12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

ഒളിമ്പിക്സിന്റെ തനിമ വീണ്ടെടുക്കാനാവില്ലേ?

ഒളിമ്പിക്സിന്റെ തനിമ വീണ്ടെടുക്കാനാവില്ലേ?

സമത്വബോധത്തിന്റെയും സമാധാന വാഞ്ഛയുടെയും സൗമനസ്യത്തിന്റെയും അരങ്ങ് എന്ന നിലക്ക് അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്കും ഒളിമ്പിക്സ് പോലുള്ള ആഗോളമേളകള്‍ക്കും പ്രസക്തിയുണ്ട്. വംശീയതക്കും വിവേചനത്തിനുമെതിരെ ലോകകപ്പ് മത്സരങ്ങളും ഏഷ്യാഡും മറ്റും പോലെ ഒളിമ്പിക്സും മാനവികതയുടെ പന്തം ഉയര്‍ത്തിപ്പിടിച്ചതാണ് ചരിത്രം. ആധുനിക ഒളിമ്പിക്സിന്റെ പിതാവായ പിയേ ദ കൂബര്‍തന്‍ ഈ കായിക പ്രസ്ഥാനത്തെ ലോകസമാധാനത്തിനുള്ള ശക്തമായ ഉപാധിയായി കണ്ടു. രാജ്യങ്ങള്‍ തമ്മിലെ പിണക്കങ്ങളും ധാരണപ്പിശകുകളുമാണ് സമാധാനം തകര്‍ക്കുന്നതെന്നും അവ ഇല്ലാതാക്കാന്‍ ആഗോള യുവതയുടെ കായിക മേളകള്‍ പര്യാപ്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യത്തെ അന്താരാഷ്ട്ര ഒളിമ്പിക് സമിതി (ഐ.ഒ.സി) രൂപംനല്‍കിയ 1894ലെ പാരിസ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 80 ശതമാനം പേരും സമാധാന പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകരായിരുന്നു; അവരില്‍ അഞ്ചുപേര്‍ പില്‍ക്കാലത്ത് സമാധാന നൊബേല്‍ കരസ്ഥമാക്കുകയും ചെയ്തു. കായികമേളകളെ പ്രകീര്‍ത്തിച്ച് കൂബര്‍തന്‍ എഴുതിയ കവിത തുടങ്ങുന്നതുതന്നെ 'സ്പോര്‍ട്സ്, നീ സമാധാനമാകുന്നു' എന്നാണ്. അത്ലറ്റുകളും കളിക്കാരും സമാധാനത്തിന്റെ അംബാസഡര്‍മാരാണെന്ന് അദ്ദേഹം ഊറ്റംകൊണ്ടു. ഒളിമ്പിക് ചാര്‍ട്ടറിന്റെ മൂന്ന്, ആറ് വകുപ്പുകള്‍ അതിന്റെ സമാധാന ദൗത്യം കൃത്യമായി വിളംബരം ചെയ്യുന്നുണ്ട്. ഒളിമ്പിക്സും യു.എന്നും പരസ്പരം സഹകരിക്കുന്നത്, ലോകസമാധാനമെന്ന ഒരേ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്.
നിര്‍ഭാഗ്യവശാല്‍ മറ്റു പല മേഖലകളെയും ബാധിച്ച വാണിജ്യവത്കരണം ഒളിമ്പിക്സിനെയും ആവേശിച്ചതോടെ ഈ മേളയും സമാധാനവിരുദ്ധരുടെ കൈപ്പിടിയിലൊതുങ്ങുകയാണോ എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. ഈ അന്താരാഷ്ട്ര കായികോത്സവത്തിന്റെ നടത്തിപ്പുചെലവ് വര്‍ധിച്ചതും അതിനുമേല്‍ ലാഭക്കണ്ണുകള്‍ പതിഞ്ഞതും ഈ അധഃപതനത്തിന് കാരണങ്ങളാണ്. ജൂലൈ 27 മുതല്‍ ആഗസ്റ്റ് 12 വരെ ലണ്ടനില്‍ നടക്കുന്ന ഒളിമ്പിക്സിനെക്കുറിച്ച് ഗുരുതരമായ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. 240 കോടി ബ്രിട്ടീഷ് പൗണ്ട് (21,000 കോടി രൂപയിലേറെ) ചെലവുവരുമെന്ന് ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്ന ലണ്ടന്‍ ഒളിമ്പിക്സിന് ഇപ്പോള്‍ കണക്കുകൂട്ടുന്ന ചെലവ് പത്തിരട്ടിയാണ്; 2,400 കോടി പൗണ്ട് (2.1 ലക്ഷം കോടി രൂപയിലേറെ). ചെലവ് വന്‍തോതില്‍ വര്‍ധിച്ചുവെന്നു മാത്രമല്ല, അതിന്റെ നിശ്ചിത പങ്കുവഹിക്കുമെന്ന് ഏറ്റിരുന്ന സ്വകാര്യ കമ്പനികള്‍ പലതും പിന്മാറുകയും ചെയ്തു. സ്വാഭാവികമായും സര്‍ക്കാര്‍ ഇത്രയും പണം നികുതിവഴി കണ്ടെത്തുമ്പോള്‍ അത് സ്വതവേ പ്രതിസന്ധിയിലായ ബ്രിട്ടീഷ് സമ്പദ്രംഗത്തെ ശരിക്കും ഞെരുക്കും. ഇത് സാമൂഹിക അസ്വസ്ഥതകളിലേക്ക് നയിക്കുകയും ചെയ്യും. ഒളിമ്പിക്സ് മേള തുടങ്ങിയ ഉടനെ, ജൂലൈ 28ന്, ലണ്ടനില്‍ വന്‍പ്രതിഷേധം നടത്താന്‍ ആഹ്വാനം മുഴങ്ങിക്കഴിഞ്ഞു. ഇതിനുപുറമെ സ്ഥിരം ഇനമായ ഭീകരാക്രമണ സാധ്യത കൂടി ചേര്‍ന്നപ്പോള്‍ വമ്പിച്ച തോതിലുള്ള സൈനിക സാന്നിധ്യത്തിനാണ് വഴി തുറന്നിരിക്കുന്നത്.
ജനങ്ങള്‍ക്ക് പലനിലക്കും നഷ്ടംവരുത്തുന്ന ഒളിമ്പിക്സില്‍നിന്ന് ലാഭം മാത്രം ചുരത്തുന്നവരുണ്ട്. മനുഷ്യത്വവിരുദ്ധതയോളമെത്തുന്ന ചൂഷണങ്ങള്‍ക്ക് പേരെടുത്ത ബ്രിട്ടീഷ് പെട്രോളിയം, മക്ഡോണാള്‍ഡ്സ്, ഡൗ കെമിക്കല്‍സ്, കൊക്കകോള തുടങ്ങിയ കമ്പനികള്‍ പ്രമുഖ സ്പോണ്‍സര്‍മാരാകുന്നതുതന്നെ കടുത്ത ആക്ഷേപം വിളിച്ചുവരുത്തിയിരിക്കുന്നു. നടത്തിപ്പുകാര്‍ മാത്രമല്ല, ഒളിമ്പിക്സ് കമ്മിറ്റി (ഐ.ഒ.സി) തന്നെയും ബഹുരാഷ്ട്രഭീമന്മാരെ പൂര്‍ണമായി ആശ്രയിക്കുമ്പോള്‍ കാര്യങ്ങള്‍ ശരിക്കും പിടിവിടുകയാണ്. ഒളിമ്പിക്സ് ഫലത്തില്‍ കോര്‍പറേറ്റ് കുറ്റവാളികള്‍ വിലക്കെടുത്ത പരസ്യയജ്ഞമാവുന്നു. വന്‍തോതില്‍ വനവൃക്ഷങ്ങള്‍ വെട്ടിനശിപ്പിച്ചതിന്റെ പേരില്‍ 'ഗ്രീന്‍പീസ് ഇന്റര്‍നാഷനലി'ന്റെ വിമര്‍ശമേറ്റുവാങ്ങിയ മക്ഡോണാള്‍ഡ്സ് ആണ് 'ഹരിത ഒളിമ്പിക്സി'ല്‍ കൂറ്റന്‍ ഭക്ഷണപ്പന്തലും ഭക്ഷണവുമൊരുക്കുന്നത്.
ഡൗ കെമിക്കല്‍സിനെ 'ആഗോള പങ്കാളികള്‍' ആക്കിയതാണ് ഒളിമ്പിക്സിന്റെ പവിത്രത കളഞ്ഞുകുളിക്കുന്ന മറ്റൊരു ഇടപാട്. കാല്‍ലക്ഷത്തോളം മനുഷ്യര്‍ ദാരുണമായി കൊല്ലപ്പെട്ടതിനും അനേക ലക്ഷങ്ങള്‍ തലമുറകളോളം രോഗങ്ങള്‍ പേറുന്നതിനും കാരണമായ ഭോപാല്‍ വാതക ദുരന്തത്തിന് ഉത്തരവാദികളാണ് അന്നത്തെ യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുമായി പിന്നീട് ലയിച്ച 'ഡൗ കെമിക്കല്‍സ്.' നാപാം, ഏജന്റ് ഓറഞ്ച് എന്നീ വിഷായുധങ്ങള്‍ വിയറ്റ്നാമിലും ലാവോസിലും കംബോഡിയയിലും ഉണ്ടാക്കിയത് ഡൗവിന്റെ പണംകൊണ്ടാണത്രെ. 'ഔദ്യോഗിക സഹകാരികളു'ടെ കൂട്ടത്തിലുള്ള ആര്‍സിലര്‍ മിത്തല്‍ എന്ന ഇന്ത്യന്‍ കമ്പനിയുടെ കാര്യവും വ്യത്യസ്തമല്ല. ബോസ്നിയയിലെ ഒമാര്‍സ്കയില്‍ സെര്‍ബ് സേന കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലിട്ട് കൊന്നൊടുക്കിയ ആയിരങ്ങളുടെ രക്തം കലര്‍ന്ന ഖനിപ്രദേശം 2004ലാണ് ഈ കമ്പനി ഏറ്റെടുത്തത്. രക്തസാക്ഷികള്‍ക്കുവേണ്ടി സ്മാരകമുണ്ടാക്കാമെന്ന വാഗ്ദാനത്തില്‍നിന്ന് കമ്പനി പിറകോട്ടു പോയി. പണക്കൊഴുപ്പുകൊണ്ട് യുദ്ധക്കുറ്റങ്ങള്‍ മൂടിക്കളയാനുള്ള നീക്കമായി ഇത് വിലയിരുത്തപ്പെട്ടിരിക്കുന്നു. കൊളംബിയയില്‍ കൊലയാളി സംഘങ്ങളെ ഇറക്കിയെന്ന് കരുതുന്ന ബി.പി, അസര്‍ബൈജാനിലും തുര്‍ക്കിയിലും മറ്റുമുള്ള പൈപ്പ്ലൈനിന്റെ സുരക്ഷ അവഗണിച്ച് അപകടം വരുത്തിയതിന് ബ്രിട്ടീഷ് സര്‍ക്കാര്‍തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ കമ്പനിയാണ്.
ചെലവിന്റെ വലിയ ഭാഗം നികുതി വഴി പിഴിഞ്ഞെടുക്കുമ്പോഴും 50ലേറെ സ്വകാര്യ കമ്പനികള്‍ സ്പോണ്‍സര്‍മാരായി രംഗത്തുണ്ട്. ഒരു കാലത്ത് സമാധാന വാദികളുടെ സമിതിയായിരുന്ന ഐ.ഒ.സി ഇന്ന് ചൂഷക മുതലാളിത്തത്തിന്റെ കീശയിലായിക്കഴിഞ്ഞോ എന്നാണ് ചോദ്യമുയരുന്നത്. അതിസമ്പന്നരെയും രാജകുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തി ഐ.ഒ.സി അംഗത്വം വിപുലപ്പെടുത്തിക്കഴിഞ്ഞു. ഈ അതിവരേണ്യ 'ഒളിമ്പിക് കുടുംബ'ക്കാര്‍ക്കായി ലണ്ടനിലെ 250 മൈലോളം തെരുവുകളും മുന്തിയ നക്ഷത്ര ഹോട്ടലുകളിലെ 2000 മുറികളും ഒഴിച്ചിട്ടിരിക്കുന്നു. ഒളിമ്പിക് പട്ടണങ്ങളിലെ പരസ്യപ്പലകകളും മറ്റും മുഴുവനായും ഐ.ഒ.സി നിര്‍ദേശിക്കുന്നവര്‍ക്കാകണമെന്ന് മാന്വലില്‍ എഴുതിച്ചേര്‍ത്തിട്ടുമുണ്ട്. ഇങ്ങനെ ജനങ്ങളെ അകറ്റുന്ന സൈനികവത്കരണവും മുതലാളിത്തവത്കരണവും മനുഷ്യത്വവിരുദ്ധരായ കോര്‍പറേറ്റ് കുറ്റവാളികളുടെ സാന്നിധ്യവുമെല്ലാം ചേരുമ്പോള്‍ ഒളിമ്പിക്സിന് നഷ്ടപ്പെടുന്നത് അതിന്റെ ആത്മാവാണ്. അതിന്റെ തനത് ജനകീയ മുഖവും സമാധാനദൗത്യവും തിരിച്ചെടുക്കേണ്ടിയിരിക്കുന്നു. ആ അഞ്ചു വളയങ്ങളില്‍ കൈയേറ്റം നടത്തിയ സ്വകാര്യ താല്‍പര്യങ്ങളെ ഇല്ലാതാക്കി പളപളപ്പ് ഇത്തിരി കുറഞ്ഞാലും ആത്മാവ് നിലനിര്‍ത്തുന്ന മേളയായി ഒളിമ്പിക്സിനെ പുനഃസ്ഥാപിക്കാന്‍ നേരമായി. ലണ്ടന്‍ ഒരു മാറ്റത്തിന്റെ തുടക്കമായെങ്കില്‍!


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com