സഹകരണസംഘങ്ങള്‍ വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ വരുമെന്ന കേരള ഹൈകോടതി ഫുള്‍ബെഞ്ചിന്‍െറ സുപ്രധാനമായ വിധി സഹകരണരംഗത്ത് കൊടികുത്തിവാഴുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും തടയിടുമെന്ന് പ്രതീക്ഷിക്കാം. വിവരാവകാശ നിയമം നിലവില്‍വന്നതുമുതല്‍ ഈ നിയമത്തെ വിജയകരമായി പ്രതിരോധിച്ച വിഭാഗങ്ങളില്‍ മുന്നില്‍നില്‍ക്കുന്നതാണ് സഹകരണരംഗം. കോടതികളുടെ വ്യാഖ്യാനങ്ങളിലുണ്ടായ ചില ആശയക്കുഴപ്പം മുതലാക്കി ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറ വസന്തം എന്നു വിശേഷിപ്പിക്കപ്പെട്ട വിവരാവകാശ നിയമത്തെ കഴിഞ്ഞ ആറുവര്‍ഷമായി ഏതാണ്ട് പടിക്കുപുറത്ത് നിര്‍ത്താന്‍ സഹകരണമേഖലക്ക് കഴിഞ്ഞു. സഹകരണ രംഗത്തെ ജനാധിപത്യപ്രക്രിയക്ക് ഏറെ സഹായകരമാകുമായിരുന്ന സുതാര്യത എന്ന സൂര്യപ്രകാശത്തെ തടഞ്ഞുനിര്‍ത്തിയത് നിര്‍ഭാഗ്യവശാല്‍, ജനാധിപത്യത്തിന്‍െറ ശക്തരായ വക്താക്കളെന്നവകാശപ്പെടുന്ന രാഷ്ട്രീയ നേതാക്കള്‍തന്നെയാണെന്നത് വൈരുധ്യമായി അവശേഷിക്കുന്നു. ‘സഹകരണ സംഘങ്ങളിലെ ക്രമക്കേടുകള്‍ കണ്ടത്തൊതിരിക്കാനും നടപടികളില്‍നിന്ന് രക്ഷപ്പെടുന്നതിനുംവേണ്ടി നിയമാനുസൃതമുള്ള ഓഡിറ്റിങ് പൂര്‍ത്തിയാക്കാതെ നാലും അഞ്ചും വര്‍ഷം കാലവിളംബം വരുത്തിയ ഭരണസമിതികളുടെ പ്രവര്‍ത്തനം ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. പൊതുസമൂഹത്തിലെ ജാഗ്രതയുള്ള പൗരന്മാര്‍ക്ക് വിവരാവകാശനിയമപ്രകാരം ഇതു കണ്ടത്തെി യഥാസമയം തടയാന്‍ കഴിയുമെന്നും ദുര്‍ഭരണത്തിനെതിരെ വിവരാവകാശനിയമം ഉപയോഗിക്കുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്’ -ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍, ബി.പി. റേ, പി.എന്‍. രവീന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ഫുള്‍ബെഞ്ചിന്‍െറ ഈ പ്രത്യാശ പൊതുസമൂഹമാണ് ഇനി നിറവേറ്റേണ്ടത്. സഹകരണസംഘങ്ങള്‍ വിവരാവകാശ നിയമപ്രകാരം ‘പൊതുഅധികാരി’ എന്ന നിര്‍വചനത്തില്‍വരുമെന്ന് കോടതി പ്രഖ്യാപിച്ചു. ഇക്കാര്യം വ്യക്തമാക്കി 2006 ജൂണ്‍ ഒന്നിന് സഹകരണവകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ (നമ്പര്‍.23/2006) നിയമാനുസൃതമല്ളെന്ന വാദം ഫുള്‍ബെഞ്ച് നിരാകരിച്ചു.
കാര്‍ഷിക സ്വയംസഹകരണസംഘങ്ങള്‍ രൂപവത്കരിച്ചുകൊണ്ട് സഹകരണ പ്രസ്ഥാനത്തിന് ഇന്ത്യയില്‍ ശിലയിട്ടത് 1904 മാര്‍ച്ച് 25ന് പാസാക്കിയ സഹകരണനിയമമാണ്. സഹകരണ പ്രസ്ഥാനം ഇന്ത്യയില്‍ ജന്മംകൊണ്ടിട്ട് ഒരു നൂറ്റാണ്ടുകഴിഞ്ഞെങ്കിലും 1969ലാണ് കേരളത്തില്‍ സമഗ്രമായ സഹകരണ നിയമം രൂപംകൊണ്ടത്. ഭരണഘടനയിലെ നിര്‍ദേശകതത്ത്വങ്ങളിലെ സാമൂഹികനീതി, സാമ്പത്തിക വികാസം എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ് സഹകരണമേഖലയുടെ ആത്യന്തിക ലക്ഷ്യമെന്ന് സഹകരണനിയമത്തിന്‍െറ ആമുഖം പ്രഖ്യാപിക്കുന്നു.
1995 നവംബര്‍ 23ലെ അന്താരാഷ്ട്ര സഹകരണ സഖ്യം മാഞ്ചസ്റ്റര്‍ കോണ്‍ഗ്രസില്‍ സഹകരണ തത്ത്വം പുനരാവിഷ്കരിച്ചു: ‘തുറന്നതും സ്വമേധയാ ഉള്ളതുമായ അംഗത്വം, സമൂഹത്തോടുള്ള പ്രതിബദ്ധത എന്നിവക്ക് സഹകരണ പ്രസ്ഥാനം പ്രാമുഖ്യം നല്‍കണം’. എന്നാല്‍, കേരളത്തിലെ ഭൂരിഭാഗം സഹകരണസംഘങ്ങളുടെയും പ്രവര്‍ത്തനം ഈ തത്ത്വങ്ങളെ വെല്ലുവിളിക്കുന്നതാണ്. സുതാര്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്‍െറയും വിളനിലങ്ങളാക്കി മാറ്റി നമ്മുടെ സഹകരണസംഘങ്ങളെ ഈ പ്രതിസന്ധിയില്‍നിന്നും രക്ഷിക്കാനുള്ള അവസാന അവസരമെന്ന നിലയിലാണ് യഥാര്‍ഥ സഹകാരികള്‍ വിവരാവകാശ നിയമത്തെ കണ്ടത്.
എല്ലാ പൊതുഅധികാര സ്ഥാപനങ്ങളും നൂറുദിവസത്തിനകം വിവരാവകാശ ഉദ്യോഗസ്ഥരെ സ്ഥാനനിര്‍ദേശം ചെയ്യണമെന്ന വിവരാവകാശ നിയമത്തിലെ അഞ്ചാം വകുപ്പിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനായി സംസ്ഥാന സഹകരണസംഘം രജിസ്ട്രാര്‍ 2006 ജൂണ്‍ ഒന്നിന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഈ സര്‍ക്കുലറിന്‍െറ നിയമസാധുത ചോദ്യംചെയ്തുകൊണ്ടാണ് വിവിധ സഹകരണസംഘങ്ങളും ബാങ്കുകളും ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍, 1969ലെ കേരള സഹകരണസംഘങ്ങള്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത എല്ലാ സഹകരണസംഘങ്ങളും വിവരാവകാശനിയമത്തിലെ 2(എഫ്) വകുപ്പുപ്രകാരം ‘പൊതുഅധികാരി’യുടെ നിര്‍വചനത്തില്‍ വരുമെന്നും വിവരാവകാശനിയമപ്രകാരം വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥമാണെന്നും ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ ഉത്തരവിട്ടു.
ഈ വിധിന്യായത്തെ ഏതാനും സഹകരണസംഘങ്ങള്‍ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ചോദ്യംചെയ്തു. സിംഗിള്‍ബെഞ്ചിന്‍െറ വിധി ഭാഗികമായി അനുവദിച്ച ഡിവിഷന്‍ ബെഞ്ച്, സര്‍ക്കാറില്‍നിന്ന് ഗണ്യമായ ധനസഹായം സ്വീകരിക്കുന്ന സഹകരണ സംഘങ്ങള്‍ മാത്രമേ ‘പൊതു അധികാരി’ എന്ന നിര്‍വചനപരിധിയില്‍ ഉള്‍പ്പെടുകയുള്ളൂ എന്ന് വിധിച്ചു.
തലപ്പാലം സഹകരണ ബാങ്ക് കേസില്‍ (28.08.2009 -2009 (3) കെ.എല്‍.ടി 1001- ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍നായര്‍, ജസ്റ്റിസ് സി.ടി. രവികുമാര്‍) ഡിവിഷന്‍ ബെഞ്ചിന്‍െറ ഈ വിധിന്യായം ചെറുതല്ലാത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കിയത്. ‘സര്‍ക്കാറിന്‍െറ ഗണ്യമായ ധനസഹായം എന്നത് എന്താണെന്ന് വിവരാവകാശനിയമത്തിലോ ഡിവിഷന്‍ ബെഞ്ചിന്‍െറ വിധിയിലോ വ്യക്തമല്ലാത്ത സാഹചര്യത്തില്‍ പുതിയൊരു കൂട്ടം വ്യവഹാരങ്ങള്‍ക്ക് ഇത് കാരണമായി.
എറണാകുളം ജില്ലാ സഹകരണബാങ്കിന്‍െറ ക്ളര്‍ക്ക് തസ്തികയിലേക്കുള്ള റാങ്ക്ലിസ്റ്റിന്‍െറ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കോട്ടയം സ്വദേശിയായ ജോര്‍ജുകുട്ടി സമര്‍പ്പിച്ച അപേക്ഷയാണ് പുതിയ വ്യവഹാരത്തിന് വഴിതുറന്നത്. ഡിവിഷന്‍ ബെഞ്ചിന്‍െറ വിധിയനുസരിച്ച് ‘പൊതു അധികാരി’ എന്ന നിര്‍വചനത്തില്‍ വരാത്തതിനാല്‍ വിവരം നല്‍കാനാവില്ളെന്ന് വ്യക്തമാക്കി സഹകരണബാങ്ക് അപേക്ഷ തള്ളിക്കളഞ്ഞു. ഈ തീരുമാനത്തിനെതിരെ ജോര്‍ജുകുട്ടി വിവരാവകാശ കമീഷനെ സമീപിച്ചു.
സഹകരണ ബാങ്കിന്‍െറ പ്രസക്തമായ ബാലന്‍സ്ഷീറ്റും സര്‍ക്കാറിന്‍െറ നിക്ഷേപവിഹിതവും പരിശോധിച്ച മുഖ്യ വിവരാവകാശ കമീഷണര്‍ പാലാട്ട് മോഹന്‍ദാസ്, ബാങ്ക് വിവരാവകാശ നിയമപ്രകാരം ‘പൊതുഅധികാരി’യാണെന്ന് കണ്ടത്തെി. സര്‍ക്കാറിന്‍െറ പലതരത്തിലുള്ള സഹായം സ്വീകരിക്കുന്ന ബാങ്കിന് ‘ഗണ്യമായ ധനസഹായം’ ലഭിക്കുന്നുണ്ടെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ബാങ്ക് ‘പൊതുഅധികാര’സ്ഥാപനമാണെന്നും പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറെ സ്ഥാനനിര്‍ദേശം ചെയ്ത് അപേക്ഷകന് രേഖകള്‍ നല്‍കണമെന്നും കമീഷന്‍ ഉത്തരവിട്ടു (സി.പി. നമ്പര്‍ 294 (1)/201/എസ്.ഐ.സി -24.04.2010). കമീഷന്‍െറ ഈ ഉത്തരവിനെ സഹകരണബാങ്ക് ഹൈകോടതിയില്‍ ചോദ്യംചെയ്തു. സര്‍ക്കാറില്‍നിന്ന് ലഭിക്കുന്ന സാമ്പത്തികസഹായം വിവരാവകാശ നിയമപ്രകാരമുള്ള ‘ഗണ്യമായ ധനസഹായം’ എന്ന നിര്‍വചനത്തില്‍ വരില്ളെന്നാണ് ബാങ്കിന്‍െറ പ്രധാനവാദം. വിവരാവകാശ കമീഷന്‍െറ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു (ഡബ്ള്യു.പി.സി 19986/2010- 28.04.2010).
സര്‍ക്കാറില്‍നിന്ന് ഗണ്യമായി ധനസഹായം സ്വീകരിക്കാത്ത സഹകരണസംഘങ്ങള്‍ ‘പൊതുഅധികാരി’ അല്ളെന്ന കാര്യം ഡിവിഷന്‍ ബെഞ്ച് വിധിയില്‍ വ്യക്തമാണെങ്കിലും സഹകരണവകുപ്പിന് ഈ വിവരങ്ങള്‍ അപേക്ഷകനു വാങ്ങിത്തരാന്‍ കഴിയും. സഹകരണ നിയമത്തിലെ വ്യവസ്ഥകള്‍പ്രകാരം സഹകരണ രജിസ്ട്രാര്‍ക്ക് സഹകരണസംഘങ്ങളുടെ മേലുള്ള നിയന്ത്രണവും അധികാരവും ഉപയോഗിച്ച് വിവരങ്ങള്‍ ആവശ്യപ്പെടാം. ചുരുക്കത്തില്‍, സഹകരണവകുപ്പിലെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാര്‍ക്ക് 10 രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചുനല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക സഹകരണസംഘങ്ങളിലെ രേഖകള്‍ നല്‍കണം. ഉത്തരവ് അനുസരിക്കാത്ത സഹകരണ സംഘങ്ങളുടെമേല്‍ നടപടി സ്വീകരിക്കാന്‍ സഹകരണ രജിസ്ട്രാര്‍ക്ക് അധികാരമുണ്ട്. രേഖകള്‍ നല്‍കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ കഴിയും.
അപേക്ഷകന് രേഖകള്‍ നല്‍കുന്നതിനുവേണ്ടി പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാല്‍ മറ്റ് ഉദ്യോഗസ്ഥര്‍ അത് നല്‍കണമെന്നാണ് വിവരാവകാശ നിയമത്തിലെ 5(4) വകുപ്പ് അനുശാസിക്കുന്നത്. അത്തരം സഹായം നല്‍കാത്ത ഉദ്യോഗസ്ഥനെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി കണക്കാക്കി വിവരാവകാശ നിയമപ്രകാരമുള്ള ശിക്ഷണനടപടികള്‍ സ്വീകരിക്കാന്‍ വിവരാവകാശ കമീഷന് അധികാരമുണ്ട്. വിവരം നല്‍കാത്ത സഹകരണസംഘം സെക്രട്ടറിക്കെതിരെ ഈ വ്യവസ്ഥയനുസരിച്ച് നടപടി സ്വീകരിക്കാന്‍ കമീഷന് കഴിയും. രേഖകള്‍ കൊടുക്കാത്ത സംഘം സെക്രട്ടറിമാര്‍ക്കെതിരെ കമീഷന്‍ നടപടി സ്വീകരിച്ചിട്ടുമുണ്ട്. നിയമപ്രകാരം നടപടി ഇതായിരിക്കെ, സഹകരണ വകുപ്പുകളില്‍നിന്ന് കൈമാറിവരുന്ന അപേക്ഷകളിലും വിവരങ്ങള്‍ നല്‍കാന്‍ സഹകരണ സംഘങ്ങള്‍ തയാറാകുന്നില്ല. അതിന് അവര്‍ ചൂണ്ടിക്കാട്ടുന്ന കാരണം ഹൈകോടതിയുടെ സ്റ്റേ ഉണ്ടെന്നാണ്. സഹകരണസംഘം തന്നെ ‘പൊതു അധികാരി’യാണോ എന്ന കേസിലെ സ്റ്റേ ഉത്തരവ് കാണിച്ചാണ് സംഘങ്ങള്‍ അപേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത്.
തലപ്പാലം സഹകരണ ബാങ്കിന്‍െറ കേസിലെ ഡിവിഷന്‍ ബെഞ്ച് വിധിയുടെ നിയമപരമായ സാധുതയില്‍ സംശയം പ്രകടിപ്പിച്ച മറ്റൊരു ഡിവിഷന്‍ ബെഞ്ച് 2011 മാര്‍ച്ച് 24ന് പ്രശ്നം ഫുള്‍ബെഞ്ചിന് സമര്‍പ്പിച്ചു. സഹകരണ നിയമപ്രകാരം എല്ലാ സഹകരണസംഘങ്ങളും രജിസ്റ്റര്‍ ചെയ്യണം. സര്‍ക്കാറിന്‍െറയും സഹകരണ രജിസ്ട്രാറുടെയും കര്‍ശനമായ നിയന്ത്രണത്തിന് വിധേയമാണ് എല്ലാ സഹകരണ സ്ഥാപനങ്ങളും. സംഘത്തിന്‍െറ കണക്കുകള്‍ പരിശോധിക്കുന്നതും ഓഡിറ്റ് ചെയ്യുന്നതും സഹകരണ നിയമപ്രകാരമാണ്. ക്രമക്കേടും ദുര്‍ഭരണവും നടത്തുന്ന സംഘത്തിനെതിരെ സഹകരണനിയമത്തിലെ 32, 65, 66, 68, 87 വകുപ്പുകള്‍പ്രകാരം സഹകരണ വകുപ്പിന് നടപടികള്‍ സ്വീകരിക്കാന്‍ കഴിയും. അത്തരത്തിലുള്ള സംഘത്തിന്‍െറ ഭരണസമിതിയെ മറികടന്നുകൊണ്ട് അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനും അധികാരമുണ്ട്. ചുരുക്കത്തില്‍, സര്‍ക്കാറിനും സഹകരണ വകുപ്പിനും നിയമപരവും ശക്തവുമായ നിയന്ത്രണം സഹകരണ സംഘങ്ങളിലുണ്ടെന്ന് ഫുള്‍ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദേശക തത്ത്വങ്ങളില്‍ 43 ബി അനുച്ഛേദപ്രകാരം സഹകരണ സ്ഥാപനങ്ങളുടെ രൂപവത്കരണത്തെ രാഷ്ട്രം സഹായിക്കണമെന്ന് നിര്‍ദേശിക്കുന്നു. 19 (1) (സി) അനുച്ഛേദത്തില്‍ 97ാം ഭേദഗതി ചെയ്ത് സഹകരണ സംഘം രൂപവത്കരിക്കുക എന്നത് പൗരന്‍െറ മൗലികാവകാശമാക്കി മാറ്റി.
കര്‍ണാടക സഹകരണസംഘ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സഹകരണ സംഘങ്ങള്‍ വിവരാവകാശ നിയമപ്രകാരം, ‘പൊതു അധികാരി’യല്ളെന്ന കര്‍ണാടക ഹൈകോടതി സിംഗിള്‍ബെഞ്ചിന്‍െറ വിധിയും ഫുള്‍ബെഞ്ച് പരിശോധിച്ചു. സംഘങ്ങളുടെമേലുള്ള സഹകരണ വകുപ്പിന്‍െറ നിയന്ത്രണമോ സംഘം അംഗങ്ങളുടെയോ ഭരണസമിതിയുടെയോ ജീവനക്കാരുടെയോ ചുമതലയുമായി ബന്ധപ്പെട്ട കര്‍ണാടക സഹകരണ നിയമത്തിലെ വ്യവസ്ഥകളോ കര്‍ണാടക ഹൈകോടതി പരിശോധിച്ചിട്ടില്ളെന്ന് ഫുള്‍ബെഞ്ച് ചൂണ്ടിക്കാട്ടി. ‘സംഘത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ളെങ്കില്‍ സഹകരണനിയമത്തിലെ പല വ്യവസ്ഥകളും നടപ്പിലാക്കാന്‍തന്നെ കഴിയില്ളെന്ന്’ ഹൈകോടതി അഭിപ്രായപ്പെട്ടു. ‘പൊതുജനങ്ങളുടെയും സംഘാംഗങ്ങളുടെയും താല്‍പര്യം ലംഘിക്കപ്പെടുകയും സംഘംതന്നെ തകരുകയും ചെയ്യും. പൊതു ധനത്തിന്‍െറ ദുരുപയോഗവും ദുര്‍ഭരണവും ഫലപ്രദമായി തടയണമെങ്കില്‍ എല്ലാ ജനാധിപത്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സുതാര്യമായിരിക്കണം.’ സംഘത്തിലെ ഓരോ അംഗത്തിനും നിക്ഷേപകനും സംഘത്തിന്‍െറ പ്രവര്‍ത്തനത്തില്‍ തല്‍പരനായ ഏതൊരാള്‍ക്കും എല്ലാ വിവരങ്ങളും ലഭിക്കണമെങ്കില്‍ വിവരാവകാശനിയമം സംഘങ്ങള്‍ക്കും ബാധകമാക്കണമെന്ന് കോടതി വിലയിരുത്തി. തെറ്റായ കാര്യങ്ങള്‍ മറച്ചുവെക്കാനും വിവരങ്ങള്‍ നല്‍കാതിരിക്കാനുമുള്ള പ്രവണതയില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍