12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

കരയില്‍ നീന്തുന്ന വിദ്യാഭ്യാസ വകുപ്പ്

കരയില്‍ നീന്തുന്ന വിദ്യാഭ്യാസ വകുപ്പ്
മരണച്ചുഴി വിഴുങ്ങുന്ന ജീവിതങ്ങള്‍ -2

കേരളത്തില്‍ മുങ്ങിമരണം വര്‍ധിച്ചു വരുന്നതില്‍ ഹൈകോടതി ആശങ്കപ്രകടിപ്പിച്ചിരുന്നു. വിദ്യാര്‍ഥികളെ നീന്തല്‍ പഠിപ്പിക്കാനുതകുംവിധം പാഠ്യപദ്ധതി തയാറാക്കാനാണ് കോടതി സര്‍ക്കാറിനു നിര്‍ദേശം നല്‍കിയിരുന്നത്. ഹൈകോടതിയുടെ സിംഗ്ള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും പുറപ്പെടുവിച്ച വിധികളൊന്നും വിദ്യാഭ്യാസ അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമായില്ല.
2007 ആഗസ്റ്റില്‍ മലയാളവേദി പ്രസിഡന്‍റ് ജോര്‍ജ് വട്ടുകുളമാണ് ഗുരുതരമായ ഈ വിഷയം ആദ്യമായി ഹൈകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. പ്രശ്നത്തിന്‍െറ ഗൗരവം ഉള്‍ക്കൊണ്ട കോടതി അടിയന്തര നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍, സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ‘കണ്ണില്‍ പൊടിയിടാനുള്ള’ നടപടി ക്രമങ്ങള്‍ മാത്രമാണ് ഉണ്ടായത്. കൊട്ടിഘോഷിച്ച നീന്തല്‍പഠനത്തിന്‍െറ സംസ്ഥാനതല ഉദ്ഘാടനത്തിലൊതുങ്ങി എല്ലാം. സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് തുടര്‍നടപടികളൊന്നും കാണാതായപ്പോള്‍ 2010 ജൂണ്‍ ഏഴിന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ നായര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വീണ്ടും ഇടപെട്ടു. സ്കൂള്‍ വിദ്യാര്‍ഥികളെ ചെറുപ്രായത്തില്‍ തന്നെ നീന്തല്‍ പഠിപ്പിക്കണമെന്നും വിദ്യാര്‍ഥികള്‍ക്കായി ജില്ലാ കേന്ദ്രങ്ങളില്‍ നീന്തല്‍കുളങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശിച്ചു -ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ നിയന്ത്രണത്തില്‍ ഇതിനുവേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് പ്രത്യേക സമയക്രമം വേണം.
പൊതുജനങ്ങള്‍ക്ക് പ്രവേശമുള്ള നീന്തല്‍കുളങ്ങള്‍ ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ കുറവാണെന്ന് കോടതി നിരീക്ഷിച്ചു. വിനോദ യാത്രക്കിടെ ബോട്ട് മറിഞ്ഞ് കുട്ടികളടക്കം 18 പേര്‍ മുങ്ങിമരിച്ച തട്ടേക്കാട് ബോട്ടുദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍, നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് പിറവം സ്വദേശി അഡ്വ.ജിബു പി. തോമസ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈകോടതി സര്‍ക്കാറിന്‍െറ ഏറെ ശ്രദ്ധ പതിയേണ്ട വിഷയം എന്ന നിലക്ക് ഇതൊക്കെ പരാമര്‍ശിച്ചത്.
2009ല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാനത്തെ മൊത്തം കുട്ടികളെ നീന്തല്‍ പഠിപ്പിക്കാം എന്ന മോഹവുമായി രംഗത്തിറങ്ങിയിരുന്നു. ടി.പി. ദാസന്‍ പ്രസിഡന്‍റായി പുന$സംഘടിപ്പിക്കപ്പെട്ട സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ആദ്യയോഗം തന്നെ മുഴുവന്‍ കുട്ടികളെയും നീന്തല്‍ പഠിപ്പിക്കുന്നതിനുള്ള കര്‍മപദ്ധതി തയാറാക്കി. കുട്ടികള്‍ മുങ്ങിമരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സ്വരക്ഷക്ക് കുട്ടികളെ പ്രാപ്തരാക്കുക, നീന്തല്‍ അറിയാത്ത ഒരു കുട്ടിയും ഒരു ഗ്രാമത്തിലും ഉണ്ടാകാതിരിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെച്ചിരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുക. ഓരോ സ്ഥലത്തെയും തോടുകള്‍ ,പുഴകള്‍, കുളങ്ങള്‍ എന്നിവ വൃത്തിയാക്കാനും പഞ്ചായത്തുതല സ്പോര്‍ട്സ് കൗണ്‍സിലുകളെ ചുമതലപ്പെടുത്തി. പരിശീലകര്‍ ആവശ്യമുള്ളിടത്ത് ജില്ലാ -സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സഹായം ലഭ്യമാക്കും.2010 ഏപ്രില്‍ അവധിക്കാലം മുതല്‍ ഇതിനുള്ള പരിശീലനം ആരംഭിക്കും. ഇപ്രകാരം ഒരു വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ഥികളെയും നീന്തല്‍ പഠിപ്പിക്കുമെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ അവകാശവാദമുന്നയിച്ചു. നീന്തലറിയാത്ത വിദ്യാര്‍ഥികളെ എട്ടാം തരത്തിലേക്ക് സ്ഥാനക്കയറ്റം നല്‍കാതിരിക്കുക, സ്കൂള്‍ പാഠ്യപദ്ധതിയില്‍ നീന്തല്‍ നിര്‍ബന്ധമാക്കുക, നീന്തല്‍ പഠിപ്പിക്കുന്നതിന് മുന്നോട്ടുവെച്ച കര്‍മപദ്ധതിക്ക് നിയമപിന്‍ബലം നല്‍കുക എന്നീ നിര്‍ദേശങ്ങളും സര്‍ക്കാര്‍ മുമ്പാകെ സ്പോര്‍ട്സ് കൗണ്‍സില്‍ സമര്‍പ്പിച്ചു.
നീന്തല്‍ പഠനമടക്കമുള്ള ആരോഗ്യ കായിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി കായിക വിദ്യാഭ്യാസ രംഗത്ത് സുപ്രധാനമായ മാറ്റത്തിന് മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് നീക്കമുണ്ടായി. ഒന്നാം ക്ളാസു മുതല്‍ പ്ളസ്ടു വരെ സ്പോര്‍ട്സ് പാഠ്യവിഷയമാക്കുക, ജില്ലകള്‍ തോറും സ്പോര്‍ട്സ് സ്കൂളുകള്‍ സ്ഥാപിക്കുക തുടങ്ങി ഒട്ടേറെ സവിശേഷതകള്‍ സര്‍ക്കാര്‍ പദ്ധതിക്കുണ്ടായിരുന്നു. അഞ്ചാം ക്ളാസ് മുതലുള്ള കുട്ടികള്‍ നിര്‍ബന്ധമായും നീന്തല്‍ പഠിക്കണമെന്നത് പദ്ധതിയിലെ മറ്റൊരു പ്രധാന നിര്‍ദേശമായിരുന്നു. 60 ശതമാനം പ്രാക്ടിക്കലും 40 ശതമാനം തിയറിയും അടങ്ങുന്നതായിരുന്നു നീന്തല്‍ പാഠ്യപദ്ധതി. ഇതു സംബന്ധിച്ച് കരിക്കുലം കമ്മിറ്റിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് എവിടെയൊക്കെയാണോ വിദ്യാര്‍ഥികള്‍ കടത്തുകടന്ന് പഠനത്തിന് വരുന്നത് അവിടെയെല്ലാം നീന്തല്‍പഠനം പെട്ടെന്ന് തുടങ്ങുമെന്നും മന്ത്രിതല ചര്‍ച്ചയില്‍ പ്രത്യേക തീരുമാനവും കൈക്കൊണ്ടു. പക്ഷേ, എല്‍.ഡി.എഫ് സര്‍ക്കാര്‍ പോയി യു.ഡി.എഫ് സര്‍ക്കാര്‍ വന്നിട്ടും വഞ്ചി തിരുനക്കരെ തന്നെ. കടത്തുകടന്ന് കുട്ടികള്‍ വിദ്യാഭ്യാസത്തിനത്തെുന്ന സ്ഥലങ്ങളില്‍പോലും നീന്തല്‍ പരിശീലനം ആരംഭിച്ചിട്ടില്ല.
ഇപ്പോഴത്തെ വിദ്യാഭ്യാസ വകുപ്പിന് കുട്ടികളെ നീന്തല്‍ പഠിപ്പിക്കണമെന്നതില്‍ വലിയ താല്‍പര്യമൊന്നുമില്ല. 13ാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ മുല്ലക്കര രത്നാകരന്‍െറ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് നല്‍കിയ മറുപടി ഇതിനു തെളിവാണ്. സംസ്ഥാനത്ത് വിവിധ അപകടങ്ങളില്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; നീന്തല്‍ വശമില്ലാത്തതു കൊണ്ടല്ളേ ഇങ്ങനെ സംഭവിക്കുന്നത്; അതിനാല്‍ സമ്പൂര്‍ണമായും നീന്തല്‍ പരിശീലിപ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ എന്നതായിരുന്നു ചോദ്യം. മന്ത്രിയുടെ മറുപടി ഇപ്രകാരമായിരുന്നു. സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്നത് പ്രായോഗികമല്ല. നീന്തല്‍ പരിശീലനത്തിന്‍െറ ആവശ്യകതയെകുറിച്ച് ബോധവത്കരണം നടത്തുന്ന കാര്യം ആലോചിക്കാവുന്നതാണ്. മന്ത്രിയോ വിദ്യാഭ്യാസ വകുപ്പോ ബോധവത്കരണം നടത്തുന്ന കാര്യം ആലോചിച്ചു തീര്‍ന്നോ എന്നറിയില്ല. മുങ്ങി മരിച്ചാല്‍ ദുരിതാശ്വാസ സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതോടെ എല്ലാം തീര്‍ന്നെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
നീന്തല്‍ പഠനത്തിന് പ്രോത്സാഹനമെന്നോണമാണ് പ്ളസ്വണ്‍ പ്രവേശത്തിന് നീന്തല്‍ അറിയാവുന്നവര്‍ക്ക് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബി രണ്ട് മാര്‍ക്ക് ഗ്രേസ്മാര്‍ക്ക് പ്രഖ്യാപിച്ചത്.നീന്തല്‍ പഠനത്തിന് കുട്ടികള്‍ക്കിടയില്‍ താല്‍പര്യം വളര്‍ത്തുക എന്ന ലക്ഷ്യമാണ് ഇതിനുണ്ടായിരുന്നത്. എന്നാല്‍, നീന്തലറിയാത്തവനും ‘നീന്തല്‍ക്കാരനായി’ ചുളുവില്‍ ഗ്രേസ് മാര്‍ക്ക് നേടാന്‍ കഴിഞ്ഞു എന്നതല്ലാതെ മറ്റൊരു മികവും ഇതിനില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്പോര്‍ട്സ് കൗണ്‍സില്‍ മുഖേന നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാലാണ് പ്ളസ്വണ്‍ പ്രവേശത്തിന് ഗ്രേസ് മാര്‍ക്ക് ലഭിക്കുക. പ്രവേശ അപേക്ഷകളില്‍ ഇതിന് പ്രത്യേക കോളവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.നിലവില്‍ നീന്തലറിയാത്തവനും ഗ്രേസ് മാര്‍ക്ക് ലഭിക്കാന്‍ ഒരു പ്രയാസവുമില്ല. നീന്തലറിയുമോ എന്ന് പ്രത്യേകം പരിശോധന നടത്തിയാണ് മാര്‍ക്ക് നല്‍കേണ്ടത്. ചുരുക്കം ചില പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നതൊഴിച്ചാല്‍ രാഷ്ട്രീയക്കാരോ വാര്‍ഡ് മെംബറോ മുഖാന്തരം ആര്‍ക്കും സര്‍ട്ടിഫിക്കറ്റ് നേടാം. നീന്തലറിയുമോ എന്ന് പരിശോധിക്കാന്‍ നമ്മുടെ ഗ്രാമപഞ്ചായത്തുകളില്‍ സൗകര്യമില്ലാ എന്നിരിക്കെ എല്ലാവരുടെയും നീന്തല്‍ നിലവാരം പരിശോധിച്ച് മാര്‍ക്ക് നല്‍കാന്‍ കഴിയുമോ എന്നത് മറുചോദ്യം. പൈക്കയുടെ ഗ്രാന്‍റും മറ്റും ലഭിക്കാന്‍ മാത്രം പല പഞ്ചായത്തുകളിലും നാമ മാത്രമായാണ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. സ്പോര്‍ട്സ് കൗണ്‍സില്‍ പഞ്ചായത്തുകളില്‍ സജീവമായിട്ടു വേണ്ടേ നീന്തല്‍ പരിശോധനക്ക് നേതൃത്വം വഹിക്കാന്‍.
കായിക വിദ്യാഭ്യാസവും നീന്തല്‍ പഠനവും പാഠ്യപദ്ധതിയില്‍ നിര്‍ബന്ധമാക്കിയാല്‍ മാത്രമേ നമ്മുടെ സംസ്ഥാനത്ത് ഗ്രാമങ്ങളിലും വിദ്യാലയങ്ങളിലും നീന്തല്‍ പഠനത്തിനോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകൂ. കായികരംഗത്ത് മുന്നിട്ടുനില്‍ക്കുന്ന ചൈനപോലുള്ള രാജ്യങ്ങളില്‍ പ്രൈമറി ക്ളാസ് തൊട്ടുതന്നെ നീന്തല്‍ പരിശീലനത്തിന് സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് മുന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ സ്കൂളിനോടനുബന്ധിച്ചും നീന്തല്‍കുളമുണ്ട്.
ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യ സ്പോര്‍ട്സ് കമീഷന്‍െറ ശിപാര്‍ശകളില്‍ പ്രധാനപ്പെട്ടതായിരുന്നു കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്നത്. ഇക്കാര്യത്തില്‍ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് ശ്രമങ്ങള്‍ നടന്നെങ്കിലും യാഥാര്‍ഥ്യമായില്ല. ഇപ്പോഴത്തെ കായിക മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ 31.10.2012ന് നിയമസഭയില്‍ നല്‍കിയ മറുപടിയിലും വ്യക്തമാകുന്നത് കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ കീഴിലാക്കുന്നതിനുള്ള നടപടികള്‍ പഴയപടി തന്നെയാണെന്നാണ്. കരിക്കുലം കമ്മിറ്റി അംഗീകരിച്ച നീന്തല്‍പഠനം നിര്‍ബന്ധമാക്കുന്നതടക്കമുള്ള കായിക വിദ്യാഭ്യാസത്തിന്‍െറ സിലബസ് ഇനിയും ആരുടെയൊക്കെയോ ഒൗദാര്യവും കാത്തുകിടപ്പാണ്. സ്കൂളുകളില്‍ കായിക പരിശീലനത്തിന് പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസം കായികമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത് പുതിയ പദ്ധതികളൊന്നും ഇപ്പോള്‍ പരിഗണനയിലില്ല എന്നാണ്.

(തുടരും)


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com