്റെ കരട് നിയമസഭാ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ചതായും മന്ത്രി പറഞ്ഞു.
സെന്‍സര്‍ ബോര്‍ഡ് ഓഫിസ് കെ.എസ്.എഫ്.ഡി.സി കെട്ടിടത്തില്‍നിന്ന് ഒഴിപ്പിക്കുന്നുവെന്ന വാര്‍ത്ത ശരിയല്ല. കെട്ടിടം പുതുക്കിപ്പണിയുകയാണ്. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സ്റ്റുഡിയോ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. താന്‍ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ ജനങ്ങള്‍ സമയം തന്നിട്ടുണ്ടെന്നും അത് മതിയെന്നും പാര്‍ട്ടിയും മന്ത്രിയുമായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus