12:30:26
21 May 2013
Tuesday
Facebook
Twitter
Rssfeed

റജാ ഗരോഡി നിലച്ചുപോയ വിമതസ്വരം

റജാ ഗരോഡി നിലച്ചുപോയ വിമതസ്വരം

ജൂണ്‍ 13ന് പാരീസില്‍ നിര്യാതനായ റജാ ഗരോഡി എന്ന ഫ്രഞ്ച് ദാര്‍ശനികന് മുഖ്യധാരാമാധ്യമങ്ങളുടെ പരിഗണന മതിയായതോതില്‍ ലഭിക്കാഞ്ഞത് എന്തുകൊണ്ടായിരിക്കാം? അദ്ദേഹത്തിന്‍െറ ചരമവാര്‍ത്തക്ക് ദേശീയ-പ്രാദേശിക മാധ്യമങ്ങള്‍ വലിയ പ്രാധാന്യമൊന്നും കല്‍പിച്ചിരുന്നില്ല. അന്തര്‍ദേശീയ മാധ്യമങ്ങളുടെ സ്ഥിതിയും മറിച്ചല്ല.
ചെക്കോസ്ളാവാക്യയില്‍ 1968ലുണ്ടായ സോവിയറ്റ് അധിനിവേശത്തെ പരസ്യമായി വിമര്‍ശിച്ചതിന്‍െറ പേരില്‍ 1970ല്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ആളാണ് ഗരോഡി. അതിനുമുമ്പ്, നാഷനല്‍ അസംബ്ളിയിലേക്കും ഡെപ്യൂട്ടി സ്പീക്കര്‍, സെനറ്റര്‍ തുടങ്ങിയ പദവികളിലേക്കും പാര്‍ട്ടി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട നേതാവ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത സമിതിയില്‍ അംഗം. നവ മാര്‍ക്സിസത്തിന്‍െറ സൈദ്ധാന്തികധാരകളെപ്പറ്റി ആഴത്തില്‍ പഠനം നടത്തിയ ദാര്‍ശനികനെന്നനിലയില്‍ ആഗോളതലത്തില്‍ അറിയപ്പെട്ട അദ്ദേഹത്തിന്‍െറ വിമതസ്വരത്തിന്, സ്വാഭാവികമായും ലെസ്സക് കോലകോവ്സ്കിയുടെയും മിലോവന്‍ ജിലാസിന്‍െറയും വക്ളാവ് ഹാവലിന്‍െറയുമൊക്കെ ഭിന്നസ്വരങ്ങള്‍ക്ക് കിട്ടിയ പ്രാധാന്യം ലഭിക്കേണ്ടതാണ്. പക്ഷേ, അതുണ്ടായില്ല. അതിനുകാരണം മാര്‍ക്സിസത്തില്‍നിന്ന് പടിയിറങ്ങിപ്പോയ ഗരോഡി എത്തിച്ചേര്‍ന്നത് ഇസ്ലാമിന്‍െറ പൂമുഖത്തായിപ്പോയതാണെന്ന് കരുതുന്ന ധാരാളംപേരുണ്ട്്.
1982ല്‍ ഇസ്ലാമിലേക്ക് മതംമാറിയ അദ്ദേഹം റോജര്‍ എന്നതിനു പകരം റജാ എന്ന പേരു സ്വീകരിച്ചു. ‘റജാ’ എന്നാല്‍ ‘പ്രതീക്ഷ’എന്നര്‍ഥം. ഇസ്ലാമില്‍ പ്രതീക്ഷയര്‍പ്പിച്ച്, തന്‍െറ പൂര്‍വ പാരമ്പര്യമായ മാര്‍ക്സിസത്തെ തള്ളിപ്പറയുന്ന ഒരു ചിന്തകന്‍, ‘ഇസ്ലാമിനെ തുടച്ചുമാറ്റപ്പെടേണ്ട തിന്മ’യായി കണക്കാക്കാന്‍ വെമ്പുന്ന പാശ്ചാത്യകേന്ദ്രീകൃത സംസ്കാര ദര്‍ശനത്തെ സംബന്ധിച്ചിടത്തോളം അഭികാമ്യനായിരിക്കുകയില്ലല്ളോ. ഗരോഡി മാര്‍ക്സിസത്തിനു പകരംവെച്ച ബദല്‍ ഒരുപക്ഷേ മാര്‍ക്സിസത്തേക്കാള്‍ പാശ്ചാത്യലോകത്തിന് ദഹനക്കേടുണ്ടാക്കുന്ന ഇസ്ലാമാണ്. അതിനാല്‍, പാശ്ചാത്യലോകത്തിന്‍െറ മുന്‍വിധി ഗരോഡിയെ വേട്ടയാടി എന്ന് വ്യക്തം.
നിരവധി വിശ്വാസ പ്രതിസന്ധികളിലൂടെ കടന്നുപോന്ന ഒന്നായിരുന്നു ഗരോഡിയുടെ ജീവിതം. കത്തോലിക്കരും എന്നാല്‍ അവിശ്വാസികളുമായ മാതാപിതാക്കള്‍ക്ക് പിറന്ന ഗരോഡി (1913 ജൂലൈ 17) പതിനാലാം വയസ്സില്‍ പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായകാലത്തും മതവിശ്വാസം പുലര്‍ത്തിയിരുന്ന അദ്ദേഹം വീണ്ടും കത്തോലിക്കനായി മാറുന്നതാണ് നാം കാണുന്നത്. അതായത്, മതദര്‍ശനങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്‍െറ സാമൂഹികവീക്ഷണം. ദാര്‍ശനികമായ അദ്ദേഹത്തിന്‍െറ അന്വേഷണങ്ങളുടെ അടിത്തറയും മതമായിരുന്നു. മാര്‍ക്സിസത്തെയും ഗരോഡി ഈ പരിപ്രേക്ഷ്യത്തിലൂടെയാണ് നോക്കിക്കണ്ടത്്. അതിന്‍െറഫലമായി ഹിന്ദു ധര്‍മത്തെയും ബുദ്ധമതത്തെയും അദ്ദേഹം ആഴത്തില്‍ പഠിച്ചറിഞ്ഞു. ഈ അന്വേഷണം എത്തിച്ചേര്‍ന്നത് ഇസ്ലാമിലാണ്. 1982ല്‍ അദ്ദേഹം മുസ്ലിമായി. എന്നാല്‍, യാഥാസ്ഥിതിക ഇസ്ലാം ഗരോഡിയെ പൂര്‍ണമായും അംഗീകരിച്ചിരുന്നുവെന്ന് പറഞ്ഞുകൂടാ. ഗരോഡി മതപരിത്യാഗിയാണെന്നുവരെ ഫത്വ (മതവിധി)കളുണ്ടായതോര്‍ക്കുക.
പഴയ നിയമം, പുതിയ നിയമം, മാര്‍ക്സിസ്റ്റ് സിദ്ധാന്തങ്ങള്‍ -ഇവ മൂന്നിനെയും ആശയപരമായി സമീപിക്കുക എന്നതായിരുന്നു ഗരോഡി ഏറ്റെടുത്ത ദൗത്യം. മലയാളത്തില്‍ ഗരോഡിയുടേതായി വന്ന ആദ്യ പുസ്തകം ‘കലയും മാര്‍ക്സിസവു’മാണ്. കെ.എസ്. നാരായണപ്പിള്ളയാണ് വിവര്‍ത്തകന്‍. 1986ല്‍ പുസ്തകം പ്രസിദ്ധീകരിക്കുമ്പോഴേക്കും ഗരോഡി ഇസ്ലാം സ്വീകരിച്ചുകഴിഞ്ഞിരുന്നു. മിത്തുകളെ ഫ്രോയിഡിയന്‍ കാഴ്ചപ്പാടുകളില്‍നിന്ന് വിമുക്തമാക്കി, അവയുടെ സൃഷ്ടിപരമായ സാധ്യതകളെ പുനര്‍വിശകലനം ചെയ്യുകയാണ് ഈ കൃതിയില്‍ അദ്ദേഹം ചെയ്യുന്നത്. മിത്ത് ലോകത്തെ മാറ്റിപ്പണിയുന്നതിനുവേണ്ടിയുള്ള സര്‍ഗാത്മക പരിശ്രമങ്ങളുടെ പ്രധാനഘടകമാണെന്നും ചരിത്രത്തിലുള്ള ചരിത്രപരമായ പ്രത്യേകാംശമാണ് അതിന്‍െറ ഉള്ളടക്കമെന്നും ഗരോഡി സമര്‍ഥിക്കുന്നു. മാര്‍ക്സിസത്തിലൂടെ മിത്തിന് സാധ്യമാകാവുന്ന സര്‍ഗാത്മകമായ അടിത്തറ കണ്ടത്തൊനുള്ള യത്നത്തില്‍ അദ്ദേഹം ഫ്രോയിഡിനെയും യുങ്ങിനെയും നിരാകരിക്കുന്നുണ്ട്. മുസ്ലിമായശേഷം ഇസ്രായേല്‍ എന്ന രാഷ്ട്രത്തിനെതിരായി നിലകൊള്ളുമ്പോഴും, ഗരോഡി അതിനെ ന്യായീകരിക്കുന്ന മിത്തുകളെയാണ് വിശകലനം ചെയ്യുന്നത്. ‘ബൈബിളിലൂടെ നല്‍കിയ വാഗ്ദാന’മെന്ന മിത്തിനെ, അതിന്‍െറ ചരിത്രപരമായ ഉള്ളടക്കത്തിന്‍െറയും ദൈവശാസ്ത്രപരമായ വ്യാഖ്യാനത്തിന്‍െറയും വിശകലനങ്ങളിലൂടെ മുറിച്ചെറിയുന്ന രചനയാണ് 1996ല്‍ പ്രസിദ്ധപ്പെടുത്തിയ ‘Les My thes fondateurs de la politique’ എന്ന ഫ്രഞ്ച് കൃതി. ‘The founding Myths of modern Israel’ എന്ന പേരില്‍ അത് ഇംഗ്ളീഷിലേക്ക് തര്‍ജമ ചെയ്യപ്പെട്ടു. പുസ്തകത്തില്‍ ജൂതര്‍ക്കു നേരെ ഹിറ്റ്ലര്‍ ഭരണകൂടം കൈക്കൊണ്ട ഭീകരതകളെ (ഹോളോകാസ്റ്റ്) നിരാകരിച്ചു എന്നതിന്‍െറ പേരില്‍ ഫ്രഞ്ച് കോടതികള്‍ അദ്ദേഹത്തിന് 2,40,000 ഫ്രാങ്ക് പിഴയിടുകയുണ്ടായി. നിരവധി വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തു. എഴുത്തുകാരന്‍െറ ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തുന്ന ബുദ്ധിജീവികള്‍ സാമാന്യേന ഗരോഡിയുടെ ഈ അവസ്ഥ കണ്ടില്ളെന്നുനടിക്കുകയാണുണ്ടായത്.
ഹോളോകാസ്റ്റിനെക്കുറിച്ച് ലോകം സാമാന്യമായി അംഗീകരിച്ച ആശയത്തെ അംഗീകരിക്കാന്‍ വിസമ്മതിച്ചു എന്നതായിരുന്നു ഗരോഡിയുടെ ‘പാപം’. രണ്ടാം ലോകയുദ്ധകാലത്ത് നാസികള്‍ ജൂതന്മാരെ കൂട്ടക്കൊലചെയ്തു എന്ന വസ്തുത മിഥ്യയാണെന്ന് അദ്ദേഹം വാദിച്ചു. ജര്‍മനിയെ ആക്രമിക്കാനും നശിപ്പിക്കാനുംവേണ്ടി ചര്‍ച്ചിലും ഐസന്‍ ഹോവറും ഡിഗോളും ചേര്‍ന്നുണ്ടാക്കിയ കള്ളക്കഥയെന്നുപോലും അദ്ദേഹം നാസി ഭീകരതയെ വിശേഷിപ്പിക്കുകയുണ്ടായി. ഇത് ലോകം സാര്‍വത്രികമായി അംഗീകരിച്ച ഒരു ആശയത്തിന്‍െറ സമ്പൂര്‍ണ നിരാകരണമാണ്. എന്നാല്‍, ഹോളോകാസ്റ്റിനെക്കുറിച്ചുള്ള സാമാന്യധാരണകള്‍ പുനരവലോകനം ചെയ്യുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ഈയിടെയായി നടക്കുന്ന പശ്ചാത്തലത്തില്‍ ഗരോഡിയെ അപ്പാടെ എഴുതിത്തള്ളിക്കൂടാ.
അമ്പതോളം കൃതികളെഴുതിയ, കലയെയും മാര്‍ക്സിസത്തെയും അഗാധമായ ഉള്‍ക്കാഴ്ചയോടെ വ്യാഖ്യാനിച്ച, മൗലികമായ സാമൂഹിക നിരീക്ഷണങ്ങള്‍വഴി ശ്രദ്ധേയനായ, ഫ്രാന്‍സിലെ ബുദ്ധിജീവികളുമായി നിരന്തര സംവാദം നടത്തിയ ഗരോഡി ആഗോളതലത്തില്‍ ധൈഷണികലോകത്തിന് അനഭിമതനായത്, അദ്ദേഹം കണ്ടത്തെിയ ബദല്‍വഴി പടിഞ്ഞാറിന് അസ്വീകാര്യമായ ഇസ്ലാമിന്‍െറ വഴിയായതുകൊണ്ടായിരിക്കണം.
അതേസമയം, ഇസ്ലാമികലോകം ഗരോഡിക്ക് നല്ല പിന്തുണ നല്‍കുകയുണ്ടായി. ഇസ്ലാമിനുനല്‍കിയ സേവനങ്ങളുടെ പേരില്‍ 1986ല്‍ സൗദി അറേബ്യ അദ്ദേഹത്തിന് കിങ് ഫൈസല്‍ പുരസ്കാരം നല്‍കി. ഇറാന്‍, ജോര്‍ഡന്‍, സിറിയ തുടങ്ങിയ നാടുകളെല്ലാം ഗരോഡിക്ക് സമ്പൂര്‍ണപിന്തുണ നല്‍കിയിരുന്നു. ഒരു മുസ്ലിം വിദ്യാര്‍ഥി സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം കേരളത്തിലും വന്നിട്ടുണ്ട്. സയണിസത്തിന്‍െറ ക്രൂരതകള്‍ തുറന്നുകാട്ടി എന്നതായിരുന്നു ഈ മുസ്ലിം പിന്തുണക്ക് നിദാനം.
ലിബിയയുടെ മുന്‍ പ്രസിഡന്‍റ് മുഅമ്മര്‍ ഗദ്ദാഫി ഗരോഡിയെ വിശേഷിപ്പിച്ചത് ‘പ്ളാറ്റോക്കും അരിസ്റ്റോട്ടിലിനുംശേഷം യൂറോപ്പിലുണ്ടായ ഏറ്റവും മഹാനായ ദാര്‍ശനിക’നെന്നാണ്. ഇസ്ലാംവിരുദ്ധ ലോകത്തിനെതിരെയുള്ള പോരാട്ടത്തിന് ദാര്‍ശനികമായ കരുത്തു നല്‍കുന്ന പടയാളി എന്ന നിലയിലാണ് മുസ്ലിംലോകം അദ്ദേഹത്തെ കൊണ്ടാടിയത്. ഈ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഗരോഡിയിലെ സാമൂഹികചിന്തകനും സൈദ്ധാന്തികനും ദാര്‍ശനികനും ലോകദൃഷ്ടിയില്‍ പുറകിലോട്ട് തള്ളപ്പെട്ടുപോയതായാണനുഭവം. പല എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും സംഭവിച്ച ദുര്‍വിധിയാണിത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com