12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

ഒരെഴുത്തുകാരിയുടെ രചനാലോകം

ഒരെഴുത്തുകാരിയുടെ രചനാലോകം

മാധവിക്കുട്ടിയുടെ രചനാലോകത്തെ സവിസ്തരം പഠനവിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരംമാത്രമല്ല ഈ പുസ്തകം. ഒപ്പം, നമ്മെ വിസ്മയിപ്പിക്കുന്ന അവരുടെ തെരഞ്ഞെടുത്ത കഥകളും കവിതകളും ഇതിലുണ്ട്. കമലാദാസ് എന്നപേരില്‍ താനെഴുതിയ ഇംഗ്ളീഷ് കവിതകളില്‍ രാഷ്ട്രീയപ്രമേയങ്ങള്‍ വളരെനേരത്തത്തേന്നെ പ്രത്യക്ഷപ്പെടുന്നുണ്ട് എന്ന് ആമുഖപഠനത്തില്‍ വ്യക്തമാക്കുന്നു. 1950കളിലെഴുതിയ ‘ഒരു മുഖം’ (An Introduction) എന്ന കവിതയില്‍ വര്‍ഗീകരിച്ചും തരംതിരിച്ചും സമൂഹത്തില്‍ ആധിപത്യമുറപ്പിക്കുന്നവരെപ്പറ്റി അവര്‍ പറയുന്നുണ്ട്.
അഞ്ചു ഭാഗങ്ങളുള്ള ഈ പുസ്തകത്തില്‍ ഒന്നാംഭാഗം പഠനങ്ങളും രണ്ടാംഭാഗം അഭിമുഖങ്ങളും മൂന്നാംഭാഗം കവിതകളും നാലാംഭാഗം തെരഞ്ഞെടുത്ത കഥകളും അഞ്ചാംഭാഗം മാധവിക്കുട്ടിയുടെ ജീവിതരേഖയുമാണ്. കമലാദാസിന്‍െറ കവിതകള്‍ക്ക് പാശ്ചാത്യ ഫെമിനിസത്തിന്‍െറ പിടിയിലൊതുങ്ങാത്ത ശരീരത്തിനും ലൈംഗികതക്കുമപ്പുറത്തുപോകുന്ന ഒരു ആത്മീയതയുണ്ടെന്ന് സച്ചിദാനന്ദന്‍ നിരീക്ഷിക്കുന്നു (ശരീരത്തിനുമപ്പുറം: സ്ത്രീത്വവും കവിത്വവും കമലാദാസിന്‍െറ രചനകളില്‍). ആചാരനിഷ്ഠമായ മതത്തെയും മുന്‍കൂട്ടി തയാറാക്കപ്പെട്ട തത്ത്വചിന്തകളെയും നിഷേധിക്കുന്ന, സ്നേഹത്തിലും കാരുണ്യത്തിലും അടിയുറച്ച ഒരാത്മീയതയാണതെന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്. കുടുംബത്തില്‍ത്തന്നെ വ്യവഹാരോല്‍പാദനം സംഭവിക്കുന്നത് ഭിന്ന സ്ഥലങ്ങളിലാണെന്നും അവയില്‍ ചില വ്യവഹാരങ്ങളില്‍ സ്ത്രീകള്‍ക്ക് അനായാസേന വക്താക്കളാകാന്‍ സാധിച്ചേക്കുമെന്നും ‘വര്‍ഷങ്ങള്‍ക്കുമുമ്പ്’ എന്ന കൃതി കാണിച്ചുതരുന്നു എന്ന് ഉദയകുമാര്‍ (സ്മരണ, ആത്മകഥാഖ്യാനം, സ്ത്രീ: ‘വര്‍ഷങ്ങള്‍ക്ക് മുമ്പി’നെ ആസ്പദമാക്കി ചില ചിന്തകള്‍) മാധവിക്കുട്ടിയില്‍ മലയാളിക്ക് ഇനിയും തീര്‍ത്തും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരപരിചിതയുണ്ടെന്ന് കല്‍പറ്റ നാരായണന്‍ നിരീക്ഷിക്കുന്നു, ‘തെമ്മാടി എത്ര സുന്ദരനാണ്’ എന്ന ലേഖനത്തില്‍.
വ്യക്തിത്വത്തിനുള്ളിലെ ഇതര വ്യക്തിത്വംപോലെതന്നെ ഈ എഴുത്തുകാരിക്ക് ബാഹ്യപ്രപഞ്ചംകൂടാതെ ശക്തമായ ഒരു അന്തര്‍ലോകവുമുണ്ടെന്ന് ‘ദ്വന്ദ്വവ്യക്തിത്വത്തിന്‍െറ കഥകള്‍’ എന്ന പഠനത്തില്‍ വത്സലന്‍ വാതുശ്ശേരി വ്യക്തമാക്കുന്നു. ഒരു സ്വപ്നത്തിന്‍െറ ഘടനയുള്ള ‘കൃഷ്ണന്‍െറ വേഷം’ എന്ന ചെറിയ കഥയിലെ പ്രതീകങ്ങളും ബിംബങ്ങളും പെട്ടെന്ന് നാനാതരം അര്‍ഥധ്വനികളോടുകൂടി മനസ്സില്‍ പൊട്ടിച്ചിതറുന്നതായി കളര്‍കോട് വാസുദേവന്‍ നായര്‍ (‘സ്നേഹണ്ടായാ പാക്കിയൊന്നും വേണ്ട’) എഴുതുന്നു.
സരസ്വതിയമ്മയുടെകഥകളിലെ തന്‍േറടമുള്ള സ്ത്രീയും അന്തര്‍ജനത്തിന്‍െറ മാതൃത്വത്തിന്‍െറ മൂര്‍ത്തീഭാവമായ സ്ത്രീയും മാധവിക്കുട്ടിയുടെ സ്ത്രീയില്‍ സമ്മേളിക്കുന്നുണ്ട് എന്ന് ‘അകം പൊള്ളയായ ഇരുട്ട്’ എന്ന ലേഖനത്തില്‍ പി. ഉദയഭാനു നിരീക്ഷിക്കുന്നുണ്ട്. ചുഴിഞ്ഞുനോക്കിയാല്‍ സ്ത്രീത്വത്തോടുള്ള മാധവിക്കുട്ടിയുടെ മനോഭാവം വളരെയൊന്നും സങ്കീര്‍ണമല്ളെന്നാണ് പി.പി. രവീന്ദ്രന്‍െറ പക്ഷം. സ്ത്രീ-പുരുഷബന്ധത്തോടുള്ള ഒരു തരം ദ്വന്ദ്വാത്മക സമീപനമാവും അവരുടെ ഏറ്റവും പ്രകടമായ പ്രത്യേകതയായി നമുക്കനുഭവപ്പെടുക എന്നും അദ്ദേഹം പറയുന്നു (കിരാതത്വത്തിന്‍െറ സുവര്‍ണ രേഖകള്‍).
ഈ വലിയ എഴുത്തുകാരി നമ്മുടെ വീക്ഷണത്തില്‍ വരുത്തുന്ന വ്യതിയാനം മനസ്സിലാവണമെങ്കില്‍ നമ്മുടെ കഥാസാഹിത്യത്തിന്‍െറ മുഖ്യധാരയില്‍ സ്ത്രൈണാനുഭവം എങ്ങനെ വിവരിക്കപ്പെടുന്നു എന്ന് അറിയേണ്ടതുണ്ടെന്ന് ഇ.വി. രാമകൃഷ്ണന്‍ (എഴുത്ത്, സ്ത്രീ, സമൂഹം: ആത്മനിഷ്ഠതയുടെ നിഹിതാര്‍ഥങ്ങള്‍ മാധവിക്കുട്ടിയുടെ കഥകളില്‍). ഇ.പി. രാജഗോപാലന്‍െറ ‘ആഖ്യാനവും സ്വത്വവും’, എസ്. ശാരദക്കുട്ടിയുടെ ‘മാധവിക്കുട്ടിയുടെ കാലങ്ങള്‍’, ജെ. ദേവികയുടെ ‘മാധവിക്കുട്ടി വിമര്‍ശനത്തിന്‍െറ രഹസ്യ അജണ്ടകള്‍’ എന്നിവയാണ് മറ്റു പഠനങ്ങള്‍. കമല സുറയ്യയായതിനുശേഷം അവരുടെ രചനകളോടുള്ള ചിലരുടെ അസഹിഷ്ണുത ധൈര്യപൂര്‍വം തുറന്നുകാണിക്കുന്നുണ്ട് ജെ. ദേവിക ‘മാധവിക്കുട്ടി വിമര്‍ശനത്തിന്‍െറ രഹസ്യഅജണ്ടകള്‍’ എന്ന ലേഖനത്തില്‍.
പി.പി. രവീന്ദ്രന്‍ (മാധവിക്കുട്ടിയുമായി ഒരു സംഭാഷണം), ജെ. ദേവിക (ഞാനൊരിക്കലും അശ്ളീലമെഴുതിയിട്ടില്ല), കെ.ജി. ശങ്കരപ്പിള്ള (ശരീരത്തിന് എത്ര ചിറകുകള്‍) എന്നിവര്‍ കമലാ സുറയ്യയുമായി നടത്തിയ അഭിമുഖങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ‘അമ്മൂമ്മയുടെ വീട്’ എന്ന കവിത മുതല്‍ ‘വാക്ക് പാപമാണ്’ എന്നതുവരെ കമലാദാസ് ഇംഗ്ളീഷില്‍ എഴുതിയ 13 കവിതകളും മതമെന്ന ആരാച്ചാര്‍, സന്ദര്‍ശകര്‍, പൂനിലാവ്, അപരിചിത എന്നീ മലയാള കവിതകളുമാണ് മൂന്നാംഭാഗത്തില്‍. സച്ചിദാനന്ദനും ഇ.വി. രാമകൃഷ്ണനുമാണ് കവിതകള്‍ വിവര്‍ത്തനം ചെയ്തത്. മാഹിമിലെ വീട്, ദയ എന്ന വികാരം, ലോകം ഒരു കവയിത്രിയെ നിര്‍മിക്കുന്നു, പാതിവ്രത്യം, കല്യാണി, തരിശുനിലം, പക്ഷിയുടെ മണം, സ്വതന്ത്ര ജീവികള്‍, നാവികവേഷം ധരിച്ചകുട്ടി, കവിയുടെ ഭാര്യ, കോലാട്, അവസാനത്തെ അതിഥി, മുഖമില്ലാത്ത കപ്പിത്താന്‍, നഷ്ടപ്പെട്ട നീലാംബരി എന്നീ കഥകളും ഇതിലുണ്ട്. മാധവിക്കുട്ടിയുടെ രചനാസമ്പ്രദായത്തിന്‍െറ സവിശേഷതകള്‍ വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ ഈ കഥകള്‍ സഹായിക്കും.
ഈ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കമലാദാസെന്ന, മാധവിക്കുട്ടിയെന്ന, കമല സുറയ്യ എന്ന വിശ്വസാഹിത്യകാരിയെ മനസ്സിലാക്കാന്‍ വായനക്കാരന് കഴിയുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com