തിരൂര്‍: ജനസമ്പര്‍ക്ക പരിപാടികളുടെ ഭാഗമായി കെ.എസ്.ഇ.ബി അധികൃതര്‍ മുന്നിലത്തെിയപ്പോള്‍ വോള്‍ട്ടേജ് ക്ഷാമം മുതല്‍ വീടുകളുടെ വൈദ്യുതീകരണത്തില്‍ നേരിടുന്ന കാലതാമസം വരെ നിരത്തി നഗരസഭാ കൗണ്‍സിലര്‍മാര്‍ പരാതികളുടെ കെട്ടഴിച്ചു. തിങ്കളാഴ്ച കൗണ്‍സില്‍ യോഗത്തിലാണ് കൗണ്‍സിലര്‍മാരുമായി സംവദിക്കാന്‍ അധികൃതരത്തെിയത്.
ടച്ചിങ് പ്രവൃത്തികള്‍ യഥാസമയം നടക്കാത്തതിനാല്‍ വൈദ്യുതി മുടക്കം പതിവാണെന്നും പല ഭാഗങ്ങളിലും വോള്‍ട്ടേജ് ക്ഷാമം നേരിടുന്നതായും പരാതിയുയര്‍ന്നു.
പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. നഗരസഭയുടെ എച്ച്.എസ്.ഡി.പി പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ വൈദ്യുതീകരണത്തിന് കാലതാമസം നേരിടുന്നതായി പി.കെ.കെ. തങ്ങളും നിര്‍മല കുട്ടികൃഷ്ണനും ചൂണ്ടിക്കാട്ടി. പഴയ പൊന്നാനി റോഡില്‍ 25ഓളം തെരുവ് വിളക്കുകള്‍ കത്തുന്നില്ളെന്നും പൂങ്ങോട്ടുകുളത്ത് പുതുതായി സ്ഥാപിച്ച തെരുവ് വിളക്ക് ഇതുവരെയും പ്രവര്‍ത്തിപ്പിക്കാനായില്ളെന്നും പി.പി. ലക്ഷ്മണന്‍ പരാതിപ്പെട്ടു.
എന്‍.എസ്.എസ് സ്കൂളിന് സമീപം പുതിയ ട്രാന്‍സ്ഫോര്‍മര്‍ അനുവദിച്ച് മാസങ്ങളായിട്ടും തുടര്‍ നടപടികളുണ്ടായില്ലന്ന് കെ. ബാവ പറഞ്ഞു.
മുത്തൂര്‍ ഐ.ടി.സി ജങ്ഷനില്‍ വൈദ്യുതി ലൈനിന് ഭീഷണിയായി നില്‍ക്കുന്ന ചീനിമരം വെട്ടിമാറ്റണമെന്നും റോഡിലേക്ക് തള്ളി നില്‍ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ പല ഭാഗത്തും ഗതാഗതക്കുരുക്കിന് കാരണമാകുന്നെന്നും കല്‍പ്പ ബാവ പറഞ്ഞു. തിരൂര്‍ ഈസ്റ്റ് സെക്ഷന്‍ കേന്ദ്രീകരിച്ച് പുതിയ സബ്സ്റ്റേഷന്‍ ആരംഭിക്കണമെന്ന് സി.വി. വിമല്‍കുമാര്‍ ആവശ്യപ്പെട്ടു.
കെ.എസ്.ഇ.ബി അനുമതി നല്‍കാത്തതിനാല്‍ പ്രധാന ലൈനുകളിലെ സോഡിയം വേപ്പര്‍ ലാമ്പുകളുടെ അറ്റകുറ്റപ്പണി വൈകുന്നതായി കെ. അബൂബക്കറും ചെമ്പ്രയില്‍ തെരുവ് വിളക്കുകള്‍ ട്രാന്‍സ്ഫോര്‍മറിന്‍െറ പോസ്റ്റുകളിലായതിനാല്‍ അറ്റകുറ്റപ്പണിക്ക് പ്രയാസം നേരിടുന്നതായി സി.കെ. കുമാരനും അറിയിച്ചു.
കരാര്‍ ജോലിക്കാരുടെ അഭാവം പലപ്പോഴും പദ്ധതികളും പ്രവൃത്തികളും യഥാസമയം പൂര്‍ത്തിയാക്കുന്നതിന് തടസ്സം നേരിടുന്നതായി അധികൃതര്‍ പറഞ്ഞു. സൈതാലിക്കുട്ടി, കെ.എം. ഹനീഫ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍