കോഴിക്കോട്: വാഹനങ്ങളിലെ അനധികൃത സണ്‍ കണ്‍ട്രോള്‍ ഫിലിം നീക്കംചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പിന്‍െറ നേതൃത്വത്തില്‍ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ നാലിന് രാവിലെ എട്ട് മുതല്‍ മൂന്നു വരെ മോട്ടോര്‍ വാഹന വകുപ്പിന്‍െറ ചേവായൂര്‍ ഗ്രൗണ്ടില്‍ നടക്കുന്ന ക്യാമ്പില്‍ എത്തുന്നവര്‍ക്ക് 100 രൂപക്ക് കൂളിങ് ഫിലിം ഒഴിവാക്കാം. പുറത്ത് 300 മുതല്‍ 500 രൂപ വരെ നിരക്കുള്ളപ്പോഴാണ് 100 രൂപക്ക് ഫിലിം നീക്കം ചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നത്.
സുപ്രീംകോടതി വിധിയനുസരിച്ച് വാഹനങ്ങളിലെ ഗ്ളാസുകളില്‍ ഒരു തരത്തിലുള്ള കൂളിങ് ഫിലിമുകളും അനുവദനീയമല്ല. മോട്ടോര്‍ വാഹന വകുപ്പ്, സിറ്റി പൊലീസ് എന്നിവയുടെ നേതൃത്വത്തില്‍ സണ്‍ കണ്‍ട്രോള്‍ ഫിലിമിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമ്പോഴും ചിലര്‍ നിയമം പാലിക്കാത്തത് കണക്കിലെടുത്താണ് വകുപ്പ് ക്യാമ്പിന് മുതിരുന്നത്. 70 ശതമാനത്തോളം വാഹനങ്ങളില്‍നിന്ന് ഇതിനകം ഫിലിം നീക്കിയിട്ടുണ്ട്.
ഫിലിം സ്വയം നീക്കംചെയ്യാന്‍ കഴിയാത്തവര്‍ നിര്‍ബന്ധമായും ബുധനാഴ്ചക്കുള്ളില്‍ അവ നീക്കം ചെയ്യണമെന്ന് ആര്‍.ടി.ഒ പി.ടി. ശശിധരന്‍ നായര്‍ അറിയിച്ചു. ജൂലൈ അഞ്ചു മുതല്‍ കൂളിങ് ഫിലിം ഒട്ടിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ പിടികൂടി വന്‍പിഴ ഈടാക്കുമെന്നും ആര്‍.ടി.ഒ അറിയിച്ചു. വ്യാഴാഴ്ച മുതല്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും റോഡുകളില്‍ വാഹന പരിശോധന നടത്തി പിഴ ഈടാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍